ADVERTISEMENT

അവസാന ഓവറിലെ ആദ്യ പന്തിൽ സഫ്യാൻ ഷരീഫിന്റെ പന്ത് ഗാലറിയിലെത്തിക്കുമ്പോൾ ജെ.ജെ. സ്മിത്തിന് ആഹ്ലാദം അടക്കാനായില്ല; ഗാലറിയിൽ കൂടുകൂട്ടിയ നമീബിയൻ ആരാധകർക്കും. ആഹ്ലാദിക്കാൻ അവർക്ക് ഇതിൽപ്പരം എന്തു വേണം. ലോകകപ്പ് ക്രിക്കറ്റ് വേദിയിൽ സ്കോട്‌ലൻഡിനെ നാലു വിക്കറ്റിന് തോൽപിച്ച് മാനം മുട്ടെ നിൽക്കുമ്പോൾ ഓരോ നമീബിയൻ താരവും ഉള്ളിൽ പറഞ്ഞിട്ടുണ്ടാകും; ഇത് ആഘോഷിക്കാനുള്ളതാണെന്ന്. ആ രാവിൽ ഉറങ്ങിയിട്ടുണ്ടാകില്ല അവരൊക്കെയും. അത്രയും തിളക്കമുള്ള വിജയത്തിലേക്ക് ടീമിനെ എത്തിച്ച പേസ് ബോളർ റൂബൻ ട്രംപൽമാനും ഓൾറൗണ്ടർ സ്മിത്തും നാട്ടിലെ ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേക്കാണല്ലോ ഉയർത്തിയത്.

ടോസ് നേടി സ്കോട്‌ലൻഡിനെ ബാറ്റിങ്ങിനയച്ചപ്പോൾ, നമീബിയൻ താരങ്ങൾ സ്വപ്നം കാണാത്ത തുടക്കമാണ് ആദ്യ ഓവർ സമ്മാനിച്ചത്. ട്രംപൽമാന്റെ ആ ഓവറിൽ ചരിത്രം പിറന്നു. മൂന്നു മുൻനിരക്കാരാണ് നാലു പന്തിനിടെ കൂടാരം കയറിയത്. ആദ്യ പന്തിൽ തന്നെ വിക്കറ്റ്. ജോർജ് മൻസിയുടെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് തകർത്തു. മൂന്നാം പന്തിൽ വിക്കറ്റ് കീപ്പർ സെയ്ൻ ഗ്രീനിന് ക്യാച്ച് നൽകി കല്ലം മക്‌ലിയോഡ് പുറത്ത്. നാലാം പന്തിലും വിക്കറ്റുമായി ട്രംപൽമാൻ ഷോ! സ്കോട്‌ലൻഡ് ക്യാപ്റ്റൻ റിച്ചീ ബെറിങ്ടൺ വിക്കറ്റിനു മുന്നിൽ കുരുങ്ങി.

ഈ മൂന്നു വീഴ്ചകളുടെ ആഘാതത്തിൽ നിന്ന് അവർക്കു കരകയറാനായില്ല. കൂടുതൽ പരുക്കുകളേൽക്കാതെ രക്ഷപ്പെടുകയെന്നതു മാത്രമായിരുന്നു പിന്നീടവർക്കു ചെയ്യാനുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനെതിരെ 60 റൺസിന് ഓൾഔട്ടായി 130 റൺസിന് തോറ്റമ്പിയ ഓർമ സ്കോട്‌ലൻഡിനെ എന്തായാലും അലട്ടിയിട്ടുണ്ടാകുമല്ലോ.

17 റൺസിനു മൂന്നു വിക്കറ്റ് വീഴ്ത്തി സ്കോട്ടിഷ് തലയറുത്ത ട്രംപൽമാൻ തന്നെയാണ് മാൻ ഓഫ് ദ് മാച്ച്. ഒരു ട്വന്റി20 മത്സരത്തിലെ ആദ്യ ഓവറിൽതന്നെ മൂന്നു വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ ബോളറാണ് ട്രംപൽമാൻ; നമീബിയയുടെ ആദ്യ ബോളറും. വെസ്റ്റിൻഡീസിന്റെ ഫിഡൽ എഡ്വേർഡ്സ്, പാക്കിസ്ഥാൻ താരങ്ങളായ ശുഐബ് അക്തർ, യാസിർ അറാഫത്ത് എന്നിവരാണ് മറ്റു മൂന്നുപേർ. മഹാരഥന്മാർക്കൊപ്പം കൊച്ചുനമീബിയയുടെ യുവതാരവും!

ക്രിക്കറ്റിലേക്ക് നമീബിയ വലതുകാൽ വച്ച് കയറിയിട്ട് ഏറെക്കാലമായിട്ടില്ല. 2019 മേയിലാണ് അവർ ആദ്യത്തെ ട്വന്റി20 മത്സരം കളിച്ചത്. ട്വന്റി20 ലോകകപ്പിലേക്കുള്ള ആഫ്രിക്കൻ മേഖലാ യോഗ്യതാ മത്സരത്തിൽ ഘാനയ്ക്കെതിരെ ആയിരുന്നു അത്. അവിടെ കളിച്ചുതെളിഞ്ഞാണ് അവർ ലോകകപ്പിന്റെ വേദിയിലെത്തി നിൽക്കുന്നതും സ്കോട്‌ലൻഡിനെ തോൽപിച്ചതും. ഇതുവരെ കളിച്ച കളികളുടെ എണ്ണമെടുത്താൽ ക്യാപ്റ്റൻ ഇറാസ്മസ് തന്നെയാണ് സീനിയർ. 26 വയസ്സുള്ള ഇറാസ്മസ് 27 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്; എട്ട് ഏകദിനങ്ങളും. ടീമിലെ ബാക്കിയെല്ലാവരും അതിലും താഴെയാണ് അനുഭവക്കരുത്തിൽ.

തുടക്കത്തിലേ തകർച്ചയിൽനിന്നു കൂടുതൽ പരുക്കിലേക്കു പോകാതെ രക്ഷപ്പെട്ട സ്കോട്‌ലൻഡ് 20 ഓവറിൽ എട്ടു വിക്കറ്റിന് 109 റൺസാണെടുത്തത്. മൈക്കൽ ലീസ്ക് (45), ക്രിസ് ഗ്രീവ്സ് (25) എന്നിവരാണ് നാണക്കേടിൽനിന്നു രക്ഷപ്പെടുത്തിയത്. ലീസ്ക് രണ്ടു വിക്കറ്റുമെടുത്തു. 5 പന്ത് ബാക്കിനിൽക്കെ 6 വിക്കറ്റ് നഷ്ടത്തിൽ നമീബിയ ലക്ഷ്യം കണ്ടു. നാലു വിക്കറ്റിന്റെ ജയം. 23 പന്തിൽ 32 റൺസോടെ സ്മിത്ത് പുറത്താകാതെ നിന്നു. ഓപ്പണർ ക്രെയ്ഗ് വില്യംസനും (23) കരുത്തുകാട്ടി.

ക്രിക്കറ്റ് കൂടുതൽ ജനകീയമാകുന്നതിന്റെ അടയാളങ്ങളാണ് നമീബിയയെപ്പോലുള്ള രാജ്യങ്ങളുടെ ഉദയം. ഇന്ത്യയും ശ്രീലങ്കയുമൊക്കെ ആദ്യ കിരീടം നേടിയപ്പോൾ അത് ലോകക്രിക്കറ്റിന് എന്തൊരമ്പരപ്പാണ് ഉണ്ടാക്കിയത്. 1983ൽ ‘കപിലിന്റെ ചെകുത്താന്മാർ’ കരീബിയൻ കരുത്തിനെ കീഴടക്കി ഏകദിന കിരീടം നേടിയതോർക്കുക. അതുപോലുള്ള കിരീടങ്ങൾ സ്വപ്നം വച്ചുള്ള യാത്രയുടെ തുടക്കമാണ് ഏതു നമീബിയക്കാരനും ഈ വിജയം. ആഫ്രിക്കൻ വീര്യമാണ് ഈ രാജ്യത്തിന്റെ കരുത്ത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് സ്വാതന്ത്ര്യം നേടിയിട്ട് അധിക കാലമായിട്ടില്ല. 26 ലക്ഷത്തിനടുത്ത് ആളുകൾ മാത്രമുള്ള നമീബിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം 1990 മാർച്ച് 21നായിരുന്നു.

ഇപ്പോഴിതാ ലോക ക്രിക്കറ്റിലും ഒരു നല്ല വിജയം കൊണ്ട് അവർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നു.

English Summary: Big Dreams for Namibia in world cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com