ADVERTISEMENT

മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ്, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ, വിരാട് കോലിയുടെ പിൻഗാമിയായി ട്വന്റി20 ടീമിനെ നയിക്കാൻ രോഹിത് ശർമ തന്നെ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വൃത്തങ്ങളെ ഉദ്ധരിച്ച് ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതിനു പുറമെ, ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും രോഹിത് തന്ന ഇന്ത്യയെ നയിക്കും. ട്വന്റി20 ലോകകപ്പിലെ മോശം പ്രകടനം മുൻനിർത്തി ഇന്ത്യൻ ട്വന്റി20 ടീമിൽ കാര്യമായ അഴിച്ചുപണികളുണ്ടാകുമെന്നാണ് സൂചന.

ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ വിരാട് കോലി വിശ്രമമെടുക്കുന്ന സാഹചര്യത്തിലാണ് ആദ്യ ടെസ്റ്റിൽ രോഹിത് നായകനാകുന്നത്. മുംബൈയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനായി കോലി ടീമിനൊപ്പം ചേരും. ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലും കോലി കളിക്കില്ലെന്നാണ് സൂചന.

ടെസ്റ്റ് ടീമിന്റെ ഉപനായകനായ അജിൻക്യ രഹാനെ തന്നെ തുടരും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം ഫോം രഹാനെയെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. ട്വന്റി20യിൽ ടീമിന്റെ ഉപനായക സ്ഥാനത്ത് കെ.എൽ. രാഹുൽ എത്തും.

ട്വന്റി20 ലോകകപ്പിനു പിന്നാലെ ഇന്ത്യയിലെത്തുന്ന ന്യൂസീലൻഡ് ടീം ആദ്യം ഇന്ത്യയ്‌ക്കെതിരെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയാണ് കളിക്കുക. ജയ്പുർ, റാഞ്ചി, കൊൽക്കത്ത എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. പിന്നാലെ കാൺപുർ, മുംബൈ എന്നിവിടങ്ങളിലായി രണ്ടു ടെസ്റ്റുകളും നടക്കും.

ടീമിലെ മുതിർന്ന താരങ്ങളിൽ ചിലർക്കും ട്വന്റി20 പരമ്പരയിൽ വിശ്രമം അനുവദിക്കുമെന്നാണ് വിവരം. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവർക്ക് വിശ്രമം നൽകും. വരുൺ ചക്രവർത്തിയുടെ കാര്യത്തിലും സംശയമുണ്ട്. ഐപിഎലിൽ തിളങ്ങിയ ഹർഷൽ പട്ടേൽ ടീമിലെത്തും. ട്വന്റി20 ലോകകപ്പ് ടീമിൽനിന്ന് മാറ്റിനിർത്തിയ ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തും. ദീപക് ചാഹറും രാഹുൽ ചാഹറും ടീമിൽ തുടരാനാണ് സാധ്യത. ടെസ്റ്റ് ടീമിൽ ഋഷഭ് പന്തിനെ ഒന്നാം നമ്പർ കീപ്പറായി നിലനിർത്തിയാൽ റിസർവ് കീപ്പറായി ആരു വരും എന്നും ആകാംക്ഷയുണ്ട്. വൃദ്ധിമാൻ സാഹയെ തഴഞ്ഞാൽ ശ്രീകർ ഭരതിനു സാധ്യതയുണ്ട്.

ഏകദിന ക്യാപ്റ്റൻസിയുടെ കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ന്യൂസീലൻഡിന്റെ പര്യടനത്തിൽ ഏകദിന പരമ്പരയില്ലാത്തതിനാൽ തിരക്കിട്ട് തീരുമാനം വേണ്ടെന്നാണ് ബിസിസിഐയുടെ നിലപാട്. ന്യൂസീലൻഡിന്റെ പര്യടനത്തിനുശേഷം മൂന്നുവീതം ടെസ്റ്റും ഏകദിനവും, നാല് ട്വന്റി20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരയ്ക്കായി ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്കു പോകും. ആ പരമ്പരയിൽ ഏകദിന ക്യാപ്റ്റൻസിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

English Summary: Rohit Sharma to be named T20 captain; Virat Kohli to be rested for the first Test against New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com