sections
MORE

ലോകകപ്പിനായി ലങ്ക കാത്തുവച്ച ‘നിഗൂഢ ആയുധം’; മെൻഡിസിന്റെ വഴിയേ തീക്‌ഷന!

maheesh-theekshana
മഹീഷ് തീക്‌ഷണന (ട്വിറ്റർ ചിത്രം)
SHARE

പന്തു തിരുകിയ കയ്യിൽ രഹസ്യങ്ങളൊളിപ്പിച്ച് ബാറ്റ്സ്മാനെ ക്രീസിലെ ചക്രവ്യൂഹത്തിൽ കൊല്ലാതെ കൊന്നു രസിക്കുന്ന മിസ്റ്ററി സ്പിന്നർമാർക്ക് ക്രിക്കറ്റിൽ വലിയ ഡിമാൻഡാണ്. ബൗണ്ടറികൾ പെയ്യുന്ന മൈതാനത്തെ ഷോ സ്റ്റോപ്പർമാരാണ് ഇവർ. ഏതു ക്യാപ്റ്റന്റെയും വജ്രായുധം. വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ അത്തരമൊരു സർപ്രൈസ് പാക്കേജുമായാണ് ശ്രീലങ്കൻ ക്രിക്കറ്റ് ടീം അങ്കത്തിനൊരുങ്ങുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ ഒരൊറ്റ ഏകദിനത്തിന്റെയും 3 ട്വന്റി 20യുടെയും മാത്രം മൂപ്പുള്ള മഹീഷ് തീക്‌ഷനയാണ് ആ തുറുപ്പു ചീട്ട്.

ശ്രീലങ്കയുടെ 15 അംഗ ടീമിലെ അപ്രതീക്ഷിത പേരുകളിലൊന്നും ഈ നിഗൂഢ ഓഫ് സ്പിന്നറുടേതായിരുന്നു. ഇന്ത്യൻ ടീമിലുമുണ്ടൊരു മിസ്റ്ററി സ്പിന്നർ, വരുൺ ചക്രവർത്തി. പരിചയ സമ്പന്നനായ യുസ്‌വേന്ദ്ര ചെഹലിനെ മറികടന്ന് വരുൺ ടീമിലെത്തിയത് നിഗൂഢതയ്ക്കു കിട്ടിയ പതക്കമാണ്.

∙ കണ്ണീരിന്റെ മിസ്റ്ററി

മുൻപ് ഇതുപോലൊരു മിസ്റ്ററി സ്പിന്നറുടെ ലോകക്രിക്കറ്റിലെ ഉദയം ഇന്ത്യൻ ആരാധകരുടെ കണ്ണുകൾക്ക് സമ്മാനിച്ചത് വേദനയുടെ ജലധാരയാണ്. ഓർമയില്ലേ, 2008ലെ ഏഷ്യകപ്പ് ഫൈനൽ? മറക്കാൻ പറ്റുമോ അജാന്ത മെൻഡിസിനെ? ഭാണ്ഡം നിറയെ ജാലവിദ്യകളുമായി അമർചിത്രകഥകളിൽനിന്ന് ഇറങ്ങിവന്ന മന്ത്രവാദിയെപ്പോലെ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ ക്രീസിൽനിർത്തി. ‘ആടിക്കളിക്കെടാ കുഞ്ഞിരാമാ...’ പറയിക്കുകയായിരുന്നു മെൻഡിസ് ആ ഫൈനലിൽ. വ്യത്യസ്തമായ ബോളിങ് ആക്‌ഷനും ബോൾ എങ്ങോട്ട് തിരിയുമെന്ന് ഒരു പിടിയും നൽകാത്ത നിഗൂഢതയുമൊരുക്കി രാജ്യന്തര ക്രിക്കറ്റിലേക്ക് പൊട്ടിവീണ അവതാരമായിരുന്നു മെൻഡിസ്... ബാറ്റ്സ്മാൻമാരുടെ ദുസ്വപ്നം!

