ADVERTISEMENT

ഇംഗ്ലണ്ടിനെതിരെ ഓവലിൽ നടന്ന നാലാം ടെസ്റ്റിലെ 157 റൺസിന്റെ ഉജ്വല വിജയത്തോടെ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര നേട്ടത്തിന്റെ പടിവാതിൽക്കലാണ് ഇന്ത്യ. ഇനി മാഞ്ചസ്റ്ററിൽ 10നു തുടങ്ങുന്ന അവസാന ടെസ്റ്റിൽ തോൽവി വഴങ്ങാതിരുന്നാൽ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര നേടാം. ഓസ്ട്രേലിയയിലെ പരമ്പര നേട്ടത്തിനു പുറമേ ഇംഗ്ലണ്ടിലും പരമ്പര വിജയമെന്ന സ്വപ്നതുല്യമായ നേട്ടമാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്.

കൂട്ടായ്മയുടെ കരുത്തിലാണ് ഇന്ത്യ ഓവലിൽ നടന്ന നാലാം ടെസ്റ്റ് പൊരുതി ജയിച്ചത്. ആദ്യ ഇന്നിങ്സിൽ 99 റൺസ് ലീഡ് വഴങ്ങിയിട്ടും രണ്ടാം ഇന്നിങ്സിൽ 466 റൺസ് നേടി ശക്തമായി ഇന്ത്യ മത്സരത്തിലേക്കു തിരിച്ചു വന്നു. വാലറ്റത്ത് 57 റൺസുമായി ആദ്യ ഇന്നിങ്സിലും 60 റൺസുമായി രണ്ടാം ഇന്നിങ്സിലും കരുത്തുകാട്ടിയ ശാർദൂൽ ഠാക്കൂർ ഇന്ത്യൻ പോരാട്ടത്തിന്റെ പ്രതീകമായി. രോഹിത് ശർമ ഉജ്വല സെഞ്ചുറിയോടെയും തീപാറും ബോളിങ്ങുമായി ജസ്പ്രീത് ബുമ്രയും ഉമേഷ് യാദവും ഉൾപ്പെടെയുള്ള ബോളർമാരും ഇന്ത്യൻ വിജയത്തിനു ചുക്കാൻ പിടിച്ചു.

ഇംഗ്ലണ്ടിനെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്നിങ്സ് തോൽവിയോടെ ഇന്ത്യൻ ബാറ്റിങ് നിരയുടെ നേർക്ക് രൂക്ഷ വിമർശനം ഉയർന്നിരുന്നു. ആദ്യ ഇന്നിങ്സിൽ 78 റൺസിന് പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ അവസാന എട്ടു വിക്കറ്റുകൾ 20 ഓവറിനുള്ളിൽ കളഞ്ഞ് പൊരുതാൻ പോലും തയാറാവാതെ കീഴടങ്ങുകയായിരുന്നു. ഇന്നിങ്സിനും 76 റൺസിനുമായിരുന്നു പരാജയം. ക്രീസിൽ ഉറച്ചുനിന്നു കളിച്ച് വലിയ സ്കോർ നേടാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് ആർക്കും കഴിഞ്ഞിരുന്നില്ല.

Virat-Kohli-Fifty-vs-england

ഇന്ത്യ നേരിടുന്ന ഈ വലിയ വെല്ലുവിളിക്ക് രോഹിത് ശർമയുടെ നാലാം ടെസ്റ്റിലെ സെഞ്ചുറി ആശ്വാസമായി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് തുടർച്ചയായി സെഞ്ചുറികൾ നേടി സ്ഥിരതയുടെ ആൾരൂപമാകുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് വലിയ സ്കോർ കണ്ടെത്താനാകാത്തത് ഇന്ത്യയെ വലയ്ക്കുന്നുണ്ട്.

ടെസ്റ്റിൽ 27 സെഞ്ചുറികൾ നേടിയിട്ടുണ്ട് വിരാട് കോലി. പക്ഷ, അവസാന സെഞ്ചുറി നേടിയത് 2019 നവംബറിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റിലാണ്. കൊൽക്കത്തയിൽ നടന്ന ടെസ്റ്റിൽ 136 റൺസ് നേടിയിട്ട് ഇപ്പോൾ രണ്ടു വർഷത്തോളമാകുന്നു. ഇന്ത്യയുടെ ഉജ്വല വിജയങ്ങളിൽ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും ചുക്കാൻ പിടിച്ചിരുന്ന വിരാട് കോലി മോശം ഫോം മറികടക്കുന്നതാണ് ഇന്ത്യ കാത്തിരിക്കുന്നത്. അർധസെഞ്ചുറി നേടി കോലി തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പ്രകടമാക്കുന്നുണ്ട്.

ചേതേശ്വർ പൂജാരയും വിരാട് കോലിയും (ട്വിറ്റർ ചിത്രം)
ചേതേശ്വർ പൂജാരയും വിരാട് കോലിയും (ട്വിറ്റർ ചിത്രം)

ഓസ്ട്രേലിയൻ പര്യടനത്തിലും തുടർന്ന് ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലും ബാറ്റിങ് മികവിനേക്കാളേറെ മികച്ചു നിന്ന ബോളിങ് മികവും കൂടിയാണ് ഇന്ത്യൻ ജയത്തിന് വഴിയൊരുക്കിയത്. ബാറ്റ്സ്മാന്മാർ ആരെങ്കിലും അവസരത്തിന് ഒത്തുയരുകയും ചെയ്തിരുന്നു. എന്നാൽ, ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ 36 റൺസിന്റെ ഓൾഔട്ട് നാണക്കേടിനു സമാനമായിരുന്നു ലീർഡ്സ് ടെസ്റ്റിലെ 78 റൺസിന്റെ പുറത്താകൽ.

കഴിഞ്ഞ 10 വർഷത്തിലേറെയായി ഇന്ത്യൻ മധ്യനിരയുടെ കടിഞ്ഞാൺ പേറുന്നത് ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയുമാണ്. വി.വി.എസ്.ലക്ഷ്മണും രാഹുൽ ദ്രാവിഡും വിരമിച്ച നഷ്ടം നികത്തിവന്നത് ഇവരുടെ കൂട്ടുകെട്ടാണ്. 2010 ഒക്ടോബറിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ശേഷം ഇന്ത്യൻ മധ്യനിരയിൽ വിശ്വസ്തനായിരുന്നു ചേതേശ്വർ പൂജാര. 2018ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിൽ ആദ്യമായി ടെസ്റ്റ് പരമ്പര നേടിയപ്പോൾ ഏറ്റവും കൂടുതൽ റൺസെടുത്ത് (4 കളികളിൽ നിന്ന് 521 റൺസ്) വിജയത്തിനു ചുക്കാൻ പിടിച്ചത് ചേതേശ്വർ പൂജാരയായിരുന്നു. മാൻ ഓഫ് ദ സീരിസും മറ്റാരുമായിരുന്നില്ല.

rahane-pujara

കളിച്ച 90 ടെസ്റ്റുകളിൽ നിന്ന് 18 സെഞ്ചുറികൾ നേടിയ പൂജാര ലീഡ്സ് ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ പഴയ ഫോമിന്റെ മിന്നാലാട്ടങ്ങളുമായി പ്രതീക്ഷ ഉയർത്തിയെങ്കിലും നാലാം ദിവസം കളി തുടങ്ങിയപ്പോൾത്തന്നെ തലേന്നത്തെ സ്കോറായ 91 റൺസിൽ പുറത്തായി. ഓവൽ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 4 റൺസിനു പുറത്തായ പൂജാര രണ്ടാം ഇന്നിങ്സിൽ 61 റൺസ് നേടി രോഹിത് ശർമയ്ക്ക് മികച്ച പിന്തുണ നൽകി. ഈ കൂട്ടുകെട്ടാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്. 2019 ജനുവരിയിലാണ് പൂജാര അവസാനമായി സെഞ്ചുറി നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നി ടെസ്റ്റിൽ നേടിയ 193 റൺസ്. രണ്ടര വർഷമായി മൂന്നക്കം തികയ്ക്കാനാകാതെ വലയുന്ന പൂജാരയുടെ സെഞ്ചുറിക്കായി ഇന്ത്യ കാത്തിരിക്കുന്നു.

2020ലെ ഓസ്ട്രേലിയൻ പര്യടനത്തിൽ വിരാട് കോലിയുടെ അഭാവത്തിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത് ടീം ഇന്ത്യയെ വിസ്മയ വിജയത്തിലേക്കു നയിച്ച അജിങ്ക്യ രഹാനെയും ഫോം കണ്ടെത്താൻ പാടുപെടുകയാണ്. 2011 ഓഗസ്റ്റ് 31ന് ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2020 ഡിസംബറിൽ ഓസ്ട്രേലിയൻ പര്യടനത്തിൽ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ നേടിയ 112 റൺസാണ് രഹാനെയുടെ ടെസ്റ്റ് സെഞ്ചുറിയിൽ അവസാനത്തേത്. ഇതടക്കം 12 സെഞ്ചുറികൾ രഹാനെ നേടിയിട്ടുണ്ട്. ഇതുവരെ 5 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച രഹാനെ 4 ടെസ്റ്റുകളിൽ ജയിച്ചു. ഒരെണ്ണം സമനിലയായി.

അജിൻക്യ രഹാനെ (ട്വിറ്റർ ചിത്രം)
അജിൻക്യ രഹാനെ (ട്വിറ്റർ ചിത്രം)

പരാജയമറിയാത്ത ക്യാപ്റ്റനാണെങ്കിലും ബാറ്റിങ് ഫോം വീണ്ടെടുക്കാത്തതാണ് ടീം ഇന്ത്യയ്ക്ക് വിനയാകുന്നത്. ഓവൽ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 14, രണ്ടാം ഇന്നിങ്സിൽ 0 എന്നിങ്ങനെയാണ് രഹാനെയുടെ സ്കോർ. ഇംഗ്ലണ്ട് പരമ്പരയിലെ നാല് ടെസ്റ്റിൽ 7 ഇന്നിങ്സിൽ നിന്നായി ഇതുവരെ 109 റൺസാണു നേടിയത്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ നേടിയ 61 റൺസ് തകർച്ചയിൽ നിന്ന് ഇന്ത്യയെ രക്ഷിക്കുകയും മത്സരം തിരിച്ചുപിടിക്കാൻ ഇന്ത്യയെ സഹായിക്കുകയും ചെയ്തിരുന്നു. ബാക്കി ഇന്നിങ്സുകളിൽ രഹാനെ തീർത്തും നിറം മങ്ങി. യുവതാരങ്ങൾ അവസരത്തിനായി കാത്തിരിക്കുമ്പോൾ രഹാനെയുടെ ബാറ്റിങ് പ്രകടനം മെച്ചപ്പെട്ടില്ലെങ്കിൽ ടീമിൽ പിടിച്ചുനിൽക്കാൻ പാടുപെടും. രഹാനെ ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുത്ത് മികവു തെളിയിക്കണമെന്ന് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ ആവശ്യപ്പെട്ടു കഴിഞ്ഞു.

പോരാട്ടവീര്യത്തോടെ അടുത്ത ടെസ്റ്റും ജയിച്ച് 3–1ന് പരമ്പര സ്വന്തമാക്കുന്ന ഇന്ത്യൻ ടീമിനെയാകും ആരാധകർ കാത്തിരിക്കുന്നത്. ഒപ്പം ഏറെക്കാലം ഇന്ത്യൻ വിജയങ്ങൾക്കു ചുക്കാൻ പിടിച്ച കോലി, രഹാനെ, പൂജാര കൂട്ടുകെട്ടിന്റെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിനും.

English Summary: India Vs England 4th Test, Progress Report of Kohli, Pujara, Rahane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com