ADVERTISEMENT

ന്യൂഡൽഹി ∙ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) തലവനായിരുന്ന ദ്രാവിഡ് ഇന്ത്യൻ പരിശീലക സ്ഥാനത്തേക്കുള്ള ഔദ്യോഗിക അപേക്ഷ ഇന്നലെ സമർപ്പിച്ചു. ട്വന്റി20 ലോകകപ്പിനു ശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്കു പകരം പരിശീലകനാകാൻ അപേക്ഷ നൽകേണ്ടിയിരുന്ന അവസാന തീയതി ഇന്നലെയായിരുന്നു.

ദുബായിൽ നടന്ന ഐപിഎൽ ഫൈനലിനിടെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി സംസാരിച്ചു തത്വത്തിൽ ധാരണയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് രംഗത്തിന്റെ ശുദ്ധീകരണത്തിനു നിയോഗിക്കപ്പെട്ട ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ശുപാർശ പ്രകാരമുള്ള നടപടിക്രമം മാത്രമാണ് അപേക്ഷ സമർപ്പണം. ദ്രാവിഡിനൊപ്പം എൻസിഎയിലുണ്ടായിരുന്ന ബോളിങ് കോച്ച് പരസ് മാംബ്രെ, ഫീൽഡിങ് കോച്ച് അഭയ് ശർമ എന്നിവർ തൽസ്ഥാനങ്ങളിലേക്കു നേരത്തേതന്നെ അപേക്ഷ നൽകിയിരുന്നു.

ക്രിക്കറ്റ് ഉപദേശക സമിതി ഈ അപേക്ഷകൾ പരിശോധിച്ച് ബിസിസിഐക്കു കൈമാറും. ദ്രാവിഡിന്റെ തിരഞ്ഞെടുപ്പ് ഏകപക്ഷീയമാകാനാണു സാധ്യത. കോച്ച് സ്ഥാനത്തേക്കു ദ്രാവിഡിനൊപ്പം മികവുള്ള മറ്റാരും അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നാണു സൂചന. ന്യൂസീലൻഡിന്റെ ഇന്ത്യൻ പര്യടനമാകും ദ്രാവിഡിനു കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പര. ട്വന്റി20 ക്യാപ്റ്റൻ സ്ഥാനമൊഴിയുന്ന വിരാട് കോലിക്കു പകരം പുതിയ നായകനും ഇതിനൊപ്പം ചുമതലയേൽക്കും. നിലവിലെ സാഹചര്യത്തിൽ ഇതു രോഹിത് ശർമയാകാനാണു സാധ്യത.

∙ എൻസിഎയിലേക്ക് ലക്ഷ്മൺ

ഇന്ത്യൻ ക്രിക്കറ്റ് ആസ്ഥാനത്തേക്കു രാഹുൽ ദ്രാവിഡ് ചുവടുമാറുമ്പോൾ എൻസിഎ തലവനായി കളിക്കാലത്തു സഹതാരമായിരുന്ന വി.വി.എസ്.ലക്ഷ്മൺ വന്നേക്കുമെന്നു സൂചന. പരിശീലക സ്ഥാനമേറ്റെടുക്കുന്നതിൽ ദ്രാവിഡ് ആദ്യം വിമുഖത പ്രകടിപ്പിച്ചതു പോലെ ലക്ഷ്മണും ഹൈദരാബാദിലെ കുടുംബത്തെ വിട്ടു ബെംഗളൂരുവിലേക്കു വരുന്നതിനോടു താൽപര്യം കാട്ടിയിരുന്നില്ല. എന്നാൽ, ബിസിസിഐ ഭാരവാഹികൾ സംസാരിച്ച് ലക്ഷ്മണെ ഇതിനു സമ്മതിപ്പിച്ചതായാണു റിപ്പോർട്ടുകൾ.

Agra: Former cricketer VVS Laxman with his wife GR Shailaja, son Sarvajit and daughter Achinthya poses for photographs in front of the historic Taj Mahal, Wednesday, Jan. 22, 2020. (PTI Photo)(PTI1_22_2020_000129B)
വി.വി.എസ്. ലക്ഷ്മൺ മകൻ സർവജിത്, ഭാര്യ ഷൈലജ, മകൾ അചിന്തി എന്നിവർക്കൊപ്പം (ഫയൽ ചിത്രം).

ഇന്ത്യൻ പരിശീലകനും എൻസിഎ തലവനും കൈകോർത്തു പ്രവർത്തിക്കേണ്ട സാഹചര്യമാണ്. ഒന്നരപ്പതിറ്റാണ്ടോളം ക്രീസിൽ മികച്ച കൂട്ടുകെട്ടുകൾ സൃഷ്ടിച്ചതുവഴി ആഴത്തിലുള്ള ആത്മബന്ധം ലക്ഷ്മണും ദ്രാവിഡും തമ്മിലുണ്ട്. ഇക്കാരണം കൊണ്ടുതന്നെ, എൻസിഎ തലവൻ സ്ഥാനത്തേക്കു സാധ്യത കൽപിക്കപ്പെട്ട അനിൽ കുംബ്ലെയെ മറികടന്ന് ലക്ഷ്മൺ തന്നെ ചുമതലയേൽക്കുമെന്നാണു ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.

നിലവിൽ ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദിന്റെ മെന്ററായ ലക്ഷ്മൺ തൽസ്ഥാനമൊഴിയേണ്ടി വരും. ഹൈദരാബാദിൽ വയോധികരായ മാതാപിതാക്കളുടെ സംരക്ഷണച്ചുമതല കൂടിയുള്ള ലക്ഷ്മൺ വർഷത്തിൽ 200 ദിവസത്തോളം ബെംഗളൂരുവിലെ എൻസിഎ ആസ്ഥാനത്തു കഴിയേണ്ട സാഹചര്യമുണ്ട്. ഇതുകൂടി പരിഗണിച്ചാവും ലക്ഷ്മണിന്റെ വേതനവും മറ്റും തീരുമാനിക്കുകയെന്നും അറിയുന്നു.

English Summary: Rahul Dravid will succeed Ravi Shastri as India's head coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com