sections
MORE

അസ്സലാക്കി കൊൽക്കത്ത: ബാംഗ്ലൂരിനെ 9 വിക്കറ്റിനു വീഴ്ത്തി; 10 ഓവർ ശേഷിക്കെ ജയം

venkatesh iyer
കൊൽക്കത്ത താരം വെങ്കടേശ് അയ്യർ ബാംഗ്ലൂരിനെതിരെ വിജയ റൺ നേടുന്നു (ചിത്രം– ഐപിഎൽ, ട്വിറ്റർ).
SHARE

അബുദാബി∙ പന്തും കൊണ്ടും ബാറ്റു കൊണ്ടും കളംനിറഞ്ഞ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു മുന്നിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് പൊരുതാതെ കീഴടങ്ങി. ഐപിഎൽ രണ്ടാം പാദത്തിലെ രണ്ടാം മത്സരത്തിൽ ബാംഗ്ലൂരിനെ കൊൽക്കത്ത 9 വിക്കറ്റിനു കീഴടക്കി. സ്കോർ– ബാംഗ്ലൂർ 19 ഓവറിൽ 92; കൊൽക്കത്ത 10 ഓവറിൽ 94–1 ബാംഗ്ലൂരിനായിരുന്നു ടോസ്.

ആദ്യ വിക്കറ്റിൽ 82 റൺസ് ചേർത്ത ശുഭ്മാൻ ഗിൽ, അരങ്ങേറ്റ ഐപിഎൽ മത്സരത്തിനിറങ്ങിയ വെങ്കടേശ് അയ്യർ സഖ്യം‌ കൊൽക്കത്തയുടെ അനായാസ ജയത്തിനു വഴിയൊരുക്കിയതിനു ശേഷമാണു വേർപിരിഞ്ഞത്. ഗിൽ 34 പന്തിൽ 6 ഫോറും ഒരു സിക്സുമടക്കം 48 റൺസെടുത്തതിനു ശേഷമാണു പുറത്തായത്. യുസ്‌വേന്ദ്ര ചെഹലിനായിരുന്നു വിക്കറ്റ്.  27 പന്തിൽ 41 റൺസെടുത്ത അയ്യർ ചെഹലിനെ തുടർച്ചയായി 2 ബാണ്ടറികളടിച്ച് കൊൽക്കത്തയെ ജയത്തിലെത്തിച്ചു. 7 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് അയ്യരുടെ ഇന്നിങ്സ്. മൂന്നാമനായി ഇറങ്ങിയ റസ്സലിന് ഒരു പന്തു പോലും നേരിടേണ്ടി വന്നില്ല. 

നേരത്തെ, 4 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തി, 3 ഓവറിൽ 9 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത ആന്ദ്രെ റസ്സൽ എന്നിവരാണു ബാംഗ്ലൂരിനെ തകർത്തത്. കിവീസ് പേസർ ലോക്കി ഫെർഗ്യൂസൻ 4 ഓവറിൽ 24 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു.

200–ാം ഐപിഎൽ മത്സരത്തിന് ഇറങ്ങിയ ക്യാപ്റ്റൻ വിരാട് കോലിയെ (4 പന്തിൽ 5) രണ്ടാം ഓവറിൽ നഷ്ടമായതോടെതന്നെ ബാംഗ്ലൂരിന്റെ തകർച്ച തുടങ്ങി. യുവതാരം പ്രസിദ്ധ് കൃഷ്ണയാണു കോലിയെ വിക്കറ്റിനു മുന്നിൽ കുടുക്കിയത്. കോലി റിവ്യുവിനു പോയെങ്കിലും തീരുമാനം മാറിയില്ല. സ്കോർ ബോർഡിൽ 10 റൺസുള്ളപ്പോഴാണു കോലി പുറത്തായത്. 

മലയാളി താരം ദേവ്ദത്ത് പടിക്കൽ (20 പന്തിൽ 22), അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ശിഖർ ഭരത് (19 പന്തിൽ 16) എന്നിവർ അൽപനേരം പിടിച്ചു നിന്നു. എന്നാൽ പവർ പ്ലേ അവസാനിക്കുന്നതിനു തൊട്ടു മുൻപുള്ള പന്തിൽ കിവീസ് പേസർ ലോക്കി ഫെർഗ്യൂസനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിനു ക്യാച്ച് നൽകി ദേവ്ദത്ത് പുറത്തായി. മികച്ച ടച്ചിലായിരുന്ന ദേവ്ദത്ത് വീണതോടെ ബാംഗ്ലൂരിന്റെ സ്കോറിങ് വേഗവും കുറ‍ഞ്ഞു. 

8–ാം ഓവറിലാണു ബാംഗ്ലൂർ 50 കടന്നത്. തൊട്ടടുത്ത ഓവറിൽ വിൻഡീസ് താരം ആന്ദ്രെ റസ്സൽ ഏൽപ്പിച്ച ഇരട്ട പ്രഹരം അവരെ തകർത്തു കളഞ്ഞു. ആദ്യ പന്തിൽ ശിഖർ ഭരതിനെ പുറത്താക്കിയ റസ്സൽ നാലാം പന്തിൽ ബോൾഡാക്കിയത് ഡിവില്ലിയേഴ്സിനെ (0).

12–ാം ഓവറിൽ വരുൺ ചക്രവർത്തി ഗ്ലെൻ മാക്സ്‌വെല്ലിനെയും (10), ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ലങ്കൻ താരം വാനിന്ദു ഹസാരങ്കയെയും (0) അടുത്തടുത്ത പന്തുകളിൽ മടക്കിയതോടെ ബാംഗ്ലൂരിന്റെ നില കൂടുതൽ പരുങ്ങലിലായി. 

ipl varun chakravarthy
മാക്സ്‌വെല്ലിനെ പുറത്താക്കിയ വരുൺ ചക്രവർത്തിയെ അഭിനന്ദിക്കുന്ന ഓയിൻ മോർഗൻ (ചിത്രം– ഐപിഎൽ, ട്വിറ്റർ).

വരുൺ ചക്രവർത്തിയുടെ അടുത്ത ഓവറിൽ നിതീഷ് റാണയ്ക്കു ക്യാച്ച് നൽകി മലയാളി താരം സച്ചിൻ ബേബിയും (17 പന്തിൽ 7) മടങ്ങി. വമ്പൻ ഷോട്ടുകൾക്കു കെൽപ്പുള്ള കിവീസ് താരം കൈൽ ജെയ്മിസൻ റണ്ണൗട്ടാകുക കൂടി ചെയ്തതോടെ ബാംഗ്ലൂർ 76–8 എന്ന നിലയിലായി.  ഹർഷർ പട്ടേലിനെ (10 പന്തിൽ 12) ലോക്കി ഫെർഗ്യൂസൻ ബോൾഡാക്കി. മുഹമ്മദ് സിറാജിനെ (10 പന്തിൽ 8) വരുൺ ചക്രവർത്തിയുടെ കൈകളിലെത്തിച്ച റസ്സൽ ബാംഗ്ലൂർ ഇന്നിങ്സിനു തിരശ്ശീലയിട്ടു.  

ജയത്തോടെ കൊൽക്കത്ത പോയിന്റ് പട്ടികയിൽ 5–ാം സ്ഥാനത്തേക്കുയർന്നു (6 പോയിന്റ്). ബാംഗ്ലൂർ (10 പോയിന്റ്) 3–ാം സ്ഥാനത്തു തുടരുകയാണ്. 

English Summary: Kolkata Knight Riders vs Bangalore Royal Challengers, 31st Match - Live Cricket Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA