ADVERTISEMENT

ദുബായ് ∙ ഐപിഎലിൽ തുടർച്ചയായ 2–ാം മത്സരത്തിലും അർധ സെഞ്ചുറിയുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ തിളങ്ങിയെങ്കിലും രാജസ്ഥാൻ റോയൽസിനു തോൽവി. 9 പന്തുകൾ ബാക്കി നിൽക്കെ ഹൈദരാബാദ് സൺറൈസേഴ്സ് 7 വിക്കറ്റിനു രാജസ്ഥാനെ തോൽപിച്ചു. 57 പന്തുകളിൽ 7 ഫോറും 3 സിക്സറും പറത്തി 82 റൺസെടുത്ത സഞ്ജുവിന്റെ തോളിലേറി മുന്നേറിയ രാജസ്ഥാനെ ജേസൺ റോയിയുടെയും (42 പന്തുകളി‍ൽ 60) ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെയും (41 പന്തുകളിൽ ‍പുറത്താകാതെ 51) മികവിലാണു ഹൈദരാബാദ് കീഴടക്കിയത്. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 5ന് 164, ഹൈദരാബാദ് 18.3 ഓവറിൽ 3ന് 167. സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ശിഖർ ധവാനെ (430) മറികടന്നു സഞ‍്ജു (433) ഒന്നാം സ്ഥാനത്തേക്കു കയറി.

165 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിനു വൃദ്ധിമാൻ സാഹയും (11 പന്തുകളിൽ 18) റോയിയും 57 റൺസിന്റെ ഉജ്വല തുടക്കം നൽകി. പവർപ്ലേയിൽ ടീം 63 റൺസടിച്ചു. സാഹ മടങ്ങിയ ശേഷമെത്തിയ വില്യംസൻ, റോയിക്കൊപ്പം 2–ാം വിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർത്തു ഹൈദരാബാദിനെ വിജയതീരത്തെത്തിച്ചു. നേരത്തേ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനു 2–ാം ഓവറിൽ ഓപ്പണർ എവിൻ ലൂയിസിനെ (6) നഷ്ടപ്പെട്ടെങ്കിലും 2–ാം വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്തു യശസ്വി ജയ്സ്വാളും (23 പന്തുകളിൽ 36) സ‍ഞ്ജുവും രക്ഷാപ്രവർത്തനം നടത്തി. യശസ്വി മടങ്ങിയതിനു പിന്നാലെ ലിയാം ലിവിങ്സ്റ്റനും (4) വീണെങ്കിലും 2 തവണ ‘ജീവൻ കിട്ടിയ’ മഹിപാൽ ലോംറോറുമായി (29 നോട്ടൗട്ട്) ചേർന്നു സഞ്ജു രാജസ്ഥാനെ നയിച്ചു.

തുടക്കത്തിൽ കരുതലോടെ നീങ്ങിയ സഞ്ജു പിച്ചിന്റെ സ്വഭാവമറിഞ്ഞു കളിച്ചതോടെ രാജസ്ഥാൻ മികച്ച സ്കോറിലേക്കു കുതിച്ചു. അവസാന ഓവറിലെ 2–ാം പന്തിലാണു സഞ്ജു പുറത്തായത്. അതേ ഓവറിൽ റിയാൻ പരാഗും പുറത്തായതോടെ ആ ഓവറിൽ 4 റൺസ് മാത്രം നേടാനേ രാജസ്ഥാനു കഴിഞ്ഞുള്ളു.

4 മാറ്റങ്ങളുമായാണു ഹൈദരാബാദ് ഇറങ്ങിയത്. ഡേവിഡ് വാർണർ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ഖലീൽ അഹമ്മദ് എന്നിവർക്കു പകരം ജേസൺ റോയ്, അഭിഷേക് ശർമ, പ്രിയം ഗാർഗ്, സിദ്ധാർഥ് കൗൾ എന്നിവർ പ്ലേയിങ് ഇലവനിലേക്കെത്തി. രാജസ്ഥാൻ നിരയിൽ 3 മാറ്റങ്ങൾ: ഡേവിഡ് മില്ലർ, തബരേസ് ഷംസി, പരുക്കേറ്റ കാർത്തിക് ത്യാഗി എന്നിവരെ ഒഴിവാക്കി. ജയ്‌ദേവ് ഉനദ്കട്ട്, എവിൻ ലൂയിസ്, ക്രിസ് മോറിസ് എന്നിവർ കളത്തിലിറങ്ങി.

English Summary: SRH vs RR, IPL match 20- live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com