ADVERTISEMENT

ദുബായ് ∙ സീസണിന്റെ ആദ്യഘട്ടത്തിൽ മുംബൈ ഇന്ത്യൻസിനോടു ഡൽഹിയിലേറ്റ തോൽവിക്കു ദുബായിൽ പകരംവീട്ടി ചെന്നൈ സൂപ്പർ കിങ്സ്. 14–ാം സീസണിന്റെ 2–ാം ഘട്ടത്തിലെ ആദ്യ മത്സരത്തി‍ൽ ‍ചെന്നൈ 20 റൺസിനു മുംബൈയെ തോൽപിച്ചു. സ്കോർ: ചെന്നൈ 20 ഓവറിൽ 6ന് 156, മുംബൈ 20 ഓവറിൽ 8ന് 136. ആദ്യ ഘട്ടത്തിൽ മുംബൈയുടെ ജയം 4 വിക്കറ്റിനായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനിടെ കാൽമുട്ടിനു പരുക്കേറ്റ രോഹിത് ശർമ ഇന്നലെ വിശ്രമിച്ചതിനാൽ കയ്റൻ പൊള്ളാർഡാണു മുംബൈയെ നയിച്ചത്.

മുംബൈ പേസർമാർക്കു മുന്നിൽ മുൻനിര തലകുനിച്ചപ്പോൾ ഒറ്റയാൾ പോരാട്ടത്തിലൂടെ ചെന്നൈയെ നയിച്ചത് 58 പന്തുകളിൽ 4 സിക്സറും 9 ഫോറും പറത്തി 88 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദാണ്. ഉജ്വല പ്രകടനത്തിലൂടെ ബോളർമാരും ചെന്നൈയ്ക്കു ജയമൊരുക്കി. ഋതുരാജാണു മാൻ ഓഫ് ദ് മാച്ച്.

157 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് 3–ാം ഓവറിൽ ദീപക് ചാഹറിന്റെ പന്തിൽ ക്വിന്റൻ ഡികോക്കിനെ (17) നഷ്ടമായി. അൻമോൽപ്രീത് (16), സൂര്യകുമാർ യാദവ് (3), ഇഷൻ കിഷൻ (11), കയ്റൻ പൊള്ളാർഡ് (15), ക്രുണാൽ പാണ്ഡ്യ (4) എന്നിവർ നിരാശപ്പെടുത്തി. സൗരഭ് തിവാരി (50) പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി ഡ്വെയ്ൻ ബ്രാവോ 3 വിക്കറ്റും ചാഹർ 2 വിക്കറ്റും ജോഷ് ഹെയ്‌സൽവുഡ്, ശാർദൂൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ വൻ തകർച്ചയാണു നേരിട്ടത്. ട്രെന്റ് ബോൾട്ടെറിഞ്ഞ ആദ്യ ഓവറിലെ 5–ാം പന്തിൽ ഫാഫ് ഡുപ്ലെസി (0) പുറത്ത്. ഇംഗ്ലണ്ടിലെ ‘ഹൺഡ്രഡ്’ ചാംപ്യൻഷിപ്പിൽ തിളങ്ങിയ ന്യൂസീലൻഡ് പേസർ ആദം മിൽനെ 2–ാം ഓവറിൽ ചെന്നൈയെ വീണ്ടും ഞെട്ടിച്ചു; മൊയീൻ അലി (0) പുറത്ത്. മിൽനെയുടെ അവസാന പന്ത് കൈമുട്ടിനുകൊണ്ട് പരുക്കേറ്റ് അമ്പാട്ടി റായുഡു (0) കയറിപ്പോയി.

തൊട്ടടുത്ത ഓവറിൽ സുരേഷ് റെയ്നയെ (4) രാഹുൽ ചാഹറിന്റെ കയ്യിലെത്തിച്ച് ബോൾട്ടിന്റെ പ്രഹരം. ബോൾട്ടിനെ ഉയർത്തിയടിക്കാൻ ശ്രമിക്കുന്നതിനിടെ റെയ്നയുടെ ബാറ്റിന്റെ ഒരു ഭാഗം പൊട്ടി അടർന്നുപോവുകയും ചെയ്തു. മിൽനെയുടെ പന്തിൽ ഫ്ലാറ്റ് സിക്സിനു ശ്രമിച്ച ക്യാപ്റ്റൻ എം.എസ്.ധോണിയെ (3) ഡീപ്പ് സ്ക്വയർ ലെഗിൽ ബോൾട്ട് പിടികൂടിയതോടെ 6 ഓവറിൽ 4ന് 24 എന്ന നിലയിലായി ചെന്നൈ.

6–ാം വിക്കറ്റിൽ 81 റൺസ് കൂട്ടിച്ചേർത്തു ഋതുരാജിന്റെയും ജഡേജയുടെയും (26) രക്ഷാപ്രവർത്തനം. 17–ാം ഓവറിൽ ജഡേജ പോയശേഷമെത്തിയ ഡ്വെയ്ൻ ബ്രാവോ (8 പന്തുകളിൽ 3 സിക്സ് സഹിതം 23) അവസാന ഓവറുകളിൽ തകർത്തടിച്ചു. അവസാന 5 ഓവറുകളിൽ ചെന്നൈ നേടിയത് 69 റൺസ്. ഇന്നിങ്സിലെ അവസാന പന്തിൽ ബുമ്രയെ ഋതുരാജ് സിക്സിനു പറത്തി. മുംബൈയ്ക്കായി ബോൾട്ടും മി‍ൽനെയും ബുമ്രയും 2 വിക്കറ്റ് വീതമെടുത്തു. അൻമോൽപ്രീത് സിങ് മുംബൈയ്ക്കായി അരങ്ങേറ്റം നടത്തി. ഹാർദിക് പാണ്ഡ്യയും മുംബൈ നിരയിൽ കളിച്ചില്ല.

∙ ഗെയിം കാർഡ്

ടോസ്: ചെന്നൈ

മാൻ ഓഫ് ദ് മാച്ച്: ഋതുരാജ് ഗെയ്ക്‌വാദ്

ചെന്നൈ 6–156 (20)

ഗെയ്ക്‌വാദ് 88* (58)
ജഡേജ 26 (33)
മിൽനെ 2–21 (4)
ബുമ്ര 2–33 (4)

മുംബൈ 8–136 (20)

സൗരഭ് തിവാരി 50* (40)
ഡികോക്ക് 17 (12)
ബ്രാവോ 3–25 (4)
ചാഹർ 2–19 (4)

English Summary: Chennai Super Kings vs Mumbai Indians, 30th Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com