5 വർഷം മുൻപ് കളിച്ചവരും ലോകകപ്പ് ടീമിൽ; ടീം പ്രഖ്യാപിച്ച് 22–ാം മിനിറ്റിൽ റാഷിദിന്റെ രാജി!

rashid-khan
റാഷിദ് ഖാൻ. ട്വിറ്റർ ചിത്രം
SHARE

ദുബായ് ∙ ട്വന്റി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ സ്പിന്നർ റാഷിദ് ഖാൻ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു. തന്നോട് അഭിപ്രായം ചോദിക്കാതെ അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ഏകപക്ഷീയമായി ടീമിനെ പ്രഖ്യാപിച്ചുവെന്ന് ആരോപിച്ചാണ് ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്. ഓൾറൗണ്ടർ മുഹമ്മദ് നബിയാകും ടീമിന്റെ പുതിയ നായകനെന്നാണ് റിപ്പോർട്ട്. റാഷിദ് ഖാനെ നായകനാക്കി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് അര മണിക്കൂർ പോലും തികയും മുൻപേയാണ് രാജിപ്രഖ്യാപനം.

അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് റാഷിദ് ഖാന്റെ നേതൃത്വത്തിലുള്ള 16 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. ഒരു ടീമിൽ 15 അംഗങ്ങളും മൂന്ന് റിസർവ് താരങ്ങളും എന്ന ഐസിസി ചട്ടം നിലനിൽക്കെയാണ് 16 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ടീം പ്രഖ്യാപിച്ച് 22 മിനിറ്റിനുള്ളിൽ ഉടനടി ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ച് റാഷിദ് ഖാനും ട്വീറ്റ് ചെയ്തു.

‘ക്യാപ്റ്റനെന്ന നിലയിൽ എനിക്കു രാജ്യത്തോട് ഉത്തരവാദിത്തമുണ്ട്. ടീം സിലക്ഷനിൽ ഭാഗമാകാൻ അവകാശവുമുണ്ട്. അഫ്ഗാൻ ക്രിക്കറ്റിന്റെ മീഡിയ വിഭാഗം ഇന്നു പ്രഖ്യാപിച്ച ടീമുമായി ബന്ധപ്പെട്ട് എന്റെ അഭിപ്രായം ആരായുകയോ സമ്മതം ചോദിക്കുകയോ ചെയ്തിട്ടില്ല. ഈ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാനാണ് എന്റെ തീരുമാനം. എങ്കിലും അഫ്ഗാൻ ടീമിനായി കളിക്കാനുള്ള അവസരം അഭിമാനമായിത്തന്നെ കാണുന്നു– റാഷിദ് ട്വിറ്ററിൽ കുറിച്ചു.

അഫ്ഗാനിസ്ഥാന്റെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ, അടുത്തിടെ ടീമിലില്ലാത്ത പലരും അപ്രതീക്ഷിതമായി ഇടംപിടിച്ചിരുന്നു. ഒരു വർഷത്തോളമായി വിലക്കിലായിരുന്ന മുഹമ്മദ് ഷഹ്സാദും ഇക്കൂട്ടത്തിലുണ്ട്. കുറച്ചുകാലമായി ടീമിലില്ലാത്ത പേസ് ദ്വയം ഷപൂർ സദ്രാൻ – ദൗലത്ത് സദ്രാൻ എന്നിവരെയും ഉൾപ്പെടുത്തി. ഷപൂർ കഴിഞ്ഞ വർഷം മാർച്ചിലാണ് ഏറ്റവും ഒടുവിൽ അഫ്ഗാനായി ട്വന്റി20 മത്സരം കളിച്ചത്. ദൗലത്ത് സദ്രാനാകട്ടെ രണ്ടു വർഷത്തോളമായി ടീമിലില്ല. അഞ്ച് വർഷമായി അഫ്ഗാൻ ടീമിലില്ലാത്ത ഹമീദ് ഹസനെയും ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഫ്ഗാൻ ക്രിക്കറ്റിൽ ഇത്തരം രാജികൾ പുതിയ കഥയല്ല. ക്രിക്കറ്റ് ഇതര വിഭാഗങ്ങളിൽനിന്നുള്ള അനാവശ്യ ഇടപെടലും സമ്മർദ്ദവും ചൂണ്ടിക്കാട്ടി അഫ്ഗാൻ സീനിയർ ടീമിന്റെ ചീഫ് സിലക്ടർ അസദുല്ല ഖാൻ ഇക്കഴിഞ്ഞ ജൂലൈയിൽ രാജിവച്ചിരുന്നു. ടീമിനെക്കുറിച്ചോ ടീം തിരഞ്ഞെടുപ്പിനേക്കുറിച്ചോ പ്രാഥമിക വിവരം പോലുമില്ലാത്തവരാണ് ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

English Summary: Rashid Khan resigns as Afghanistan captain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS