ADVERTISEMENT

ദുബായ്∙ ട്വന്റി20 ലോകകപ്പിൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടം ഞായറാഴ്ച ദുബായിൽ അരങ്ങേറാനിരിക്കെ ക്രിക്കറ്റ് ലോകത്ത് വാ‌ഗ്‌വാദങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇരു ടീമിലെയും മികച്ച താരങ്ങളെക്കുറിച്ചും ടീമിന്റെ വിജയസാധ്യതകളെക്കുറിച്ചും ആരാധകർ അഭിപ്രായങ്ങൾ പങ്കിടുന്നുണ്ട്. പല താരങ്ങളെയും താരതമ്യപ്പെടുത്തിയും അവകാശവാദങ്ങളുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായതായിരുന്നു ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയെയും പാക്ക് ബോളർ ഷഹീൻ അഫ്രീദിയെയും താരതമ്യപ്പെടുത്തിയുള്ള പ്രതികരണങ്ങൾ.

എന്നാൽ ഇപ്പോൾ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്ക് താരം മുഹമ്മദ് ആമിർ. ബുമ്രയെയും അഫ്രീദിയെയും താരതമ്യം ചെയ്യുന്നത് മണ്ടത്തരമാണെന്നാണ് ആമിറിന്റെ അഭിപ്രായം. ‘ ഇപ്പോൾ ഷഹീനെ ബുമ്രയുമായി താരതമ്യം ചെയ്യുന്നത് വിഡ്ഢിത്തമാണ്. കാരണം, ഷഹീൻ ചെറുപ്പമാണ്. പഠിച്ചു വരുന്നതേയുള്ളൂ. ബുമ്ര വളരെക്കാലമായി ഇന്ത്യയ്ക്കായി കളിക്കുന്നു. നിലവിൽ ഏറ്റവും മികച്ച ട്വന്റി20 ബോളർ അദ്ദേഹമാണെന്ന് ഞാൻ കരുതുന്നു, പ്രത്യേകിച്ച് ഡെത്ത് ഓവറിൽ.’– മുഹമ്മദ് ആമിർ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എന്നാൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെയിലെ പാക്കിസ്ഥാന്റെ മികച്ച ബോളറാണ് ഷഹീൻ അഫ്രീദിയെന്നും ആമിർ വ്യക്തമാക്കി. അതിനാൽ, ഇത് ഒരു നല്ല മത്സരമായിരിക്കുമെന്ന് ഉറപ്പാണ്. ന്യൂ ബോൾ നന്നായി കൈകാര്യം ചെയ്യുന്നയാളാണ് ബുമ്ര. യുവതാരങ്ങൾക്കിടയിൽ ന്യൂ ബോൾ കൈകാര്യം ചെയ്യുന്നതിൽ ഷഹീൻ മികച്ച താരമാണെന്നും ആമിർ പറഞ്ഞു.

shaheen-afridi-1248
ഷഹീൻ അഫ്രീദി

ഫാസ്റ്റ് ബോളിങ്ങിൽ പാക്കിസ്ഥാന് മുൻതൂക്കമുണ്ട്. ഹസൻ അലിയും ഷഹീനും നന്നായി പന്തെറിയുന്നു. ഒപ്പം ഹാരിസ് റൗഫുമുണ്ട്. ഡെത്ത് ഓവറിലെ മികച്ച ട്വന്റി20 ബോളർമാർ ഇവരാണ്. ഇന്ത്യൻ ടീമിനെ സംബന്ധിച്ചടത്തോളം ബുമ്ര മാത്രമാണുള്ളത്. ഐപിഎലിൽ ഭുവനേശ്വർ കുമാറിന് തിളങ്ങാനായില്ല. മുഹമ്മദ് ഷമിക്ക് ന്യൂ ബോളിൽ മാത്രമാണ് നന്നായി പന്തെറിയാൻ സാധിക്കുക. സ്പിൻ വിഭാഗത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈയുണ്ട്. അശ്വിൻ, ജഡേജ, വരുൺ ചക്രവർത്തി എന്നിവർ നന്നായി പന്തെറിയുന്നുണ്ടെന്നും ആമിർ പറഞ്ഞു.

English Summary: 'Comparing Afridi with Bumrah foolish': Amir calls India pacer 'best T20 bowler'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com