ADVERTISEMENT

ദുബായ്∙ രണ്ടാമതു ബാറ്റു ചെയ്യുന്നവരെ ‘സ്നേഹിക്കുന്ന’ ദുബായ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പതിവ് ചെന്നൈ സൂപ്പർ കിങ്സിന്റെയും നായകൻ എം.എസ്. ധോണിയുടെയും ‘മഹേന്ദ്രജാല’ത്തിനു മുന്നിൽ വീണു തകർന്നു; ഒപ്പം ഐപിഎൽ ഫൈനല്‍ കളിച്ച രണ്ടു തവണയും കൂറ്റൻ സ്കോറുകൾ അനായാസം പിന്തുർന്ന് ജയിച്ച കൊൽക്കത്തയുടെ ചരിത്രവും! നിർണായകമായിരുന്ന ടോസ് നഷ്ടമായതിന്റെ നിരാശ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി മറികടന്ന ചെന്നൈ സൂപ്പർ കിങ്സ് ഐതിഹാസിക വിജയത്തോടെ ഐപിഎൽ 14–ാം സീസണിന്റെ രാജാക്കൻമാർ. ആവേശകരമായി മാറിയ കലാശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിനു വീഴ്ത്തിയാണ് ചെന്നൈ കിരീടം ചൂടിയത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 192 റൺസ്. അർധസെഞ്ചുറിയുമായി ചെന്നൈ ഇന്നിങ്സിന് അടിത്തറയിട്ട ഓപ്പണർ ഫാഫ് ഡുപ്ലേസിയുടെ (59 പന്തിൽ 86) മികവാണ് ധോണിക്കും സംഘത്തിനും തുണയായത്. ചെന്നൈ ഉയർത്തിയ 193 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക്, നിശ്ചിത 20 ഓവറിൽ നേടാനായത് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് മാത്രം. ഒൻപതാം ഐപിഎൽ ഫൈനൽ കളിച്ച ചെന്നൈയുടെ നാലാം കിരീടമാണിത്. മൂന്നാം ഫൈനൽ കളിച്ച കൊൽക്കത്തയുടെ ആദ്യ ഫൈനൽ തോൽവിയും.

ഓപ്പണർമാർ വീണാൽ അടിപതറുന്ന പതിവ് കലാശപ്പോരിലും ആവർത്തിച്ചാണ് കൊൽക്കത്ത തോൽവിയേറ്റു വാങ്ങിയത്. ചെന്നൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് ഓപ്പണിങ് വിക്കറ്റിൽ 91 റൺസ് കൂട്ടുകെട്ടുയർത്തി ശുഭ്മൻ ഗിൽ – വെങ്കടേഷ് അയ്യർ സഖ്യം തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. എന്നാൽ പിന്നീടെത്തിയവർക്ക് ഇവർ നൽകിയ മികച്ച തുടക്കം മുതലാക്കാനാകാതെ പോയതാണ് കൊൽക്കത്തയ്ക്ക് തിരിച്ചടിയായത്. വെങ്കടേഷ് അയ്യർ 32 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 50 റൺസെടുത്തു. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ശുഭ്മൻ ഗിൽ 43 പന്തിൽ ആറു ഫോറുകളോടെ 51 റൺസുമെടുത്തു. ഓപ്പണിങ് വിക്കറ്റിൽ 64 പന്തിലാണ് ഇരുവരും 91 റൺസ് കൂട്ടുകെട്ട് തീർത്തത്.

ഇവർ പുറത്തായശേഷം ക്രീസിലെത്തിയ കൊൽക്കത്ത ബാറ്റർമാരിൽ രണ്ടക്കം കണ്ടത് വാലറ്റക്കാരായ ശിവം മാവിയും (13 പന്തിൽ 20), ലോക്കി ഫെർഗൂസനും (11 പന്തിൽ പുറത്താകാതെ 18) മാത്രം. നിതീഷ് റാണ (0), സുനിൽ നരെയ്ൻ (2), ക്യാപ്റ്റൻ ഒയിൻ മോർഗൻ (4), ദിനേഷ് കാർത്തിക് (9), ഷാക്കിബ് അൽ ഹസൻ (0), രാഹുൽ ത്രിപാഠി (2) എന്നിങ്ങനെയാണ് മറ്റ് കൊൽക്കത്ത താരങ്ങളുടെ പ്രകടനം. വിക്കറ്റ് നഷ്ടം കൂടാതെ 91 റൺസെന്ന നിലയിൽനിന്ന് വെറും 33 റൺസിനിടെ എട്ടു വിക്കറ്റുകൾ നഷ്ടമാക്കിയാണ് കൊൽക്കത്ത തോൽവിയിലേക്കു വീണത്.

ചെന്നൈയ്ക്കായി ഷാർദുൽ ഠാക്കൂർ നാല് ഓവറിൽ 38 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്‌സൽവുഡ് നാല് ഓവറിൽ 29 റൺസ് വഴങ്ങിയും രവീന്ദ്ര ജഡേജ നാല് ഓവറിൽ 37 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചാഹർ നാല് ഓവറിൽ 32 റൺസ് വഴങ്ങിയും ഡ്വെയിൻ ബ്രാവോ നാല് ഓവറിൽ 29 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.

∙ ബാറ്റർമാരുടെ ആറാട്ട്!

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസെടുത്തത്. നിർണായക മത്സരത്തിൽ ഫോമിലേക്കുയർന്ന ഓപ്പണർ ഫാഫ് ഡുപ്ലേസിയുടെ അർധസെഞ്ചുറിയാണ് ചെന്നൈയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 59 പന്തുകൾ നേരിട്ട ഡുപ്ലേസി 86 റൺസെടുത്ത് ഇന്നിങ്സിലെ അവസാന പന്തിൽ പുറത്തായി. ഡുപ്ലേസിക്കു പുറമേ, ബാറ്റെടുത്തവരെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകിയതോടെയാണ് ചെന്നൈ മികച്ച സ്കോറിലെത്തിയത്. ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് (27 പന്തിൽ 32), റോബിൻ ഉത്തപ്പ (15 പന്തിൽ 31), മോയിൻ അലി (20 പന്തിൽ പുറത്താകാതെ 37) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ചെന്നൈയ്ക്കായി ഇന്നു കളത്തിലുണ്ടായിരുന്ന മൂന്നു സഖ്യങ്ങളും അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു. ഓപ്പണിങ് വിക്കറ്റിൽ ഡുപ്ലേസി – ഗെയ്ക്‌വാദ് സഖ്യം 49 പന്തിൽ 61 റൺസ്, രണ്ടാം വിക്കറ്റിൽ ഡുപ്ലേസി – ഉത്തപ്പ സഖ്യം 32 പന്തിൽ 63 റൺസ്, മൂന്നാം വിക്കറ്റിൽ ഡുപ്ലേസി – മോയിൻ അലി സഖ്യം 39 പന്തിൽ 68 എന്നിങ്ങനെയാണ് ചെന്നൈ താരങ്ങൾ കൂട്ടിച്ചേർത്തത്.‌

കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. അവസാന ഓവറിലെ ഏഴു റൺസ് ഉൾപ്പെടെ നാല് ഓവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ശിവം മാവിയുടെ ബോളിങ് പ്രകടനവും ശ്രദ്ധേയമായി. അതേസമയം, നാല് ഓവറിൽ 56 റൺസ് വഴങ്ങിയ ലോക്കി ഫെർഗൂസൻ, നാല് ഓവറിൽ 38 റൺസ് വഴങ്ങിയ വരുൺ ചക്രവർത്തി, മൂന്ന് ഓവറിൽ 33 റൺസ് വഴങ്ങിയ ഷാക്കിബ് അൽ ഹസൻ എന്നിവർ നിരാശപ്പെടുത്തി. ഈ സീസണിൽ ഇത് ആറാം തവണ മാത്രമാണ് കൊൽക്കത്ത ബോളർമാർക്ക് പവർപ്ലേ ഓവറുകളിൽ ഒരു വിക്കറ്റ് പോലും നേടാനാകാതെ പോകുന്നത്. ഇതിനു മുൻപ് അഞ്ച് തവണ ഇങ്ങനെ സംഭവിച്ചതിൽ നാലു തവണയും കൊൽക്കത്ത മത്സരം കൈവിട്ടിരുന്നു. ഇപ്പോൾ ഫൈനലിലും കൊൽക്കത്തയ്ക്കു തോൽവി തന്നെ.

∙ കരുത്തായി ഗെയ്ക്‌വാദ്–ഡുപ്ലേസി സഖ്യം

ഒരിക്കൽക്കൂടി ചെന്നൈ ഇന്നിങ്സിന് അടിത്തറയിട്ട് ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഡുപ്ലേസി–ഗെയ്ക്‌വാദ് സഖ്യമാണ് ധോണിക്കും സംഘത്തിനും കരുത്തായത്. 49 പന്തിൽനിന്ന് ഈ സഖ്യം കൂട്ടിച്ചേർത്തത് 61 റൺസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഈ സീസണിലെ മൂന്നാം മത്സരത്തിലും അർധസെഞ്ചുറി കൂട്ടുകെട്ട് തീർക്കാൻ ഇവർക്കായി. ലീഗ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളിലും ഇവർ കൊൽക്കത്തയ്‌ക്കെതിരെ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തിരുന്നു. മാത്രമല്ല, ഈ സീസണിൽ ഗെയ്ക്‌വാദ് – ഡുപ്ലേസി സഖ്യത്തിന്റെ ഏഴാം അർധസെഞ്ചുറി കൂട്ടുകെട്ടാണിത്. ഇതോടെ, ഇവർ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത എല്ലാ മത്സരങ്ങളും ചെന്നൈ ജയിച്ചു.

ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ സഖ്യമായും ഇവർ മാറി. ഈ സീസണിൽ ഡുപ്ലേസി – ഗെയ്ക്‌വാദ് സഖ്യത്തിന്റെ ആകെ റൺനേട്ടം 756 റൺസാണ്. ഇവർക്കു മുന്നിലുള്ളത് 2016 സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന‌ായി 939 റൺസടിച്ചുകൂട്ടിയ വിരാട് കോലി–എബി ഡിവില്ലിയേഴ്സ് സഖ്യവും 2019ൽ സൺറൈസേഴ്സ് ഹൈദരാബാദിനായി 791 റൺസടിച്ച ഡേവിഡ് വാർണർ – ജോണി ബെയർസ്റ്റോ സഖ്യവും മാത്രം.

മാത്രമല്ല, ഈ സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിലും ഗെയ്ക്‌വാദും ഡുപ്ലേസിയും ഒന്നും രണ്ടും സ്ഥാനത്തെത്തി. ഈ സീസണിൽ 16 മത്സരങ്ങളിൽനിന്ന് 45.36 ശരാശരിയിൽ 635 റൺസുമായി ഗെയ്ക്‌വാദാണ് ഒന്നാമത്. 16 മത്സരങ്ങളിൽനിന്ന് 45.21 ശരാശരിയിൽ 633 റൺസുമായി ഡുപ്ലേസി രണ്ടാം സ്ഥാനത്താണ്. 2014ൽ കൊൽക്കത്ത ഐപിഎൽ ചാംപ്യൻമാരായപ്പോൾ ഓറഞ്ച് ക്യാപ്പ് നേടിയ റോബിൻ ഉത്തപ്പയ്ക്കു ശേഷം ആദ്യമായി ഓറഞ്ച് ക്യാപ് ഐപിഎൽ കിരീടം ചൂടിയ ടീമിലെ താരത്തിനു ലഭിച്ചു.

English Summary: Chennai Super Kings vs Kolkata Knight Riders, Final - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT