sections
MORE

ലോകകപ്പിനുശേഷം തുടരാനില്ലെന്ന് ശാസ്ത്രി; അടുത്ത കോച്ച് ദ്രാവിഡ്? ധോണി?

dravid-shastri-dhoni
ദ്രാവിഡും ശാസ്ത്രിയും, ധോണി ശാസ്ത്രിക്കൊപ്പം
SHARE

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി ട്വന്റി20 ലോകകപ്പോടെ സ്ഥാനമൊഴിയും. ഒക്ടോബർ–നവംബർ മാസങ്ങളിലായി യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പോടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) ശാസ്ത്രിയുമായുള്ള കരാർ അവസാനിക്കുകയാണ്. ഇനിയൊരിക്കൽക്കൂടി കരാർ പുതുക്കാൻ ആവശ്യപ്പെടില്ലെന്ന് ശാസ്ത്രി വ്യക്തമാക്കിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ, പുതിയ പരിശീലകനായി അപേക്ഷ ക്ഷണിക്കാനുള്ള തയാറെടുപ്പുകൾക്ക് ബിസിസിഐ തുടക്കമിട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ചാംപ്യൻസ് ട്രോഫി ഫൈനലിൽ ബദ്ധവൈരികളായ പാക്കിസ്ഥാനോടു തോറ്റതിനു പിന്നാലെയാണ് 2017ൽ രവി ശാസ്ത്രിയെ ഇന്ത്യൻ സീനിയർ ടീമിന്റെ മുഴുവൻ സമയ പരിശീലകനായി ബിസിസിഐ നിയമിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുമായി വളരെ അടുപ്പം കാത്തുസൂക്ഷിച്ച ശാസ്ത്രിക്കു കീഴിൽ വ്യത്യസ്ത ഫോർമാറ്റുകളിൽ ടീം ഇന്ത്യ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. അതേസമയം, ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് തുടങ്ങിയ ഐസിസി ടൂർണമെന്റുകളിൽ കിരീടമകന്നത് തിരിച്ചടിയായി.

2017ൽ രണ്ടു വർഷത്തെ കരാറിലാണ് ശാസ്ത്രി ഇന്ത്യൻ പരിശീലകനായി നിയമിതനായത്. പിന്നീട് ഏകദിന ലോകകപ്പിനു പിന്നാലെ ശാസ്ത്രിക്ക് രണ്ടു വർഷം കൂടി കരാർ പുതുക്കി നൽകുകയായിരുന്നു. ഇതനുസരിച്ചാണ് ട്വന്റി20 ലോകകപ്പോടെ ശാസ്ത്രിയുടെ കാലാവധി പൂർത്തിയാകുന്നത്.

കരാർ കലാവാധി അവസാനിക്കുന്നതോടെ സ്ഥാനമൊഴിയുന്ന കാര്യം ശാസ്ത്രി ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. ശാസ്ത്രി സ്ഥാനമൊഴിയുന്നതോടെ അദ്ദേഹത്തിനു കീഴിൽ ഇന്ത്യയുടെ ബോളിങ് പരിശീലകനായിരുന്ന ഭരത് അരുണിനും ഫീൽഡിങ് പരിശീലകൻ ആർ. ശ്രീധറിനും സ്ഥാനമൊഴിയേണ്ടി വരും. അതേസമയം, ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ തൽസ്ഥാനത്തു തുടരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ശാസ്ത്രി സ്ഥാനമൊഴിയുമെന്ന് വ്യക്തമായതോടെ അദ്ദേഹത്തിന്റെ പിൻഗാമി ആരാകുമെന്നതിനെച്ചൊല്ലി അഭ്യൂഹങ്ങൾ ശക്തി പ്രാപിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യൻ ജൂനിയർ ടീമുകളുടെ മുൻ പരിശീലകനും നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡിന്റെ പേരിനാണ് മുൻഗണന. രവി ശാസ്ത്രി ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലായിരുന്ന സമയത്ത് ശ്രീലങ്കയിൽ പര്യടനം നടത്തിയ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഏകദിന, ട്വന്റി20 ടീമിന്റെ പരിശീലക ജോലി ബിസിസിഐ ദ്രാവിഡിനെയാണ് ഏൽപ്പിച്ചത്.

ട്വന്റി20 ലോകകപ്പിൽ രവി ശാസ്ത്രിക്കൊപ്പം ടീമിന്റെ മെന്ററായി ബിസിസിഐ നിയോഗിച്ച മഹേന്ദ്രസിങ് ധോണിയുടെ പേരും ചർച്ചകളിൽ ഉയരുന്നുണ്ട്. ധോണിയെ പരിശീലക വേഷത്തിലേക്കു കൊണ്ടുവരാനാണ് ശാസ്ത്രിയുള്ളപ്പോൾത്തന്നെ അദ്ദേഹത്തെ മെന്ററാക്കിയതെന്നാണ് വാദം. അതേസമയം, രാജ്യാന്തര ക്രിക്കറ്റ് വിട്ടെങ്കിലും ഇപ്പോഴും ഐപിഎലിൽ കളിക്കാരനും ക്യാപ്റ്റനുമെന്ന നിലയിൽ സജീവമായ ധോണി ഉടൻ പരിശീലക വേഷത്തിലേക്ക് മാറാനുള്ള സാധ്യത മറുവിഭാഗം തള്ളുന്നു.

English Summary: Ravi Shastri to step down as head coach after T20 WC; BCCI will invite applications for the role

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA