ഇന്ത്യ ട്രാക്കിലായി; 189 റൺസ് പിന്തുടർന്ന് ഇംഗ്ലണ്ടിനെ 7 വിക്കറ്റിനു തോൽപ്പിച്ചു

ishan-kl-rahul
ഇന്ത്യയ്‌ക്കായി അർധസെഞ്ചുറി നേടിയ ഇഷാൻ കിഷനും കെ.എൽ. രാഹുലും(ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ദുബായ് ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിൽ നിർത്തിയിടത്തുനിന്നു തന്നെ ഇന്ത്യൻ ജഴ്സിയിലും തുടക്കമിട്ട് കെ.എൽ. രാഹുൽ ഇഷാൻ കിഷനും നേടിയ അർധസെഞ്ചുറികളുടെ മികവിൽ, ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. കരുത്തരായ ഇംഗ്ലണ്ടിനെ ആറു വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 188 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒരു ഓവർ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

46 പന്തിൽ ഏഴു ഫോറും മൂന്നു സിക്സും സഹിതം പുറത്താകാതെ 70 റൺസെടുത്ത ഓപ്പണർ ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇഷാൻ കിഷൻ റിട്ടയേർഡ് ഹർട്ടായി മടങ്ങുകയായിരുന്നു. ഇംഗ്ലണ്ട് ഫീൽഡർമാരുടെ കയ്യയച്ചുള്ള സഹായം കൂടി അകമ്പടി സേവിച്ചതായിരുന്നു ഇഷാൻ കിഷന്റെ ഇന്നിങ്സെങ്കിൽ, തകർത്തടിച്ച് സഹ ഓപ്പണർ കെ.എൽ. രാഹുൽ നേടിയ അർധസെഞ്ചുറിക്ക് ഫുൾ മാർക്ക്. 24 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതമാണ് രാഹുൽ 51 റൺസെടുത്തത്.

രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ രാഹുലിനൊപ്പം ഓപ്പണറായി ഇഷാൻ കിഷനെ അയച്ചത്. ഈ സഖ്യം ക്ലിക്കായതാണ് ഇന്ത്യയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ വെറും 50 പന്തിൽനിന്ന് രാഹുൽ – ഇഷാൻ കിഷൻ സഖ്യം അടിച്ചുകൂട്ടിയത് 82 റൺസ്. രണ്ടാം വിക്കറ്റിൽ കിഷൻ – കോലി സഖ്യം 26 പന്തിൽ 43 റൺസും മൂന്നാം വിക്കറ്റിൽ കിഷൻ – സൂര്യകുമാർ സഖ്യം 29 പന്തിൽ 43 റൺസും കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻ വിരാട് കോലി 13 പന്തിൽ 11 റൺസോടെയും സൂര്യകുമാർ യാദവ് ഒൻപതു പന്തിൽ എട്ടു റൺസെടുത്തും നിരാശപ്പെടുത്തിയെങ്കിലും ഋഷഭ് പന്ത് (14 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം പുറത്താകാതെ 29), ഹാർദിക് പാണ്ഡ്യ (10 പന്തിൽ രണ്ടു ഫോറുകൾ സഹിതം പുറത്താകാതെ 12) എന്നിവർ ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി, മാർക്ക് വുഡ്, ലിയാം ലിവിങ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

∙ ബാറ്റിങ്ങിൽ ഇംഗ്ലിഷ് കരുത്ത്

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 188 റൺസെടുത്തത്. അർധസെഞ്ചുറിക്ക് ഒരു റൺ അകലെ പുറത്തായ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 36 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതമാണ് ബെയർസ്റ്റോ 49 റൺസെടുത്തത്.

ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനായി പുറത്തെടുത്ത തകർപ്പൻ ഇന്നിങ്സിന്റെ ബാക്കി ഇംഗ്ലണ്ടിനായും പുറത്തെടുത്ത ഓൾറൗണ്ടർ മോയിൻ അലിയുടെ ബാറ്റിങ് വെടിക്കെട്ടാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇന്നിങ്സിലെ അവസാന രണ്ടു പന്തുകളിൽ നേടിയ സിക്സറുകൾ സഹിതം മോയിൻ അലി 20 പന്തിൽ 43 റൺസുമായി പുറത്താകാതെ നിന്നു. മോയിൻ അലി ആകെ നേടിയത് നാലു ഫോറും രണ്ടു സിക്സും.

ഇംഗ്ലണ്ട് നിരയിൽ ബാറ്റിങ്ങിന് ഇറങ്ങിയ മറ്റുള്ളവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജെയ്സൻ റോയ് (13 പന്തിൽ 17), ജോസ് ബട്‍ലർ (13 പന്തിൽ 18), ഡേവിഡ് മലാൻ (18 പന്തിൽ 18), ലിയാം ലിവിങ്സ്റ്റൺ (20 പന്തിൽ 30) എന്നിങ്ങനെയാണ് മററ്റു താരങ്ങളുടെ പ്രകടനം. ക്രിസ് വോക്സ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാല് ഓവറിൽ 40 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയുടെ പ്രകടനവും ശ്രദ്ധേയമായി. രാഹുൽ ചാഹറിന് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 43 റൺസ് വഴങ്ങി. അതേസമയം, വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും രവിചന്ദ്രൻ അശ്വിൻ നാല് ഓവറിൽ വഴങ്ങിയത് 23 റൺസ് മാത്രം. നാല് ഓവറിൽ 54 റൺസ് വഴങ്ങിയ ഭുവനേശ്വർ കുമാർ തീർത്തും നിരാശപ്പെടുത്തി.

English Summary: India vs England, 12th Match - Live Cricket Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA