sections
MORE

9 മത്സരം, 14 റൺസ്, 4 വിക്കറ്റ്; ക്രിസ്റ്റ്യനെ അസഭ്യം പറഞ്ഞിട്ടെന്ത്, ടീമിലെടുക്കുന്നവരെ പറയൂ!

dan-christian
ഡാൻ ക്രിസ്റ്റ്യൻ (ട്വിറ്റർ ചിത്രം)
SHARE

ഗ്ലെൻ മാക്സ്‌വെലിനെപ്പോലെ ആ പെരെടുത്ത് ലേലമേശയിൽ വച്ചാൽത്തന്നെ കോടികൾ പെട്ടിയിൽ വീഴുന്ന താരങ്ങൾ ഉണ്ട് ഐപിഎലിൽ. ക്രിസ് മോറിസിന്റെയും പാറ്റ് കമ്മിൻസിന്റെയുമൊക്കെ പെരുമയ്ക്കും കിട്ടും കോടിക്കിലുക്കം. ഇവർ രാജ്യാന്തര ക്രിക്കറ്റിലോ ഐപിഎലിൽ തന്നെയോ പുറത്തെടുത്ത ഭ്രമിപ്പിക്കുന്ന പ്രകടനങ്ങളാണ് സ്വന്തം ത്രാസിനു തൂക്കം കൂട്ടുന്നത്. എന്നാൽ ഐപിഎലിലും രാജ്യാന്തര ക്രിക്കറ്റിലും കളിമികവിന്റെ ആലവട്ടവും വെഞ്ചാമരവുമില്ലാതെ തന്നെ തുടർച്ചയായി കോടികളും വാരിപ്പോകുന്ന ചില ‘അദ്ഭുത താര’ങ്ങളുമുണ്ട്. അക്കൂട്ടത്തിലൊരാളാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ആരാധകർ ഇപ്പോൾ ‘വാഴ’ എന്നു വിളിച്ച് ശപിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ഡാനിയൽ ക്രിസ്റ്റ്യൻ എന്ന ഡ‍ാൻ ക്രിസ്റ്റ്യൻ!

ഇത്തവണ ഐപിഎലിലെ പ്രകടനം മോശമായതിന്റെ പേരിൽ, പ്രത്യേകിച്ചും ഐപിഎൽ എലിമിനേറ്ററിൽ ടീമിന്റെ തോൽവിക്കു കാരണക്കാരനായതിന്റെ പേരിൽ കടുത്ത രീതിയിലാണ് ആരാധകർ അദ്ദേഹത്തെ പരിഹസിക്കുന്നത്. അതും പോരാതെ ചിലർ അദ്ദേഹത്തിന്റെ ഗർഭിണിയായ ജീവിത പങ്കാളിയേയും അധിക്ഷേപിച്ചത് കടുത്ത വിമർശനമാണ്  വരുത്തിവച്ചത്. സത്യത്തിൽ ക്രൂശിക്കേണ്ടത് ക്രിസ്റ്റ്യനെ ആണോ എന്നതാണ് പ്രസക്തമായ ചോദ്യം. ഐപിഎലിൽ പരാജയമാണെന്നറിഞ്ഞിട്ടും വീണ്ടും വീണ്ടും ടീമിലെടുക്കുകയും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുകയും ചെയ്യുന്ന മാനേജ്മെന്റുകളെ അല്ലേ പഴിക്കേണ്ടത്? 

ലോകത്തിന്റെ എല്ലാ കോണിലും ട്വന്റി20 ലീഗുകൾ കളിക്കുന്ന ക്രിസ്റ്റ്യൻ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കടുത്ത പരാജയം തന്നെയാണ്. 16 വ്യത്യസ്ത ഫ്രാഞ്ചൈസികൾക്കായി ബാറ്റെടുത്തിട്ടുള്ള ഈ മുപ്പത്തെട്ടുകാരൻ 11 തവണ ഫൈനലുകളിൽ കളിക്കുകയും 7 തവണ കിരീട നേട്ടത്തിൽ പങ്കാളിയാകുകയും ചെയ്തിട്ടുണ്ട്. 2018– 19 ബിബിഎൽ ഫൈനലിൽ മെൽബൺ റെനഗേഡ്സിനായി പ്ലേയർ ഓഫ് ദ് മാച്ചും ആയിട്ടുണ്ട്. ഈ പകിട്ടായിരിക്കണം ഐപിഎൽ ഫ്രാഞ്ചൈസികളെ വീണ്ടും വീണ്ടും ക്രിസ്റ്റ്യനിലേക്ക് അടുപ്പിക്കുന്നത്. ക്രിസ്റ്റ്യന്റെ ഐപിഎൽ പ്രകടനങ്ങൾ പരിശോധിക്കാം:

∙ 9 മത്സരം, 14 റൺസ്

ആർസിബി 4.80 കോടി രൂപ മുടക്കി വാങ്ങിയ ഈ ‘മൊതല്’ ഇത്തവണ 9 മത്സരങ്ങളിൽനിന്ന് നേടിയത് വെറും 14 റൺസാണ്. ശരാശരി 2.33. സ്ട്രൈക്ക് റേറ്റ് ആണെങ്കിൽ 58.33. ഉയർന്ന വ്യക്തിഗത സ്കോർ 9 ആണ്. അതായത് ബാക്കി 8 മത്സരങ്ങളിൽ നിന്ന് നേടിയത് 5 റൺസ്. 4 വിക്കറ്റുകളാണ് ഇത്രയും മത്സരങ്ങളിൽ ആർസിബിക്കായി ക്രിസ്റ്റ്യൻ വിയർത്തു വീഴ്ത്തിയത്. ഹൈദരാബാദിനെതിരെ 3 ഓവറിൽ 14 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയതാണ് ഭേദപ്പെട്ട പ്രകടനം.

∙ പൊട്ടിവീണത് ഡെക്കാനിൽ

പിഞ്ച് ഹിറ്റിങ് ഓൾറൗണ്ടറായി കണ്ണഞ്ചിപ്പിക്കുന്ന വിലയ്ക്ക് ഐപിഎലിലേക്ക് ഡാനിയൽ ക്രിസ്റ്റ്യൻ വന്നിറങ്ങിയത് ഡെക്കാൻ ചാർജേഴ്സ് ജഴ്സിയിലാണ്. 2011ൽ ആണിത്. അന്ന് 4.14 കോടി രൂപയാണ് ക്രിസ്റ്റ്യന് കിട്ടിയത്. 14 മത്സരങ്ങളിൽനിന്ന് 17.27 റൺസ് ശരാശരിയിൽ 190 റൺസും 11 വിക്കറ്റുമാണ് നേടിയത്. എങ്കിലും ഡെക്കാൻ അടുത്ത വർഷത്തേക്ക് ശമ്പളം കൂട്ടി നൽകി. 4.52 കോടിയുടെ തിളക്കവുമായി 2012ൽ 7 മത്സരങ്ങളിൽനിന്ന് 145 റൺസാണ് സമ്പാദ്യം. 8 വിക്കറ്റാണ് കിട്ടിയത്. അതോടെ വിലയിടിഞ്ഞു.

അടുത്ത വർഷം ആർസിബിയായിരുന്നു ലാവണം, ശമ്പളം പക്ഷേ 53.27 ലക്ഷമായി കുറഞ്ഞു. 2 മത്സരങ്ങളിൽനിന്ന് 6 റൺസോടെ വിക്കറ്റില്ലാതെ സീസൺ തീർന്നു. പിന്നീട് ക്രിസ്റ്റ്യന്റെ അവതാരപ്പിറവി പുണെ സൂപ്പർ ജയന്റ്സിന്റെ കുപ്പായത്തിലാണ്. ഒരു കോടി രൂപ നേടിയെടുത്തപ്പോൾ പുണെക്കു പകരം നൽകിയത് 13 മത്സരങ്ങളിൽ നിന്ന് 79 റൺസ്. 11 വിക്കറ്റും കിട്ടി.

2018 ൽ ഒന്നരക്കോടിക്ക് ഡൽഹി ക്യാപിറ്റൽസ് ക്രിസ്റ്റ്യൻ ടീമിലെടുത്തു. 4 മത്സരങ്ങളിൽനിന്ന് 26 റൺസ് ഡൽഹിക്കു സമ്മാനിച്ചു. 4 വിക്കറ്റും നേടിക്കൊടുത്തു. പിന്നീട് പ്രത്യക്ഷപ്പെടുന്നത് ഈ സീസണിലാണ്. ആകെ മൊത്തം ഐപിഎൽ റൺസ് 49 മത്സരങ്ങളിൽനിന്ന് 460 റൺസ്. മികച്ച സ്കോർ 39. ശരാശരി– 14.83. സ്ട്രൈക് റേറ്റ് 115.57. ആകെ 38 വിക്കറ്റും നേടി.

∙ ഓസ്ട്രേലിയയ്ക്കും ഏശിയില്ല

ഐപിഎലിൽ മാത്രമല്ല, രാജ്യാന്തര ക്രിക്കറ്റിലും കാര്യമായൊരു ഇംപാക്ട് ഉണ്ടാക്കാൻ ക്രിസ്റ്റ്യനു കഴിഞ്ഞിട്ടില്ല. ടീമിൽ വന്നും പോയുമിരുന്ന താരം ഓസ്ട്രേലിയയ്ക്കായി 20 ഏകദിനങ്ങളിൽനിന്ന് 273 റൺസാണ് നേടിയത്. ശരാശരി 21 മാത്രം. കംഗാരുക്കൾക്കായി 23 തവണ ട്വന്റി20 കളിച്ചു. 126.00 സ്ട്രൈക് റേറ്റിൽ 118 റൺസാണ് നേടാനായത്. അടുത്ത ഐപിഎലിൽ 2 ടീമുകൾകൂടി ഉണ്ടാകും. ഒരുപക്ഷേ പുതിയ ജഴ്സിയിൽ വീണ്ടും ഇദ്ദേഹത്തെ കാണാം..

∙ ഐപിഎൽ

ആകെ മത്സരം– 49

റൺസ്– 460

ഉയർന്ന സ്കോർ– 39

ശരാശരി– 14.83

സ്ട്രൈക് റേറ്റ്– 115.57

ആകെ വിക്കറ്റ്– 38

ശരാശരി– 31.36

English Summary: IPL Performance of Dan Christian

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA