ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ വിക്കറ്റ് വേട്ടക്കാരിൽ മുൻനിരയിലുള്ള റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം ഹർഷൽ പട്ടേലിനെ ട്വന്റി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവുമായി പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ രംഗത്ത്. ഇതുവരെ 13 മത്സരങ്ങളിൽനിന്ന് 14.00 ശരാശരിയിൽ 29 വിക്കറ്റുകളാണ് ഹർഷൽ പട്ടേലിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള ഡൽഹി താരം ആവേശ് ഖാനേക്കാൾ ഏഴു വിക്കറ്റ് കൂടുതൽ. ട്വന്റി20 ലോകകപ്പും ഇതേ വേദികളിൽത്തന്നെ നടക്കുന്ന സാഹചര്യത്തിലാണ് ഐപിഎലിൽ തിളങ്ങി ഹർഷൽ പട്ടേലിനെ ട്വന്റി20 ലോകകപ്പ് ടീമിലും ഉൾപ്പെടുത്തണമെന്ന ഭോഗ്‍ലെയുടെ നിർദ്ദേശം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ടീമിൽ ഒക്ടോബർ 10 വരെ മാറ്റങ്ങൾ വരുത്താൻ അനുവാദമുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ട്വന്റി20 ലോകകപ്പിനുള്ള പിച്ചുകൾ ഐപിഎലിലേതിനു സമാനമാണെങ്കിൽ ഹർഷൽ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തുന്നത് മോശം കാര്യമാകാൻ വഴിയില്ല. ഒക്ടോബർ 10 വരെ ടീമിൽ മാറ്റം വരുത്താൻ അനുവാദമുണ്ടല്ലോ. ഇതൊരു നല്ല പ്രായോഗിക നീക്കമായിരിക്കും. നിങ്ങളുടെ അഭിപ്രായമെന്താണ്?’ – ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചു.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മൂന്നു വിക്കറ്റ് കൂടി വീഴ്ത്തിയതോടെയാണ് ഹർഷൽ പട്ടേലിന്റെ വിക്കറ്റ് നേട്ടം 29 ആയി ഉയർന്നത്. ഇതോടെ, ഒരു ഐപിഎൽ സീസണിൽ കൂടുതൽ വിക്കറ്റു വീഴ്ത്തുന്ന ഇന്ത്യൻ താരമായും പട്ടേൽ മാറി. കഴിഞ്ഞ സീസണിൽ 27 വിക്കറ്റുകൾ വീഴ്ത്തിയ മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുമ്രയുെട റെക്കോർഡാണ് പട്ടേൽ സ്വന്തം പേരിലേക്കു മാറ്റിയത്.

ഈ സാഹചര്യത്തിൽ, യുഎഇയിലെ പിച്ചുകളിൽ തന്റെ ബോളിങ് ഫലപ്രദമാണെന്ന് തെളിയിച്ച ഹർഷൽ പട്ടേലിനെ ഇത്തവണ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ഭോഗ്‍ലെ നിർദ്ദേശിക്കുന്നത്. ഈ സീസണിൽ ഒരു ഹാട്രിക്കും അഞ്ച് വിക്കറ്റ് നേട്ടവും കൈവരിച്ച മുപ്പതുകാരനായ പട്ടേൽ മികച്ച ഫോമിലുമാണ്.

അതേസമയം, ഇന്ത്യയ്‌ക്കായി കളിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ചോദിച്ചപ്പോൾ പട്ടേലിന്റെ മറുപടി ഇങ്ങനെ:

‘ജീവിതത്തിൽ ഒരു കാര്യത്തെക്കുറിച്ചും ഞാൻ ഖേദിച്ചിട്ടില്ല. ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഞാൻ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങൾ ആ സമയത്തെ ഏറ്റവും മികച്ച തീരുമാനങ്ങൾ തന്നെയായിരുന്നു. ഇന്ത്യൻ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കാര്യത്തിലാണെങ്കിൽ അത് എന്റെ കയ്യിൽ നിൽക്കുന്ന സംഗതിയുമല്ല’ – പട്ടേൽ പറഞ്ഞു.

‘ജീവിതത്തിൽ എന്നും എനിക്ക് ഒറ്റ ലക്ഷ്യമേ ഉള്ളൂ. ഐപിഎലിലായാലും ഇന്ത്യയ്ക്കായായാലും ഹരിയാനയ്ക്കായാലും കളിക്കുന്ന ടീമിനായി ബാറ്റുകൊണ്ടും പന്തുകൊണ്ടും പരമാവധി മികച്ച പ്രകടനം പുറത്തെടുക്കുക’ – പട്ടേൽ കൂട്ടിച്ചേർത്തു.

English Summary: Harshal Patel in India's T20 World Cup squad? Harsha Bhogle bats for RCB's superstar's inclusion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com