ADVERTISEMENT

കറാച്ചി∙ ട്വന്റി20 ലോകകപ്പിൽ തീർത്തും മോശം പ്രകടനത്തോടെ ഇന്ത്യയുടെ സെമി സാധ്യതകൾ മങ്ങിയതിനു പിന്നാലെ, ടീമംഗങ്ങളുടെ മനോഭാവത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പാക്കിസ്ഥാന്റെ മുൻ നായകൻ വസിം അക്രം. രാജ്യാന്തര ട്വന്റി20യിൽ കളിക്കുന്നതിനേക്കാൾ ഇന്ത്യൻ താരങ്ങൾക്ക് താൽപര്യം ഐപിഎലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വന്റി20 ലോകകപ്പിനു മുൻപ് ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങൾ ഒരു ലിമിറ്റഡ് ഓവർ പരമ്പര കളിച്ചത് കഴിഞ്ഞ മാർച്ചിലാണെന്നും അക്രം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ താരങ്ങൾ ഐപിഎലിൽ കളിച്ചതിന്റെ പരിചയ സമ്പത്തുമായാണ് ലോകകപ്പിന് എത്തിയതെങ്കിലും, ഐപിഎൽ പോലുള്ള ലീഗുകളിൽ കളിച്ചുള്ള പരിചയം ലോകകപ്പ് മത്സരങ്ങളുടെ എന്നല്ല, രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളുടെ നിലവാരത്തോളം പോലും വരില്ലെന്ന് അക്രം അഭിപ്രായപ്പെട്ടു.

‘സീനിയർ താരങ്ങൾ ഉൾപ്പെടെയുള്ള സമ്പൂർണ ടീമുമായി ഇന്ത്യ ലിമിറ്റഡ് ഓവർ പരമ്പര കളിച്ചിട്ട് എത്രയോ കാലമായി. കഴിഞ്ഞ മാർച്ചിലാണ് ഇന്ത്യയുടെ സമ്പൂർണ ടീം ഏറ്റവും ഒടുവിൽ ട്വന്റി20 മത്സരം കളിച്ചത്. ഇപ്പോൾ നവംബർ മാസമായി. രാജ്യാന്തര പരമ്പരകൾക്ക് ഇന്ത്യൻ താരങ്ങൾ യാതൊരു പ്രാധാന്യവും നൽകുന്നില്ലെന്ന് ഇതിൽനിന്ന് വ്യക്തം’ – അക്രം ചൂണ്ടിക്കാട്ടി.

‘ഐപിഎൽ മാത്രം മതിയെന്നാണ് ഇന്ത്യൻ താരങ്ങളുടെ ചിന്ത. ലോകത്തിന്റെ ഏതു ഭാഗത്തായാലും ട്വന്റി20 ലീഗുകളിൽ കളിക്കാൻ മടിയില്ല. ഐപിഎൽ പോലുള്ള ലീഗുകളിൽ കളിക്കുമ്പോൾ എതിർ ടീമിൽ പരമാവധി ഒന്നോ രണ്ടോ നിലവാരമുള്ള ബോളർമാരേ ഉണ്ടാകൂ. രാജ്യാന്തര ക്രിക്കറ്റിൽ എതിർ ടീമിലെ അഞ്ചു ബോളർമാരും ലോകോത്തര നിലവാരമുള്ളവരായിരിക്കും’ – അക്രം ചൂണ്ടിക്കാട്ടി.

ട്വന്റി20, ഏകദിന ഫോർമാറ്റുകളിൽ ഇന്ത്യ ഏറ്റവും ഒടുവിൽ കളിച്ചത് ഇക്കഴിഞ്ഞ ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെയാണെങ്കിലും അന്ന് ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഋഷഭ് പന്ത് തുടങ്ങിയ പ്രമുഖ താരങ്ങൾ ടീമിലുണ്ടായിരുന്നില്ല. ഇവർ ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര കളിക്കുന്ന സമയത്തായിരുന്നു ശ്രീലങ്കയ്‌ക്കെതിരായ പരമ്പര. അന്ന് ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയെ നയിച്ച ശിഖർ ധവാനുപോലും ലോകകപ്പ് ടീമിൽ ഇടം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അക്രത്തിന്റെ വിമർശനം.

മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടമായതും മത്സരഫലത്തെ സ്വാധീനിച്ചെന്ന് അക്രം ചൂണ്ടിക്കാട്ടി. രോഹിത് ശർമയെ ഓപ്പണിങ് സ്ഥാനത്തുനിന്ന് വൺഡൗണാക്കിയതും പാളിയെന്ന് അദ്ദേഹം പറഞ്ഞു.

‘ഒരു തരത്തിലും ആ മത്സരം ഇന്ത്യയെ സഹായിച്ചില്ല. അതൊരു ഏകപക്ഷീയമായ മത്സരമായിരുന്നു. ഇന്ത്യ ഒട്ടേറെ പിഴവുകൾ വരുത്തി. ടോസ് നഷ്ടമായപ്പോൾത്തന്നെ അവർ മാനസികമായി തളർന്നു. ഇതുപോലൊരു നിർണായക മത്സരത്തിൽ രോഹിത് ശർമയെ മൂന്നാം നമ്പറിലേക്ക് മാറ്റിയതും തെറ്റായ തീരുമാനമായി. ട്വന്റി20 ഓപ്പണറെന്ന നിലയിൽ നാലു സെഞ്ചുറികൾ നേടിയിട്ടുള്ള താരമാണ് രോഹിത് എന്നത് മറക്കരുത്. ഇഷാൻ കിഷനെ മൂന്നാം നമ്പറിൽ ഇറക്കുന്നതായിരുന്നു ഉചിതം’ – അക്രം ചൂണ്ടിക്കാട്ടി.

English Summary: Akram says India 'not taking international series seriously

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com