ADVERTISEMENT

ദുബായ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സിനെ കിരീട വിജയത്തിലെത്തിച്ചതിന്റെ ആവേശമടങ്ങും മുൻപ് മഹേന്ദ്രസിങ് ധോണി അടുത്ത ദൗത്യത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നു. ട്വന്റി20 ലോകകപ്പിനായി തയാറെടുക്കുന്ന ഇന്ത്യൻ ടീമിനൊപ്പമാണ് ധോണിയെത്തിയത്. ഇത്തവണ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ മെന്ററായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ധോണിയെ നിയോഗിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കിരീടം ലക്ഷ്യമിടുന്ന ഇന്ത്യൻ ടീമിനൊപ്പം മാർഗദർശിയായി ധോണി കൂടി ചേർന്നത്.

ധോണി ഇന്ത്യൻ ടീമിനൊപ്പം ചേർന്ന വിവരം ചിത്രം സഹിതം ബിസിസിഐയാണ് പുറത്തുവിട്ടത്. ‘പുതിയ വേഷത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്ന കിങ് എം.എസ്. ധോണിക്ക് ഹൃദ്യമായ സ്വാഗതം’ – ചിത്രത്തിനൊപ്പം ബിസിസിഐ ട്വിറ്ററിൽ കുറിച്ചു.

ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ചാംപ്യൻമാരായിട്ടുള്ളത് ഒരേയൊരു തവണ മാത്രമാണ്. 2007ലെ പ്രഥമ പതിപ്പിലാണ് ഇന്ത്യ കിരീടം ചൂടിയത്. അന്ന് തീർത്തും യുവനിരയുമായി എത്തിയ ടീം ഇന്ത്യയെ അപ്രതീക്ഷിത കിരീടവിജയത്തിലേക്കു നയിച്ചത് ധോണിയാണ്. അതിനുശേഷം ഇതുവരെ ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് നേടാനായിട്ടില്ല. ആ കുറവു പരിഹരിക്കാൻ കൂടി ഉദ്ദേശിച്ചാണ് ധോണി ടീമിന്റെ മെന്ററായി എത്തുന്നത്.

ഇതോടെ, ഏതാണ്ട് രണ്ടു വർഷത്തിനുശേഷമാണ് ധോണി ഇന്ത്യൻ ഡ്രസിങ് റൂമിലെത്തുന്നത്. 2019ലെ ഏകദിന ലോകകപ്പിനുശേഷം ധോണി ഇതുവരെ ഇന്ത്യൻ ടീമിനായി കളിച്ചിട്ടില്ല. കഴിഞ്ഞ ഐപിഎൽ സീസണിനു മുന്നോടിയായി അപ്രതീക്ഷിതമായി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുകയും ചെയ്തു.

ട്വന്റി20 ലോകകപ്പിൽ സൂപ്പർ 12 ഘട്ടത്തിലേക്ക് നേരിട്ടു യോഗ്യത നേടി ഇന്ത്യൻ ടീം, ഈ മാസം 24ന് ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയാണ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. അതിനു മുന്നോടിയായി രണ്ടു പരിശീലന മത്സരങ്ങളും ടീം കളിക്കും. ആദ്യ പരിശീലന മത്സരം ഇന്നു രാത്രി ഇംഗ്ലണ്ടിനെതിരെയാണ്. രണ്ടാം പരിശീലന മത്സരം ബുധനാഴ്ച ഓസ്ട്രേലിയയ്‌ക്കെതിരെയാണ്.

English Summary: MS Dhoni joins Team India camp ahead of the T20 World Cup 2021 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com