ADVERTISEMENT

ദുബായ്∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ ഒന്നാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനോടു തോറ്റതിനു പിന്നാലെ പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്ത്. ഇപ്പോഴത്തെ അവസ്ഥ വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്ന് പന്ത് പറഞ്ഞു. മഹേന്ദ്രസിങ് ധോണിയുടെ ഫിനിഷിങ് പാടവം ഒരിക്കൽക്കൂടി തെളിഞ്ഞു കണ്ട മത്സരത്തിൽ നാലു വിക്കറ്റിനാണ് ചെന്നൈ ഡൽഹിയെ വീഴ്ത്തിയത്. മത്സരത്തിൽ ധോണി അവസാന ഓവറിലെ മൂന്നു ഫോറുകൾ സഹിതം ആു പന്തിൽ 18 റൺസെടുത്താണ് ടീമിനെ വിജയത്തിലെത്തിച്ചത്. അവസാന രണ്ട് ഓവറിൽ വിജയത്തിലേക്ക് 24 റൺസ് വേണമെന്ന നിലയിലാണ് ധോണിയുടെ കടന്നാക്രമണം ചെന്നൈയെ വിജയത്തിലെത്തിച്ചത്.

‘തീർച്ചയായും ഞങ്ങളെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന ഫലമാണിത്. ഇപ്പോഴത്തെ ഞങ്ങളുടെ അവസ്ഥ വിവരിക്കാന‍ വാക്കുകളില്ല. ആകെ ചെയ്യാനുള്ള കാര്യം ഈ മത്സരത്തിലെ പിഴവുകൾ തിരുത്തി അടുത്ത മത്സരത്തിനായി ഒരുങ്ങുകയാണ്. മത്സരത്തിലുടീളം ടോം കറൻ വളരെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. പക്ഷേ, അവസാന ഓവറിൽ അദ്ദേഹം റൺസ് വഴങ്ങി’ – പന്ത് പറഞ്ഞു.

‘ഇന്നത്തെ ദിവസം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബോളറെ അവസാന ഓവർ ഏൽപ്പിക്കുന്നതാണ് കൂടുതൽ ഉചിതമെന്നാണ് ഞാൻ ചിന്തിച്ചത്. ഞങ്ങൾ മികച്ച സ്കോർ തന്നെ നേടിയെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ, പവർപ്ലേയിൽ ചെന്നൈ മികച്ച ബാറ്റിങ്ങാണ് കെട്ടഴിച്ചത്. ഞങ്ങൾക്കാണെങ്കിൽ കൃത്യസമയത്ത് വിക്കറ്റ് നേടാൻ കഴിഞ്ഞതുമില്ല. അതാണ് മത്സരഫലത്തിൽ നിർണായകമായത്’ – പന്ത് പറഞ്ഞു.

ഒന്നാം ക്വാളിഫയറിൽ തോറ്റെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എലിമിനേറ്റർ പോരാട്ടത്തിൽ ജയിച്ചെത്തുന്നവരുമായി ഡൽഹിക്ക് ഫൈനൽ ബർത്തിനായി രണ്ടാം ക്വാളിഫയറിൽ മത്സരിക്കാം. ഒരുവേള പൂർണമായും കൈവിട്ടെന്നു തോന്നിയ ചെന്നൈയ്ക്കെതിരായ മത്സരത്തിൽ മികച്ച ബോളിങ്ങും ഫീൽഡിങ്ങും സമാസമം ചേർത്ത് ഡൽഹി ശക്തമായി തിരിച്ചെത്തിയതാണ്. എന്നാൽ, അവസാന ഓവറിൽ ധോണിയുടെ ‘ഫിനിഷിങ് സ്കിൽസ്’ അവരുടെ കണക്കുകൂട്ടൽ തെറ്റിച്ചു

ഐപിഎൽ ക്വാളിഫയർ പോരാട്ടങ്ങളിൽ ഡൽഹിക്കെതിരെ ചെന്നൈയുടെ 3–ാം വിജയമാണിത്. മുൻപ് രണ്ടു തവണയും രണ്ടാം ക്വാളിഫയറിലായിരുന്നു ചെന്നൈയുടെ വിജയം. ഇത്തവണ ഒന്നാം ക്വാളിഫയറിലും.

English Summary: Don't have words to describe how we are feeling, says Rishabh Pant after defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com