ഏഷ്യകപ്പിൽ ലീഗ് മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ കളിപ്പിക്കാതെ മെൻഡിസിനെ ശ്രീലങ്ക ഫൈനലിലേക്ക് കരുതിവച്ചതായിരുന്നു. അതിനു കാര്യമുണ്ടായി. ഫൈനലിൽ 273 റൺസ് പിന്തുടർന്ന ഇന്ത്യ 13 റൺസിന് 6 വിക്കറ്റ് വീഴ്ത്തിയ മെൻഡിസിനു മുന്നിൽ സാഷ്ടാംഗം വീണു. റെയ്നയും യുവ്‌രാജും രോഹിത് ശർമയും വിക്കറ്റ് പോയ വഴിയറിയാതെ ദയനീയമായി നോക്കി നിന്നത് ഇന്ത്യൻ ആരാധകർ മറക്കാൻ ആഗ്രഹിക്കുന്ന കാഴ്ച. പിന്നീട് അങ്ങോട്ട് മെൻഡിസ് കാലമായിരുന്നു. തുടർന്നു വന്ന ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്കയിൽ ഇന്ത്യ 2–1ന് മുട്ടുമടക്കിയപ്പോൾ 3 ടെസ്റ്റിൽനിന്ന് 26 വിക്കറ്റാണ് മെൻഡിസ് നേടിയത്. 19 ഏകദിനത്തിൽനിന്ന് 50 തികച്ച മെൻഡിസിന്റെ പേരിലാണ് ഇന്നും ആ റെക്കോർഡ്. ട്വന്റി20യിൽ 2 വട്ടം 6 വിക്കറ്റ് നേട്ടം നേടിയവരും വേറെയില്ല.

എന്നാൽ കാലക്രമേണ നിഗൂഢതയുടെ ഇരുട്ട് മങ്ങാൻ തുടങ്ങിയതോടെ മെൻഡിസിന്റെ മൂർച്ച കുറഞ്ഞു. തുടർച്ചയായി പരുക്കുകളും പിന്നാലെയെത്തി ആ കരിയറിന് തിരശ്ശീല കെട്ടുകയായിരുന്നു. 2015ൽ ആണ് അവസാനം ശ്രീലങ്കയ്ക്കായി കളിച്ചത്. 2 വർഷം മുൻപ് വിരമിച്ചു.

∙ മഹീഷ് തീക്‌ഷന

മെൻഡിസ് ശ്രീലങ്കയ്ക്കു സമ്മാനിച്ച ഓമനിക്കുന്ന ഓർമകളുടെ ഇരുൾമൂടിയ അസ്ഥിവാരത്തിൽ ചെറുമെഴുതിരി വെട്ടവുമായി നടന്നടുക്കുകയാണ് മഹീഷ് തീക്‌ഷന. മെൻഡിസിനോളം വരില്ലെങ്കിലും ആദ്യ ഏകദിനത്തിൽ തന്നെ 4 വിക്കറ്റ് വീഴ്ത്തി സർപ്രൈസിന് കുറവില്ലെന്ന് തീക്‌ഷന ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാർക്ക് കാണിച്ചു കൊടുത്തു. ഓഫ് ബ്രേക്കുകളും മെൻഡിസിന്റെ ആയുധം കാരംബോളുമെല്ലാമായിരുന്നു വിഷംപുരട്ടി കാത്തുവച്ചത്. ട്വന്റി20 ടീമിൽ മാത്രമുണ്ടായിരുന്ന തീക്‌ഷനയെ നിർണായകമായ അവസാന ഏകദിനത്തിൽ ക്യാപ്റ്റൻ കളിപ്പിക്കുകയായിരുന്നു.

നിഗൂഢതയിൽ ആവേശം കയറിയ ആരാധകർ പുത്തൻ താരോദയത്തിന്റെ ‘ആയുധങ്ങൾ’ അഴിച്ചു പരിശോധിക്കുന്ന തിരക്കിലാണിപ്പോൾ. താരം ഓഫ് ബ്രേക്കും കാരംബോളുമെല്ലാം എറിയുമ്പോഴും പന്ത് റിലീസ് ചെയ്യുമ്പോഴുമുള്ള കൈക്കുഴയുടെ ചലനവും മറ്റും വിശദീകരിക്കുന്ന വിഡിയോകൾ സഹിതം ഇഴകീറിയുള്ള പരിശോധന. ഒടുവിൽ ശ്രീലങ്കൻ കോച്ച് മിക്കി ആർതറിനു തമാശയായെങ്കിലും പറയേണ്ടി വന്നു, ലോകകപ്പ് കഴിയുംവരെയെങ്കിലും കാത്തുകൂടെ?

ട്വന്റി20 ലോകകപ്പ് മഹീഷ തീക്‌ഷനയ്ക്കും അഗ്നിപരീക്ഷയാണ്, ഒന്നുകിൽ തീക്‌ഷനയുടെ തീച്ചൂട് ബാറ്റ്സ്മാൻമാർ അറിയും. അല്ലെങ്കിൽ താരത്തിലെ തീ ക്ഷണം അണഞ്ഞ് മുൻഗാമിയുടെ വിധി വഴിയിൽ വീഴും. കാത്തിരുന്നു കാണാം...

English Summary: Youngster Maheesh Theekshana named in Sri Lanka squad for ICC T20 World Cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA