ADVERTISEMENT

ഇസ്‍ലാമാബാദ്∙ കോവിഡ് വ്യാപനം മൂലം മത്സരങ്ങൾ നടക്കാതിരുന്ന നിർണായകമായ സാഹചര്യങ്ങളിൽ ടീമിനെ അയച്ച് സഹായിച്ചിട്ടും, തിരികെ ഒരു ആവശ്യം വന്നപ്പോൾ ഇംഗ്ലണ്ട് ഒപ്പം നിന്നില്ലെന്ന കുറ്റപ്പെടുത്തലുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) നിയുക്ത പ്രസിഡന്റ് റമീസ് രാജ. ഒക്ടോബറിൽ നടക്കാനിരിക്കുന്ന പാക്കിസ്ഥാൻ പര്യടനത്തിൽനിൽനിന്ന് ഇംഗ്ലണ്ടിന്റെ പുരുഷ, വനിതാ ടീമുകൾ പിൻമാറിയ സാഹചര്യത്തിലാണ് റമീസ് രാജയുടെ കുറ്റപ്പെടുത്തൽ. പാക്കിസ്ഥാൻ പര്യടനത്തിനു തുടക്കമാകും മുൻപ് ന്യൂസീലൻഡ് ടീം സുരക്ഷാ പ്രശ്നം ഉന്നയിച്ച് നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ ഇംഗ്ലണ്ടും പിൻമാറിയത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയായിരുന്നു.

‘ഇംഗ്ലണ്ടിന്റെ തീരുമാനം നിരാശപ്പെടുത്തുന്നു. പാക്കിസ്ഥാന് നൽകിയ വാക്ക് അവർ ലംഘിച്ചെന്നു മാത്രമല്ല, ഈ ക്രിക്കറ്റ് സമൂഹത്തിലെ ഒരു അംഗരാജ്യത്തിന് പിന്തുണ അത്യാവശ്യമായിരുന്ന സമയത്ത് കൈവിടുകയും ചെയ്തു. ദൈവകൃപയാൽ പാക്ക് ക്രിക്കറ്റ് ഈ പ്രതിസന്ധിയെ അതിജീവിക്കും. ഇത്തരത്തിലുള്ള ന്യായങ്ങൾ പറഞ്ഞ് എതിർ ടീമുകൾ ഒഴിഞ്ഞുമാറുന്ന പതിവ് അവസാനിപ്പിക്കാൻ ഏറ്റവും മികച്ച ടീമായി വളരുന്നതിന് പാക്കിസ്ഥാൻ ക്രിക്കറ്റിന് ലഭിച്ച അവസരമാണ് ഇത്’ – ഇംഗ്ലണ്ട് ബോർഡിന്റെ തീരുമാനം വന്നയുടൻ റമീസ് രാജ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ രണ്ടു സീസണുകളിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ പാക്കിസ്ഥാൻ സഹായിച്ച കാര്യം റമീസ് രാജ എടുത്തുപറഞ്ഞു. കോവിഡ് വ്യാപനം മൂലം എല്ലാ രാജ്യങ്ങളും ക്രിക്കറ്റ് നിർത്തിവച്ച കാലത്ത്, കനത്ത നിയന്ത്രണങ്ങൾക്കു നടുവിൽ സ്വന്തം ടീമിനെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കാൻ പാക്കിസ്ഥാൻ തയാറായ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് ബയോ സെക്യുർ ബബ്ളിന്റെ മടുപ്പിലും മൂന്നു ടെസ്റ്റുകളും മൂന്നു ട്വന്റി20 മത്സരങ്ങളുമാണ് പാക്കിസ്ഥാൻ ഇംഗ്ലണ്ടിൽ കളിച്ചത്. പാക്കിസ്ഥാന്റെ വരവ് ഇംഗ്ലിഷ് ബോർഡിനെ കനത്ത സാമ്പത്തിക നഷ്ടത്തിൽനിന്ന് രക്ഷപ്പെടുത്തിയിരുന്നു.

‘ഇംഗ്ലണ്ടിനെ സഹായിക്കാൻ കോവിഡ് വ്യാപനത്തിനിടെ കഴിഞ്ഞ സീസണിൽ ഞങ്ങൾ ചെയ്ത വിട്ടുവീഴ്ചകളെല്ലാം വെറുതെയായി. എന്തായാലും ഇതെല്ലാം ഞങ്ങൾക്കുള്ള പാഠങ്ങളാണ്. ഇംഗ്ലണ്ടിന് ഞങ്ങളെ തിരികെ സഹായിക്കാനുള്ള ഒരു അവസരമായിരുന്നു ഇത്. പക്ഷേ, അവരുടെ തീരുമാനം നിർഭാഗ്യകരമായിപ്പോയി. ഇംഗ്ലണ്ട് വന്നിരുന്നെങ്കിൽ അത് മറ്റു ടീമുകൾക്കും പ്രചോദനമാകുമായിരുന്നു’ – റമീസ് രാജ ‘സ്കൈ സ്പോർട്സി’നോടു പറഞ്ഞു.

‘ഇത്തരം തിരിച്ചടികളിൽ പതറുന്നവരല്ല പാക്കിസ്ഥാൻകാർ. എല്ലാത്തവണയും ചെയ്യുന്നതുപോലെ ഇത്തവണയും അതിജീവിക്കാനുള്ള മാർഗം ഞങ്ങൾ കണ്ടെത്തും. ഇത് ഞങ്ങളെ സംബന്ധിച്ച് ചെറിയൊരു തടസം മാത്രമാണ്. പക്ഷേ, വഞ്ചിക്കപ്പെട്ടുവെന്ന തോന്നൽ ശക്തമായുണ്ട്. ഞങ്ങളുടെ പരാതി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) അവതരിപ്പിക്കും. ഈ പ്രതിസന്ധി ഘട്ടം ഞങ്ങൾ വിജയകരമായി തരണം ചെയ്യുമെന്നാണ് പ്രതീക്ഷ’ – റമീസ് രാജ പറഞ്ഞു.

English Summary: 'We feel cheated' - Ramiz Raja criticises ECB after withdrawal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com