ADVERTISEMENT

കറാച്ചി∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ എന്ന നിലയിൽ ഒരു രൂപപോലും പ്രതിഫലം വാങ്ങില്ലെന്ന് പ്രഖ്യാപിച്ച പാക്കിസ്ഥാന്റെ മുൻ താരം കൂടിയായ റമീസ് രാജയെ ‘ട്രോളി’ അവരുടെ മറ്റൊരു മുൻതാരം മുഹമ്മദ് ആമിർ. അല്ലെങ്കിലും പിസിബി ചെയർമാൻ സ്ഥാനത്തിന്റെ ആകർഷണം മാസ ശമ്പളമൊന്നുമല്ലെന്ന് ചൂണ്ടിക്കാട്ടിയ ആമിർ, ആ സ്ഥാനത്തിരിക്കുന്നവർക്ക് മറ്റു ചില ഗുണങ്ങളാണ് കൂടുതൽ ലഭിക്കുകയെന്ന് ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയാണ് റമീസ് രാജയുടെ പ്രഖ്യാപനത്തിനെതിരെ പരിഹാസവുമായി ആമിർ രംഗത്തെത്തിയത്.

പാക്കിസ്ഥാനിലെ ക്ലബ് പ്രസിഡന്റുമാരുടെ യോഗത്തിലാണ്, പിസിബി ചെയർമാനെന്ന നിലയിൽ താൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങില്ലെന്ന് റമീസ് രാജ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ട്വിറ്ററിലൂടെ ആമിറിന്റെ പ്രതികരണം ഇങ്ങനെ:

‘എന്റെ അറിവുവച്ച് പിസിബി ചെയർമാന് പ്രത്യേകിച്ച് മാസ ശമ്പളമൊന്നുമില്ല. പകരം മറ്റു ചില ഗുണങ്ങളാണ് ഏറെയുള്ളത്. ഒരുപക്ഷേ, എന്റെ അറിവ് തെറ്റായിരിക്കാം. ഞാൻ കേട്ടിട്ടുള്ളത് അങ്ങനെയാണ്’ – മുഹമ്മദ് ആമിർ ട്വിറ്ററിൽ കുറിച്ചു. അതേസമയം, പിസിബി ചെയർമാനു ലഭിക്കുന്ന ‘ഗുണ’ങ്ങൾ എന്തൊക്കെയാണെന്ന് ആമിർ വിശദീകരിച്ചില്ല.

നേരത്തെ, ക്ലബ് പ്രസിഡന്റുമാരുടെ യോഗത്തിലാണ് താൻ പിസിബി ചെയർമാനെന്ന നിലയിൽ പ്രതിഫലം വാങ്ങില്ലെന്ന് റമീസ് രാജ പ്രഖ്യാപിച്ചത്. ആകർഷകമായ ഒരു കരിയർ വേണ്ടെന്നുവച്ചാണ് താൻ പിസിബി ചെയർമാൻ സ്ഥാനം ഏറ്റെടുത്തതെന്നും റമീസ് രാജ പറഞ്ഞിരുന്നു.

‘ഞാൻ ഈ ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്തു വന്നത് പ്രത്യേകിച്ച് ശമ്പളമൊന്നും വാങ്ങാതെയാണ്. അടുത്ത മൂന്നു വർഷത്തേക്ക് എനിക്ക് ഒരു രൂപ പോലും ശമ്പളമില്ല. എന്റെ ഇപ്പോഴത്തെ കരിയർ ത്യജിച്ചാണ് ഞാൻ ഈ ദൗത്യം ഏറ്റെടുത്തത്. ഇപ്പോൾ എന്റെ കൈവശമിരിക്കുന്ന കാർ പോലും 2008 മോഡലാണ്. എനിക്ക് വലിയ വീടു പണിയാനായില്ലെന്നതും ആഡംബര കാർ വാങ്ങാൻ സാധിക്കാത്തതും എന്നെ വിഷമിപ്പിക്കുന്നില്ല. ചില സമയത്ത് ഇത്തരം ചില ദൗത്യങ്ങളും ഏറ്റെടുക്കേണ്ടിവരും’ – റമീസ് രാജ പറഞ്ഞു.

English Summary: Mohammad Amir takes a dig at Ramiz Raja for his claims of not receiving salary from PCB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com