ദുബായ്∙ ‘എന്റെ കൈവശം കുറേ വിക്കറ്റ് കീപ്പർമാരുണ്ട്. പരിശീലന മത്സരങ്ങളിൽ ആരാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്നു നോക്കാം’ – ട്വന്റി20 ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ വിരാട് കോലിയുടെ വാക്കുകളാണിത്. അദ്ദേഹം ഇതു പറഞ്ഞതോ, ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിനോടും. ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേഷണാവകാശം കയ്യാളുന്ന ‘സ്റ്റാർ സ്പോർട്സ് ഇന്ത്യ’ പുറത്തുവിട്ട ഏറ്റവും പുതിയ വിഡിയോയിലാണ് ടീമിന്റെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിന് ക്യാപ്റ്റൻ വിരാട് കോലി ‘മുന്നറിയിപ്പു’ നൽകിയത്.
ഇരുവരും വിഡിയോ കോൾ ചെയ്യുന്ന രീതിയിലാണ് വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്. വിഡിയോയിൽ ഇരുവരും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:
വിരാട് കോലി: ‘ഋഷഭ്, ട്വന്റി20 ക്രിക്കറ്റിൽ സിക്സറുകളാണ് നമുക്ക് വിജയം സമ്മാനിക്കുന്നത്’.
ഋഷഭ് പന്ത്: ‘പേടിക്കേണ്ട ഭയ്യാ. ഞാൻ എല്ലാ ദിവസവും സിക്സടിച്ച് പരിശീലിക്കുന്നുണ്ട്. ലോകകപ്പ് ഫൈനലിൽ സിക്സടിച്ച് ഇന്ത്യയെ ജയിപ്പിച്ചത് ഒരു വിക്കറ്റ് കീപ്പറാണെന്നു മറക്കരുത്.’ (2011 ഏകദിന ലോകകപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ സിക്സടിച്ച് മഹേന്ദ്രസിങ് ധോണി ഇന്ത്യയെ വിജയത്തിലെത്തിച്ചതിനെക്കുറിച്ച്).
വിരാട് കോലി: ‘ശരിയാണ്. പക്ഷേ, മഹേന്ദ്രസിങ് ധോണിക്കു ശേഷം നമുക്ക് അത്ര നല്ലൊരു വിക്കറ്റ് കീപ്പറെ ലഭിച്ചിട്ടില്ല.’
ഋഷഭ് പന്ത്: ‘വിക്കറ്റ് കീപ്പറായി ഞാനുണ്ടല്ലോ!’
വിരാട് കോലി: ‘എന്റെ കൈവശം ഒട്ടേറെ വിക്കറ്റ് കീപ്പർമാരുണ്ട്. പരിശീലന മത്സരങ്ങളിൽ ആരാണ് തിളങ്ങുന്നതെന്നു നമുക്കു നോക്കാം.’
കോലിയുടെ വാക്കുകൾ കേട്ട് ഋഷഭ് പന്ത് നിരാശയോടെ ഇരിക്കുന്നതാണ് വിഡിയോയിലുള്ളത്. സൂപ്പർ 12 ഘട്ടത്തിൽ ഒക്ടോബർ 24ന് ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. അതിനു മുന്നോടിയായി ഒക്ടോബർ 18ന് ദുബായിൽവച്ച് ഇംഗ്ലണ്ടിനെതിരെയും 20ന് ഓസ്ട്രേലിയയ്‌ക്കെതിരെയും ഇന്ത്യയ്‌ക്ക് പരിശീലന മത്സരങ്ങളുണ്ട്.
English Summary: Virat Kohli challenges Rishabh Pant ahead of T20 World Cup