ADVERTISEMENT

രോഹിത് ശർമ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്... വിരാട് കോലി നായകപദവി ഒഴിയുന്നതോടെ ഏകദിന, ട്വന്റി20 നായകൻമാരായി പരിഗണിക്കപ്പെടുന്ന താരങ്ങളാണു മൂവരും. ഇതിൽ നായക പദവിക്കു രോഹിത്തിനു വേണ്ടിയാണു കൂടുതൽ പേരും വാദിക്കുന്നത്. എന്നാൽ ഈ പട്ടികയിലൊന്നും ഒരു ഇന്ത്യൻ പേസറുടെ പേരു പറഞ്ഞുകേട്ടില്ല എന്നതിൽ അദ്ഭുതം തോന്നുന്നു. ഒടുവിൽ മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റയാണ് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ആ ബോളറുടെ പേര് ഉയർത്തിക്കാട്ടിയത്. ‘ഇന്ത്യയുടെ പരിമിത ഓവർ ടീമിനെ നയിക്കാൻ ശേഷിയുള്ള ക്രിക്കറ്ററാണ് ജസ്പ്രീത് ബുമ്ര’- നെഹ്റ പറഞ്ഞു.

എന്തുകൊണ്ട് ബുമ്ര? സമീപ കാലത്ത് ഏകദിന, ടെസ്‌റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽ ബുമ്രയുടെ പ്രകടനങ്ങൾ മാത്രം മതി അയാൾ ഇതിനകം ടീമിനു  വിലമതിക്കാനാവാത്ത താരമായി വളർന്നുവെന്നു മനസ്സിലാക്കാൻ. പ്രകടന മികവിലൂടെ ടീമംഗങ്ങളെ ഉത്തേജിപ്പിക്കാൻ അയാൾക്കു കഴിയുന്നുണ്ട് എന്നതാണു നായക സ്‌ഥാനത്തേക്ക്‌ അയാളെ പരിഗണിക്കാനുള്ള ആദ്യ കാരണമായി ചൂണ്ടിക്കാട്ടാവുന്നത്. ഒരു നായകൻ പ്രകടന മികവ് കൊണ്ടു ടീമംഗങ്ങളുടെ ആദരവു പിടിച്ചുപറ്റേണ്ട താരമാണെങ്കിൽ അതിനെ സാധൂകരിക്കുന്ന നേട്ടങ്ങളാണ് ഇക്കാലയളവിൽ ബുമ്ര സ്വന്തമാക്കിയത്. ടെസ്‌റ്റിൽ 101 വിക്കറ്റുകൾ, ഏകദിനത്തിൽ 108, ട്വന്റി20യിൽ 64 വിക്കറ്റുകൾ, 25ന് താഴെ ബോളിങ് ശരാശരിയിൽ അയാൾ നേടിയിട്ടുണ്ട്. ആദ്യകാലത്ത് ബാറ്റിങ്ങിൽ പിന്നോട്ടായിരുന്ന ബുമ്ര ഇംഗ്ലണ്ട് പര്യടനത്തിൽ കളിച്ച ചില ഇന്നിങ്‌സുകൾ ശ്രദ്ധിച്ചാൽ അയാളിലെ പോരാളി എത്രയേറെ ഉത്തേജിതനാണെന്നു മനസ്സിലാകും. പ്രകടനമികവാണ് നായക സ്ഥാനത്തിന്റെ ആദ്യ അളവുകോലെങ്കിൽ ആദ്യനിരയിൽ ബുമ്രയുടെ പേരും ഉറപ്പായും പരിഗണിക്കാം.

ഒരു നായകനു ചേരുന്ന വാക്കും പ്രവൃത്തിയും ഒത്തിണങ്ങിയ താരം എന്നതാണ് അയാളെ ആ സ്‌ഥാനത്തേക്ക്‌ ഉയർത്തിക്കാട്ടാനുള്ള രണ്ടാമത്തെ കാരണം. അയാളിലെ നായക ശേഷി കളിക്കളത്തിലെ പെരുമാറ്റ രീതികളിൽ തന്നെ വ്യക്തമാണ്. ആത്മവിശ്വാസത്തോടെ കണ്ണുകളിൽ നോക്കിയുള്ള സംസാരം, മാന്യത കൈവിടാതെയുള്ള പെരുമാറ്റം, കഠിനാധ്വാനിയായ ക്രിക്കറ്റർ ഇതെല്ലാം ചേർന്ന വ്യക്തിത്വമാണ് ബുമ്രയുടേത്. ഒരു പക്ഷെ, കപിൽ ദേവിനും അനിൽ കുംബ്ലെയ്ക്കും ശേഷം നേതൃനിരയിൽ ഉയർന്നുവരാൻ സാധിക്കുന്ന മറ്റൊരു ഇന്ത്യൻ ബോളർ/ ഓൾ റൗണ്ടർ ഇന്ത്യയ്ക്കു ലഭിച്ചിട്ടുണ്ടോ എന്നതു സംശയകരമാണ്.

bumrah
ബുമ്ര പരിശീലനത്തിനിടെ

അടുത്ത നായകനായി ഏവരും സാധ്യത കൽപ്പിക്കുന്ന രോഹിത്തിന്റെ പ്രായമാണ് ബുമ്രയ്ക്ക് വേണ്ടി വാദിക്കാൻ മറ്റൊരു കാരണം. ഇതിനകം 34 വയസ്സുള്ള രോഹിത്തിന് ഇനി ഏറിയാൽ 2 കൊല്ലം കൂടി ടീമിനു വേണ്ടി പാഡണിയാൻ സാധിച്ചേക്കും. രോഹിത്തിന്റെ ഐപിഎൽ നായക മികവ് ഇതിനകം ചർച്ചയായതാണ്. നല്ലൊരു നായകനായി ടീമിനെ നയിക്കാനും രോഹിത്തിന് സാധിച്ചേക്കും. എന്നാൽ ഭാവിയെ മുൻനിർത്തിയുള്ള ടീമാണ് രൂപകൽപ്പന ചെയ്യുന്നതെങ്കിൽ ചുരുങ്ങിയത് അഞ്ച് വർഷം നയിക്കാൻ കഴിയുന്ന നായകനെയാണു ടീമിന് ആവശ്യമായി വരിക. അതിന് ബുമ്രയുടെ പ്രായവും അയാൾ ഇതിനകം കൈവരിച്ച മത്സരപരിചയവും അയാളെ സഹായിക്കുമെന്നാണു കണക്കുകൂട്ടുന്നത്.

27 വയസ്സാണ്  ബുമ്രയുടെ പ്രായം. ഇതിനകം രാജ്യാന്തര തലത്തിൽ അഞ്ചു വർഷം കളിച്ചതിന്റെ പരിചയമുണ്ട്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ പര്യടനം നടത്തിയിട്ടുണ്ട്. അവിടെ കളിച്ചതിന്റെ അനുഭവസമ്പത്ത് അയാളിലെ ഫാസ്റ്റ് ലേണർ ഇതിനകം സ്വായത്തമാക്കിയിട്ടുണ്ട്. ടീമിലെ സീനിയർ അംഗമായി ബുമ്ര വളർന്നുകഴിഞ്ഞു. ഇനിയും രാജ്യാന്തര ക്രിക്കറ്റിൽ അയാൾക്ക് ഏറെ വർഷങ്ങൾ ബാക്കിയുണ്ട്. എന്നാൽ രോഹിത് ശർമയുടെ കാര്യം അങ്ങനെയല്ല.

ജസ്പ്രീത് ബുമ്ര (ട്വിറ്റർ ചിത്രം)
ബുമ്ര

സമ്മർദത്തിനടിപ്പെടുന്ന രാഹുലിനെയും ജോലിഭാരം കൂടുതലുള്ള ഋഷഭ് പന്തിനേയും അവരവരുടെ മേഖലകളിൽ കളിക്കാൻ വിട്ടു സ്വാഭാവികമായ നേതൃ ശേഷിയുള്ള ബുമ്രയെ പരിഗണിക്കുന്നതിൽ ഒരു ഔചിത്യക്കുറവും തോന്നുന്നില്ല. പക്ഷെ ടീമിനെ നയിക്കാൻ ബോളറോ? പലരും സംശയിക്കാം. ഇതുവരെ അധികം പരീക്ഷിച്ചിട്ടില്ലാത്ത വിജയ സാധ്യതയുള്ള നീക്കമാണ് ബോളർ ക്യാപ്റ്റൻ പദവിയിൽ എത്തിയാൽ സംഭവിക്കുന്നത്. കളിക്കാരെ മാനസികമായി വിലയിരുത്തുന്നതിൽ ഏതൊരു ബാറ്റർക്കും പിറകിലായി പോവുന്നതല്ല ബോളറുടെ വീക്ഷണങ്ങൾ. ഫീൽഡ് സെറ്റ് ചെയ്യാനും ബോളിങ് പ്ലാനുകൾ നടപ്പാക്കാനും അവർക്കു വിദഗ്‌ധമായി സാധിക്കും.

സ്വന്തം ടീം ബാറ്റിങ്ങിന് എങ്ങനെ ഒരുങ്ങണമെന്നും എതിർ ടീം എന്താണു പ്ലാൻ ചെയ്യുന്നതെന്നും അവർക്കു വിശകലനം ചെയ്യാൻ സാധിക്കും. ഫീൽഡ് പ്ലാനുകൾ ഒരുക്കാനും അവർക്ക് അനുഭവപരിചയം തുണയാകുന്നു. ചുരുക്കി പറഞ്ഞാൽ വിക്കറ്റ് കീപ്പർക്കും ബാറ്റർക്കുമെന്ന പോലെ ബോളർക്കും നായക പദവി ബാലികേറാ മലയല്ല. പക്ഷെ യാഥാർഥ്യപരമായി ചിന്തിച്ചാൽ ഇന്ത്യൻ നായക പദവി രോഹിത് ശർമയ്ക്കു ലഭിക്കാനാണു സാധ്യത കാണുന്നത്. അങ്ങനെയുള്ള പക്ഷം ഭാവിയെ മുൻനിർത്തി ബുമ്ര ഉപനായകനായി പരിഗണിക്കുന്നതിൽ തെറ്റില്ല.

English Summary: Leadership skills, Age, Experience - Why Bumrah can be a Good Captain for Team India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com