ADVERTISEMENT

സന്നാഹ മത്സരങ്ങളിൽ കിട്ടാതെ പോയ ഒരു കാര്യമാണ് പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്കു കിട്ടിയത്– ബാറ്റിങ്ങും ബോളിങ്ങും അങ്ങേയറ്റം പരീക്ഷിക്കപ്പെട്ടു! 10 വിക്കറ്റ് തോൽവിയെ പാഠമായി കാണുകയാണെങ്കിൽ ഇന്ത്യയ്ക്ക് ഇതിലും ‘നല്ലൊരു’ തുടക്കം കിട്ടാനില്ല. പരാജയത്തിലും പാടേ നിരാശരാവാതെ മുന്നേറാൻ സമയവും സാഹചര്യവുമുണ്ട്. ഒരാഴ്ചയോളം നീളുന്ന ഇടവേളയ്ക്കു ശേഷം 31ന് ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അതു വരെ പാക്കിസ്ഥാൻ കാണിച്ചു തന്നെ ‘കണ്ണാടി’ നോക്കി ഇന്ത്യയ്ക്കു പിഴവുകൾ തിരുത്താം.

∙ എന്തൊരു സ്പീഡ്!

ഷഹീൻ ഷാ അഫ്രിദി, ഹാരിസ് റൗഫ്, ഹസൻ അലി എന്നിവരടങ്ങുന്ന പാക്ക് ബോളിങ് ത്രയത്തിൽ ഏറ്റവും വേഗം കുറവ് ഹസൻ അലിയുടെ പന്തുകൾക്കാണ്. മണിക്കൂറിൽ 140 മുതൽ 146 കി.മീ. വേഗത്തിലാണ് ഹസൻ പന്തെറിയുന്നത്. മറുവശത്ത് ഇന്ത്യൻ പേസ് ബോളിങ് ത്രയത്തിലെ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നിവരിൽ ഏറ്റവും വേഗക്കാരൻ ജസ്പ്രീത് ബുമ്രയുടെ പരമാവധി വേഗം ഇതാണെന്ന് അറിയുമ്പോഴാണ് ഇരു ടീമിലെയും പേസ് ബോളർമാർ തമ്മിലുള്ള അന്തരം മനസ്സിലാകുക.

india
ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ

∙ താരം, പരമാവധി വേഗം, ശരാശരി വേഗം (മണിക്കൂറിൽ)

പാക്കിസ്ഥാൻ

∙ ഷഹീൻ ഷാ അഫ്രിദി -152 കി.മീ -145 കി.മീ
∙ ഹാരിസ് റൗഫ് -153 കി.മീ -146 കി.മീ
∙ ഹസൻ അലി -146 കി.മീ -142. കി.മീ

ഇന്ത്യ

∙ ജസ്പ്രീത് ബുമ്ര -146 കി.മീ -142. കി.മീ
∙ മുഹമ്മദ് ഷമി -146 കി.മീ -140 കി.മീ
∙ ഭുവനേശ്വർ കുമാർ -145.കി.മീ -136 കി.മീ

ഈ വേഗ വ്യത്യാസമാണ് ഇന്ത്യൻ ബാറ്റർമാരെ കുഴക്കിയത്. വേഗം കൂടിയ പന്തുകൾ നേരിടുമ്പോൾ ഇന്ത്യൻ ബാറ്റർമാരുടെ റിയാക്‌ഷൻ ടൈം (പന്തിനോടു പ്രതികരിക്കാനുള്ള സമയം) തെറ്റി.

*(2020 മുതലുള്ള രാജ്യാന്തര മത്സരങ്ങളിലെ കണക്ക്. 2018ൽ ഒരു ടെസ്റ്റ് മത്സരത്തിൽ ബുമ്ര 153.26 കി.മീ വേഗത്തിൽ പന്തെറിഞ്ഞിട്ടുണ്ട്)

pakistan
ഹാരിസ് റൗഫ്, ഹസൻ അലി

∙ ഉയരെ...

ഉയരത്തിന്റെ കാര്യത്തിലും ഇന്ത്യൻ ബോളർമാരെക്കാൾ ഒരുപടി മുന്നിലായിരുന്നു പാക്ക് പേസർമാർ. 1.98 മീറ്ററാണ് ഷഹീൻ അഫ്രിദിയുടെ ഉയരം. ഹാരിസ് റൗഫിന്റേത് 1.80 മീറ്ററും ഹസൻ അലിയുടേത് 1.74 മീറ്ററും. 1.78 മീറ്ററാണ് ബുമ്രയുടെയും ഷമിയുടെയും ഉയരം. 1.75 മീറ്റർ ഉയരമാണ് ഭുവനേശ്വറിന്. ശരാശരി ഉയരക്കാരായ ബോളർമാരുടെ പന്തുകൾ കളിച്ചുശീലിച്ച ഇന്ത്യൻ ബാറ്റർമാർക്ക് പാക്ക് ബോളർമാരുടെ ഉയരക്കൂടുതൽ കാര്യങ്ങൾ കടുപ്പമാക്കി.

∙ സ്പിൻ ട്വിൻ

ഷദബ് ഖാനും ഇമാദ് വസീമും ട്വന്റി20 സ്പെഷലിസ്റ്റ് സ്പിന്നർമാരാണ്. സ്പിൻ ലഭിക്കാൻ ബുദ്ധിമുട്ടുള്ള പിച്ചിൽ സീമിൽ പന്തെറിഞ്ഞ് സ്വിങ് കണ്ടെത്താനാണ് ഇമാദ് വസീം ശ്രമിച്ചത്. പവർപ്ലേ ഓവറുകളിൽ ഈ പരീക്ഷണം ഫലം കണ്ടു. 2 ഓവറിൽ ഇമാദ് വഴങ്ങിയത് 10 റൺസ് മാത്രം. പന്തിന് പരമാവധി ഫ്ലൈറ്റ് നൽകി പിച്ചിന്റെ വേഗക്കുറവ് മുതലാക്കാനായിരുന്നു ഷദബ് ശ്രമിച്ചത്. അതും വിജയമായി (4–0–22–1).

∙ സ്വിങ് vs സീം

പന്ത് പിച്ച് ചെയ്യുന്നതിനു മുൻപ് വായുവിൽ തന്നെ സ്വിങ് ചെയ്യിക്കാൻ (ഗതി തിരിക്കാനുള്ള) കഴിവുള്ള പാക്കിസ്ഥാന്റെ സ്വിങ് ബോളർമാരും പന്ത് സീമിൽ (പന്തിന്റെ തുന്നൽ) പിച്ച് ചെയ്ത ശേഷം സ്വിങ് ലഭിക്കുമെന്ന പ്രതീക്ഷയോടെ പന്തെറിയുന്ന ഇന്ത്യൻ ബോളർമാരും തമ്മിലുള്ള മത്സരം കൂടിയായിരുന്നു ദുബായിൽ. രോഹിത് ശർമയുടെയും കെ.എൽ. രാഹുലിന്റെയും വിക്കറ്റ് നേടിയ ഷഹീൻ അഫ്രിദി തന്റെ സ്വാഭാവിക സ്വിങ് ബോളിങ്ങിലൂടെ ഇന്ത്യൻ താരങ്ങളെ ഞെട്ടിച്ചു. ഹാരിസ് റൗഫും ഹസൻ അലിയും മികച്ച പിന്തുണയും നൽകി.

മറുവശത്ത് 3 സീം ബോളർമാരുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് പിച്ചിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. ബുമ്രയുടെ ചില പന്തുകൾ ചെറുതായി ഇൻസ്വിങ് ചെയ്തത് ഒഴിച്ചാൽ ഇന്ത്യൻ ബോളർമാർക്ക് ആർക്കും കാര്യമായ സ്വിങ് കണ്ടെത്താൻ സാധിച്ചില്ല.

∙ മുൻനിര പോയാൽ..

വർഷങ്ങളായി ടോപ് ഓർഡറിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ബാറ്റിങ് ഓർഡറാണ് ഇന്ത്യയുടേത്. മുൻനിര പരാജയപ്പെട്ടാൽ ബാറ്റിങ് തകർന്നടിയുന്നു. പാക്കിസ്ഥാനെതിരെ രോഹിത്തും രാഹുലും തുടക്കത്തിലേ മടങ്ങിയതോടെ ഇന്ത്യൻ ബാറ്റിങ് നിര പ്രതിരോധത്തിലായി. കോലി പിടിച്ചു നിന്നില്ലായിരുന്നെങ്കിൽ 100 റൺസ് എന്നതു പോലും സ്വപ്നമായേനെ. 2017ലെ ചാംപ്യൻസ് ട്രോഫി ഫൈനലിലും പാക്കിസ്ഥാനെതിരെ 33 റൺസിനിടെ 3 വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ പ്രതിരോധത്തിലായിരുന്നു. അന്നും തോൽവി തന്നെ.

English Summary: India–Pakistan post match analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com