ധോണിയില്ലാതെ എന്ത് ചെന്നൈ സൂപ്പർ കിങ്സ്? വിശദീകരിച്ച് ശ്രീനിവാസൻ

srinivasan-ms-dhoni
ശ്രീനിവാസനൊപ്പം എം.എസ്. ധോണി (ട്വിറ്റർ ചിത്രം)
SHARE

ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ സൂപ്പർതാരം മഹേന്ദ്രസിങ് ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തുമോ എന്ന ആകാംക്ഷയ്ക്കിടെ, ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യാ സിമന്റ്സ് വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ.ശ്രീനിവാസൻ രംഗത്ത്. ധോണിയില്ലാതെ എന്ത് ചെന്നൈ സൂപ്പർ കിങ്സ് എന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. ചെന്നൈ സൂപ്പർ കിങ്സില്ലാതെ ധോണിയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താരം ചെന്നൈ സൂപ്പർ കിങ്സിനൊപ്പം തന്നെ തുടരുമെന്ന് വ്യക്തമാക്കുന്നതാണ് ശ്രീനിവാസന്റെ പ്രതികരണം.

കഴി‍ഞ്ഞ ദിവസം സമാപിച്ച ഐപിഎൽ 14–ാം സീസണിൽ ധോണിക്കു കീഴിൽ ചെന്നൈ സൂപ്പർ കിങ്സ് കിരീടം ചൂടിയിരുന്നു. ഐപിഎൽ ചരിത്രത്തിലെ ഒൻപതാം ഫൈനൽ കളിച്ച ചെന്നൈയുടെ നാലാം കിരീടമായിരുന്നു അത്. ഇതിനു പിന്നാലെ നാൽപ്പതുകാരനായ ധോണിയെ അടുത്ത മേഗാലേലത്തിനു മുന്നോടിയായി കനത്ത തുക നൽകി ചെന്നൈ നിലനിർത്തുമോയെന്ന കാര്യം ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു.

‘ചെന്നൈ സൂപ്പർ കിങ്സിന്റെ എല്ലാമെല്ലാമാണ് ധോണി. ചെന്നൈ സൂപ്പർകിങ്സിന്റെ മാത്രമല്ല, ചെന്നൈയുടെയും തമിഴ് നാടിന്റെയും അവിഭാജ്യ ഘടകമാണ് ധോണി. ധോണിയില്ലാതെ ചെന്നൈ സൂപ്പർ കിങ്സും ചെന്നൈ സൂപ്പർ കിങ്സില്ലാതെ ധോണിയുമില്ല. ’ – ശ്രീനിവാസൻ വ്യക്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം മെന്ററായി ചേർന്ന ധോണി തിരിച്ചെത്തിയാൽ, ചെന്നൈയിൽവച്ച് ഐപിഎൽ വിജയാഘോഷം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽവച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനേയും പങ്കെടുപ്പിച്ചാണ് വിജയാഘോഷം നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

English Summary: No Chennai Super Kings without MS Dhoni, no MS Dhoni without Chennai Super Kings: N Srinivasan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS