‘ഞാനാണെങ്കിൽ അശ്വിനെ ടീമിലെടുക്കില്ല; റൺസ് വഴങ്ങാതിരിക്കാൻ മാത്രം ബോളറോ?’
Mail This Article
മുംബൈ∙ ട്വന്റി20 ഫോർമാറ്റിൽ രവിചന്ദ്രൻ അശ്വിനെ അമിതമായി ആശ്രയിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ രംഗത്ത്. താനൊരു ട്വന്റി20 ടീമുണ്ടാക്കിയാൽ അതിൽ അശ്വിനെ ഉൾപ്പെടുത്തുക പോലുമില്ലെന്ന് മഞ്ജരേക്കർ വ്യക്തമാക്കി. അശ്വിനു പകരം വിക്കറ്റെടുക്കുന്നതിൽ മിടുക്കൻമാരായ വരുണ്‍ ചക്രവർത്തിയേയും സുനിൽ നരെയ്നെയും പോലുള്ള താരങ്ങളെയാകും ഉൾപ്പെടുത്തുകയെന്നും മഞ്ജരേക്കർ പറഞ്ഞു.
ഐപിഎൽ 14–ാം സീസണിലെ രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടു തോറ്റു പുറത്തായതിനു പിന്നാലെയാണ് മഞ്ജരേക്കർ അശ്വിനെതിരെ രംഗത്തെത്തിയത്. മത്സരത്തിൽ തുടക്കത്തിൽത്തന്നെ ബോളിങ്ങിനെത്തിയ അശ്വിൻ ആദ്യ മൂന്ന് ഓവറിൽ കാര്യമായി റൺസ് വഴങ്ങിയില്ലെങ്കിലും വിക്കറ്റ് ലഭിച്ചിരുന്നില്ല. പിന്നീട് നിർണായകമായ 20–ാം ഓവർ എറിയാനെത്തിയ അശ്വിൻ രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും അഞ്ചാം പന്തിൽ സിക്സർ വഴങ്ങിയതോടെ കൊൽക്കത്ത ജയിച്ചു.
‘അശ്വിനെക്കുറിച്ച് എല്ലാവരും വളരെയധികം സംസാരിക്കുന്നുണ്ട്. പക്ഷേ, ഒരു ട്വന്റി20 ടീമിൽ അശ്വിൻ അവിഭാജ്യ ഘടകമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പെട്ടെന്നൊരു ദിവസം അശ്വിൻ ശൈലി മാറ്റുമെന്നും കരുതാനാകില്ല. കാരണം, കഴിഞ്ഞ 5–7 വർഷമായി അശ്വിൻ ഇങ്ങനെ തന്നെയാണ് ബോള്‍ ചെയ്യുന്നത്’ – മഞ്ജരേക്കർ പറഞ്ഞു.
‘ടെസ്റ്റ് ക്രിക്കറ്റിൽ ഏതു ടീമും അശ്വിനെ അമിതമായി ആശ്രയിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. കാരണം, ആ ഫോർമാറ്റിൽ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതാണ്. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റിൽപ്പോലും അദ്ദേഹത്തെ കളിപ്പിക്കാത്തത് നിഗൂഢമാണ്. പക്ഷേ, ട്വന്റി20യുടെ കാര്യത്തിലും ഐപിഎലിലും അശ്വിന് അമിത പരിഗണന കിട്ടുന്നുണ്ടോയെന്നു സംശയമുണ്ട്’ – മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.
‘ട്വന്റി20യിൽ തന്നേക്കൊണ്ട് സാധിക്കുന്നത് എന്തെല്ലാമാണെന്ന് കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കൊണ്ട് അശ്വിൻ നമുക്കു കാണിച്ചുതന്നിട്ടുണ്ട്. ഞാനാണെങ്കിൽ അശ്വിനേപ്പോലൊരു താരത്തെ ട്വന്റി20 ടീമിൽ ഉൾപ്പെടുത്തില്ല. സ്പിന്നിന് അനുകൂലമായ പിച്ചാണെങ്കിലും വിക്കറ്റെടുക്കുന്നതിൽ മിടുക്കരായ വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, യുസ്‌വേന്ദ്ര ചെഹൽ തുടങ്ങിയവരെയാകും ഞാൻ ടീമിലേക്ക് പരിഗണിക്കുക’ – മഞ്ജരേക്കർ പറഞ്ഞു.
ട്വന്റി20 ഫോർമാറ്റിൽ അധികം റൺസ് വഴങ്ങുന്നില്ല എന്നതുകൊണ്ടു മാത്രം അശ്വിനെ ടീമിൽ നിലനിർത്താൻ ഒരു ടീമും ആഗ്രഹിക്കില്ലെന്ന് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.
‘കുറച്ചധികം കാലമായി ട്വന്റി20 ക്രിക്കറ്റിൽ ഒരു വിക്കറ്റ് വേട്ടക്കാരനൊന്നുമല്ല അശ്വിൻ. അധികം റൺസ് വഴങ്ങാത്തതിന്റെ പേരിൽ മാത്രം അശ്വിനെ ടീമിൽ നിലനിർത്താൻ ഏതെങ്കിലും ടീം തയാറാകുമെന്ന് തോന്നുന്നില്ല’ – മഞ്ജരേക്കർ പറഞ്ഞു.
English Summary: "I would never have somebody like Ravichandran Ashwin in my team" - Sanjay Manjrekar