ADVERTISEMENT

ദുബായ്∙ ട്വന്റി20 ലോകകപ്പിലെ പാക്കിസ്ഥാൻ – അഫ്ഗാനിസ്ഥാൻ പോരാട്ടത്തിനിടെ വീണുടഞ്ഞത് രാജ്യാന്തര ട്വന്റി20യിലെ രണ്ടു സുപ്രധാന ബാറ്റിങ്, ബോളിങ് റെക്കോർഡുകൾ. അതിൽ ബാറ്റിങ് റെക്കോർഡ് പാക്കിസ്ഥാൻ നായകൻ ബാബർ അസമും ബോളിങ് റെക്കോർഡ് അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാനും സ്വന്തമാക്കി. റെക്കോർഡ് ബുക്കിൽ ബാബർ അസമിനു മുന്നിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഇന്ത്യൻ നായകൻ വിരാട് കോലി. റാഷിദ് ഖാനു മുന്നിൽ ‘വീണുപോയത്’ സാക്ഷാൽ ലസിത് മലിംഗയും.

രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് പൂർത്തിയാക്കുന്ന ക്യാപ്റ്റനെന്ന റെക്കോർഡാണ് വിരാട് കോലിയിൽനിന്ന് ബാബർ അസം സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ അർധസെഞ്ചുറിയുമായി ബാബർ അസമാണ് പാക്കിസ്ഥാന്റെ ടോപ് സ്കോററായത്. 47 പന്തിൽ നാലു ഫോറുകളോടെ അസം നേടിയത് 51 റൺസ്.

ഈ ഇന്നിങ്സിനിടെയാണ് ക്യാപ്റ്റനെന്ന നിലയിൽ രാജ്യാന്തര ട്വന്റി20യിൽ അസം 1000 റൺസ് പിന്നിട്ടത്. അഫ്ഗാനെതിര‌ായ ഇന്നിങ്സ് ക്യാപ്റ്റനെന്ന നിലയിൽ അസമിന്റെ 26–ാം ട്വന്റി20 ഇന്നിങ്സായിരുന്നു. ഇതുവരെ വേഗത്തിൽ 1000 റൺസ് തികച്ച ക്യാപ്റ്റനെന്ന റെക്കോർഡ് വിരാട് കോലിക്കായിരുന്നു. 30 ഇന്നിങ്സുകളിൽനിന്നാണ് കോലി 1000 കടന്നത്. അസമിനേക്കാൾ നാല് ഇന്നിങ്സ് കൂടുതൽ. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലേസി (31), ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (32), ന്യൂസീലൻഡിന്റെ കെയ്ൻ വില്യംസൻ (36) എന്നിവർ പിന്നിലുണ്ട്.

അതേസമയം, രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് റാഷിദ് ഖാൻ സ്വന്തമാക്കിയത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ നാല് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റാണ് റാഷിദ് നേടിയത്.

പാക്കിസ്ഥാനെതിരായ മത്സരം റാഷിദ് ഖാന്റെ കരിയറിലെ 53–ാം ഇന്നിങ്സായിരുന്നു. അവരുടെ വെറ്ററൻ താരം മുഹമ്മദ് ഹഫീസിനെ പുറത്താക്കിയാണ് റാഷിദ് 100 വിക്കറ്റ് തികച്ചത്. 76 ഇന്നിങ്സുകളിൽനിന്ന് 100 വിക്കറ്റ് തികച്ച ശ്രീലങ്കയുടെ ലസിത് മലിംഗയേയാണ് റാഷിദ് പിന്നിലാക്കിയത്.

ന്യൂസീലൻഡ് താരം ടിം സൗത്തി (82), ബംഗ്ലദേശിന്റെ ഷാക്കിബ് അൽ ഹസൻ (83) എന്നിവരാണ് 100 വിക്കറ്റ് തികച്ച മറ്റു ബോളർമാർ.

ഇതോടെ, രാജ്യാന്തര ഏകദിനത്തിലും ട്വന്റി20യിലും ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികയ്ക്കുന്ന താരമായി റാഷിദ് ഖാൻ മാറി. ഏകദിനത്തിൽ 44–ാം ഇന്നിങ്സിലാണ് റാഷിദ് ഖാൻ 100 വിക്കറ്റ് നേട്ടം കൈവരിച്ചത്.

English Summary: Babar Azam breaks Virat Kohli's record to become fastest captain to 1000 T20I runs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com