ADVERTISEMENT

ടെസ്റ്റ് മത്സരങ്ങളിൽ വിജയക്കൊടുമുടികൾ പലതും കീഴടക്കിയെങ്കിലും ഏകദിന, ട്വന്റി20 മത്സരക്കളത്തിൽ അടിയന്തര ചികിത്സ ആവശ്യമാണെന്ന തിരിച്ചറിവോടെ ടീം ഇന്ത്യ നാട്ടിലേക്കു മടങ്ങുന്നു. മറ്റൊരു ഐസിസി ടൂർണമെന്റിൽക്കൂടി കിരീടം നഷ്ടമായതോടെ പരിഹാര നടപടികൾ വൈകാതെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

പടിയിറങ്ങിയ പരിശീലകൻ രവി ശാസ്ത്രിക്കു പകരം രാഹുൽ ദ്രാവിഡിനെ നിയമിച്ചു കഴിഞ്ഞു. എന്നാൽ, ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ വിരാട് കോലിയുടെ പിൻഗാമിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ലോകകപ്പിനു മുൻപു ചില പേരുകൾ പറഞ്ഞു കേട്ടിരുന്നുവെങ്കിലും ടൂർണമെന്റിലെ വൻ തിരിച്ചടി മുൻ തീരുമാനങ്ങളൊക്കെ തിരുത്താൻ പ്രേരകമായേക്കാം. 3 ട്വന്റി20 മത്സരങ്ങളും 2 ടെസ്റ്റുകളുമടങ്ങുന്ന പരമ്പരയ്ക്കായി അടുത്തയാഴ്ച ന്യൂസീലൻഡ് ടീം ഇന്ത്യയിലെത്തുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, ഓപ്പണർ കെ.എൽ.രാഹുൽ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നീ പേരുകളാണ് ഊഹാപോഹക്കഥകളിലേറെയും. അടുത്ത വർഷം ഓസ്ട്രേലിയയിൽ ട്വന്റി20 ലോകകപ്പും 2023ൽ ഇന്ത്യയിൽ ഏകദിന ലോകകപ്പും നടക്കുന്നതിനാൽ ക്യാപ്റ്റൻ തിരഞ്ഞെടുപ്പ് വളരെ ശ്രദ്ധാപൂർവമാകും ബിസിസിഐ നടത്തുക. ഈ 2 ടൂർണമെന്റുകളിൽ ഒരെണ്ണമെങ്കിലും ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോക ക്രിക്കറ്റിന്റെ നായകസ്ഥാനത്തുള്ള ടീമെന്ന നിലയിൽ ഇന്ത്യയ്ക്കു വലിയ ക്ഷീണമാകും. യുവ ടീമുകളുടെ പരിശീലകനായി മികവു കാട്ടിയ രാഹുൽ ദ്രാവിഡിനെ സീനിയർ ടീമിന്റെ പരിശീലകനാക്കിയതും ഈ ലക്ഷ്യത്തോടെയാണ്. വെള്ളപ്പന്തിൽ ടീം ഇന്ത്യയെ ആരു നയിക്കണമെന്ന കാര്യത്തിൽ ദ്രാവിഡിന്റെ അഭിപ്രായവും നിർണായകമാണ്.

Sports-Kottayam-Manorama-Second-A-09112021-13.sla

എം.എസ്.ധോണിയെയും കോലിയെയും പോലെ ദീർഘകാലം ടീമിനെ നയിക്കാൻ ശേഷിയുള്ള താരത്തെയാണു ബിസിസിഐ നോട്ടമിടുന്നതെങ്കിൽ മുപ്പത്തിനാലുകാരനായ രോഹിത്തിനെ ആ റോളിലേക്കു പരിഗണിക്കുന്നത് അഭികാമ്യമാകില്ല.

രാഹുലിനെയോ പന്തിനെയോ അതുമല്ലെങ്കിൽ ജസ്പ്രീത് ബുമ്രയെയോ ആകും ആ സാഹചര്യത്തിൽ പരിഗണിക്കുക. പക്ഷേ, 2 ലോകകപ്പുകൾ തൊട്ടരികിലെത്തിയതിനാൽ പരിചയസമ്പത്തു കുറഞ്ഞയാളെ ക്യാപ്റ്റനാക്കുന്നത് ഉചിതമാകില്ലെന്നും വിലയിരുത്തലുണ്ട്. കോലിയുടെ അസാന്നിധ്യത്തിൽ ഇന്ത്യയെ നയിച്ചു പരിചയമുള്ള രോഹിത്തിന് ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ 5 കിരീടവിജയങ്ങളിലേക്കു നയിച്ചതിന്റെ മേൻമയും അവകാശപ്പെടാം. കെയ്ൻ വില്യംസൻ, കയ്‌റൻ പൊള്ളാർഡ്, ഓയിൻ മോർഗൻ തുടങ്ങിയ സമപ്രായക്കാർ ദേശീയ ടീമുകളെ നയിക്കുന്ന കാര്യവും പരിഗണിക്കപ്പെടാം.

English Summary: Indian cricket team awaits new captain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com