ADVERTISEMENT

മുംബൈ∙ ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ വിരാട് കോലിയെ ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഉപദേശിച്ചതായി വെളിപ്പെടുത്തൽ. കോലി ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായക പദവി ഒഴിയുന്നതായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഏകദിന ടീമിന്റെ കൂടി നായകപദവി ഒഴിയാൻ രവി ശാസ്ത്രി നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകസ്ഥാനത്തു തുടരാനാണ് കോലിയുടെ തീരുമാനം.

അടുത്തിടെയായി കോലി ബാറ്റിങ്ങിൽ തീർത്തും നിറംമങ്ങുന്ന സാഹചര്യത്തിലാണ് ട്വന്റി20, ഏകദിന ഫോർമാറ്റുകളിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ രവി ശാസ്ത്രി ഉപദേശിച്ചത്. മാത്രമല്ല, ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് തുടരാനും ശാസ്ത്രി കോലിയോട് ആവശ്യപ്പെട്ടിരുന്നു.

വിരാട് കോലിയുടെ കീഴിൽ ഇന്ത്യൻ ടീമിന്റെ പ്രകടനം മോശമായതുകൊണ്ടല്ല നായകസ്ഥാനം ഒഴിയാൻ ശാസ്ത്രി കോലിയെ ഉപദേശിച്ചതെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. മറിച്ച്, ക്യാപ്റ്റൻ സ്ഥാനത്ത് സമ്മർദ്ദമേറിയതോടെ താരം ബാറ്റിങ്ങിൽ തീർത്തും മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദ്ദേശം അദ്ദേഹം മുന്നോട്ടു വച്ചത്. എന്നാൽ, ശാസ്ത്രിയുടെ നിർദ്ദേശം ഭാഗികമായി മാത്രം അംഗീകരിച്ച കോലി ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം മാത്രമാണ് ത്യജിച്ചത്.

‘വിരാട് കോലിയുടെ അഭാവത്തിൽ താൽക്കാലിക ക്യാപ്റ്റനു കീഴിൽ ഇന്ത്യ ഓസ്ട്രേലിയൻ പര്യടനത്തിൽ ജയിച്ചതോടയാണ് കോലിയുടെ ക്യാപ്റ്റൻസി ഇത്രമാത്രം ചർച്ചയായത്. കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നടന്നില്ലെങ്കിൽ കോലി 2023 ഏകദിന ലോകകപ്പിനു മുൻപുതന്നെ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കേണ്ടി വരുമെന്ന സൂചനകളും ശക്തം’ – റിപ്പോർട്ടിൽ പറയുന്നു.

ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ആറു മാസം മുൻപുതന്നെ രവി ശാസ്ത്രി കോലിയുമായി ചർച്ച നടത്തിയിരുന്നതായി ബിസിസിഐ ഉന്നതനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ശാസ്ത്രിയുടെ നിർദ്ദേശം അനുസരിക്കാൻ കോലി കൂട്ടാക്കിയില്ല. ഏകദിനത്തിലും ക്യാപ്റ്റൻ സ്ഥാനത്തു തുടരാനായിരുന്നു കോലിക്ക് താൽപര്യം. ഇതോടെയാണ് ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം മാത്രം ഒഴിഞ്ഞത്.

അതിനിടെ, വിരാട് കോലിയെ ബാറ്റ്സ്മാനായി മാത്രം എങ്ങനെ ഉപയോഗിക്കാമെന്ന കാര്യം ബിസിസിഐയ്ക്കുള്ളിലും ചർച്ചയായിരുന്നതായാണ് വിവരം. ക്യാപ്റ്റൻ സ്ഥാനത്തിന്റെ സമ്മർദ്ദത്തിൽ ബാറ്റിങ്ങിൽ നിറം മങ്ങുമ്പോഴും, ബാറ്റ്സ്മാനെന്ന നിലയിൽ കൂടുതൽ മികച്ച പ്രകടനം നടത്താനുള്ള മികവ് കോലിയിൽ അവശേഷിക്കുന്നുണ്ടെന്നായിരുന്നു ബോർഡിന്റെ വിലയിരുത്തൽ.

English Summary: Shastri had suggested to Kohli to give up all white ball captaincy; reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com