sections
MORE

നരെയ്നെ ടീമിലെടുക്കില്ല, ഇപ്പോഴത്തെ 15 പേരേ വച്ചു കിരീടത്തിന് ശ്രമിക്കാം: പൊള്ളാർഡ്

pollard-narine
കയ്റൻ പൊള്ളാർഡ്, സുനിൽ നരെയ്‌ൻ
SHARE

ദുബായ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും സ്പിന്നർ സുനിൽ നരെയ്നെ ട്വന്റി20 ലോകകപ്പിനുള്ള വെസ്റ്റിൻഡീസ് ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യത തള്ളി ടീം നായകൻ കയ്റൻ പൊള്ളാർഡ്. ലോകകപ്പിനായി വെസ്റ്റിൻഡീസ് പ്രഖ്യാപിച്ച 15 അംഗ ടീമിൽ നരെയ്ൻ അംഗമല്ല. ഐപിഎലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ താരത്തെ ടീമിലേക്കു തിരിച്ചുവിളിച്ചേക്കുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നരെയ്നെ ടീമിൽ ഉൾപ്പെടുത്തില്ലെന്ന് പൊള്ളാർഡ് വ്യക്തമാക്കിയത്.

ഐപിഎലിന്റെ എലിമിനേറ്റർ പോരാട്ടത്തിൽ വിരാട് കോലി നയിച്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തോൽപ്പിച്ചത് നരെയ്ന്റെ ഓൾറൗണ്ട് പ്രകടനത്തിന്റെ മികവിലായിരുന്നു. ബാംഗ്ലൂരിനെതിരെ നാലു വിക്കറ്റ് പിഴുത നരെയ്ൻ പിന്നീട് ബാറ്റിങ്ങിലും തിളങ്ങി. ബാംഗ്ലൂർ നിരയിലെ കരുത്തൻമാരായ വിരാട് കോലി, ഗ്ലെൻ മാക്സ്‌വെൽ, എബി ഡിവില്ലിയേഴ്സ് എന്നിവരെ പുറത്താക്കിയത് നരെയ്നായിരുന്നു. ടൂർണമെന്റിൽ കൊൽക്കത്തയുടെ മുന്നേറ്റത്തിനു വഴിയൊരുക്കിയവരിൽ ഒരാളും നരെയ്ൻ തന്നെ.

‘സുനിൽ നരെയ്നെ ടീമിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ച് ഞാൻ വല്ലതും പറഞ്ഞാൽ അത് പലവഴിക്കും തിരിക്കും. ഷാർജയിലെ പിച്ചിൽ സുനിൽ നരെയ്ന്റെ പന്തുകൾ തിരിയുന്നതുപോലെ തന്നെ. തൽക്കാലം ടീമിലുള്ള 15 താരങ്ങളെക്കുറിച്ച് നമുക്ക് ആലോചിക്കാം. അവരെ വച്ച് ഇത്തവണ കിരീടം നിലനിർത്താനാകുമോ എന്നതാണ് പ്രധാനം’ – പൊള്ളാർഡ് പറഞ്ഞു.

‘ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ല. അതേക്കുറിച്ച് ആവശ്യത്തിലധികം പറഞ്ഞുകഴിഞ്ഞു. സുനിൽ നരെയ്നെ എന്തുകൊണ്ട് ടീമിൽ ഉൾപ്പെടുത്തിയില്ലെന്ന് ഉത്തരവാദിത്തപ്പെട്ടവർ ആ സമയത്തുതന്നെ വിശദീകരിച്ചിട്ടുണ്ട്. വ്യക്തിപരമായി നരെയ്ൻ എന്റെ അടുത്ത സുഹൃത്താണ്. രാജ്യാന്തര തലത്തിൽ അറിയപ്പെടുന്നതിനു മുൻപേ ഞങ്ങൾ സുഹൃത്തുക്കളാണ്. ഒന്നിച്ചു കളിച്ചാണ് ഞങ്ങൾ വളർന്നത്. അദ്ദേഹം ഒരു ലോകോത്തര താരം തന്നെയാണെന്നതിൽ സംശയമില്ല’ – പൊള്ളാർഡ് പറഞ്ഞു.

ഐപിഎൽ എലിമിനേറ്ററിൽ ബാംഗ്ലൂരിനെതിരെ 21 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത പ്രകടനത്തോടെയാണ് നരെയ്ന്റെ കാര്യം വീണ്ടും ചർച്ചയായത്. ബാംഗ്ലൂർ നിരയിലെ സൂപ്പർ താരങ്ങളുടെ വിക്കറ്റെടുത്തതും ശ്രദ്ധ നേടി. ഇരു ടീമുകളിലെയും ബാറ്റർമാർ വിറച്ച ഷാർജയിലെ പിച്ചിൽ, ഡാൻ ക്രിസ്റ്റ്യനെതിരെ ഒരു ഓവറിൽ നേടിയ മൂന്നു സിക്സുകൾ സഹിതം പുറത്തെടുത്ത ബാറ്റിങ് പ്രകടനവും ടീമിന്റെ വിജയത്തിൽ നിർണായകമായി. യുഎഇയിൽ നടന്ന എട്ടു മത്സരങ്ങളിൽനിന്ന് 11 വിക്കറ്റുകളാണ് നരെയ്ൻ നേടിയത്. 6.12 എന്ന ഇക്കോണമി നിരക്കും ശ്രദ്ധേയമായി.

അതേസമയം, 2019നുശേഷം സുനിൽ നരെയ്ൻ രാജ്യാന്തര ക്രിക്കറ്റിൽ കളിച്ചിട്ടില്ല. കഴിഞ്ഞ മാസം വെസ്റ്റിൻഡീസിന്റെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോഴും നരെയ്ന് ഇടംപിടിക്കാനായില്ല. കായികക്ഷമതയുടെ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് വിൻഡീസ് സിലക്ടർമാർ നരെയ്നെ തഴഞ്ഞത്.

‘ട്വന്റി20 ലോകകപ്പ് പോലൊരു ടൂർണമെന്റിൽ സുനിൽ നരെയ്ന്റെ അഭാവം ഏതൊരു ടീമിനും വലിയ നഷ്ടം തന്നെയാണ്. ഇത്തരമൊരു ബോളർ ഒപ്പമുണ്ടാകണമെന്ന് ഏതു ടീമും മോഹിക്കും. പക്ഷേ, വിൻഡീസ് ക്രിക്കറ്റിന്റെ ഫിറ്റ്നസ് മാനദണ്ഡമാണ് അദ്ദേഹത്തിനു വിനയായത്’ – വിൻഡീസ് ചീഫ് സിലക്ടർ റോജർ ഹാർപ്പർ ടീം പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി. കായികക്ഷമതയുടെ പ്രശ്നം ചൂണ്ടിക്കാട്ടി നരെയ്നെ തഴയുമ്പോഴും, വിൻഡീസ് ടീമിലുള്ള ഓൾറൗണ്ടർ ആന്ദ്രെ റസ്സൽ പരുക്കിനെ തുടർന്ന് ഐപിഎലിൽ കളിക്കാത്തത് വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

English Summary: Narine won't be added to T20 World Cup squad despite IPL form, Pollard confirms

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA