ADVERTISEMENT

‘കാവ്യനീതി’ എന്ന ഒറ്റ വാക്കിൽ വിശേഷിപ്പിക്കണം ട്വന്റി20 ലോകകപ്പ് സെമി ഫൈനലിലെ ന്യൂസീലൻഡ് വിജയത്തെ. ഇംഗ്ലണ്ടിനെ 5 വിക്കറ്റിനു തോൽപിച്ച അവർക്ക് ഒരിക്കൽ വിധി തട്ടിയെറിഞ്ഞ കിരീടത്തിന്റെ സങ്കടം തീർക്കാനുള്ള അവസരമാണിത്. അതിന്റെ ആദ്യപടി ഏകദിന ലോകകപ്പ് ഫൈനലിൽ തോൽപിച്ച ഇംഗ്ലണ്ടിനെത്തന്നെ വീഴ്ത്തിയായത് വിധിയുടെ ഇടപെടൽ.‌

ഓർമയില്ലേ, 2019ലെ ഏകദിന ലോകകപ്പ് ഫൈനൽ. പുൽക്കൊടികളെപ്പോലും ത്രസിപ്പിച്ച 51 ഓവർ പോരാട്ടം. നിശ്ചിത 50 ഓവറിൽ സ്കോർ തുല്യമായപ്പോഴാണല്ലോ സൂപ്പർ ഓവറിലൂടെ വിജയികളെ നിശ്ചയിച്ചത്. 50 ഓവറിൽ ന്യൂസീലൻഡ് 241 റൺസെടുത്തപ്പോൾ ഇംഗ്ലണ്ടിന്റെ മറുപടിയും അതേ റൺസിലൊതുങ്ങി. പിന്നീട് സൂപ്പർ ഓവറിൽ ഇംഗ്ലണ്ട് എടുത്തത് 15 റൺസ്. മറുപടിയായി 5 പന്തിൽ 14 റൺസെടുത്ത ന്യൂസീലൻഡ് അവസാന പന്തിൽ വിജയത്തിലേക്കുള്ള രണ്ടാം റണ്ണിനായി ഓടുമ്പോൾ ഗപ്ടിൽ റണ്ണൗട്ടായതോടെ സ്കോർ വീണ്ടും തുല്യം. അതോടെ കൂടുതൽ ബൗണ്ടറികളുടെ എണ്ണക്കണക്കിലാണ് ഇംഗ്ലണ്ട് ഏകദിന ജേതാക്കളായത്. 

കിരീടം ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ ഏറ്റുവാങ്ങിയെങ്കിലും പല ക്രിക്കറ്റ് ആരാധകരുടേയും മനസ്സിൽ യഥാർഥ ജേതാക്കൾ ന്യൂസീലൻഡ് ആയിരുന്നു. കാരണം നിശ്ചിത കളിയിൽ അവസാന ഘട്ടത്തിൽ റണ്ണൗട്ട് ഒഴിവാക്കാൻ ക്രീസിലേക്കു പറന്നുവീണ ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടിയ ത്രോ ബൗണ്ടറി ലൈൻ കടന്നിരുന്നു. അത് ഇംഗ്ലണ്ടിന്റെ ഭാഗ്യവും ന്യൂസീലൻഡിന്റെ നിർഭാഗ്യവുമായി. ആ റൺസിന്റെ കൂടി ബലത്തിലാണ് ഇംഗ്ലണ്ട് മത്സരം ടൈയിലെത്തിച്ചതും പിന്നീട് സൂപ്പർ ഓവർ പോരാട്ടം നടന്നതും. അതേ ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയമാം വിധം തിരിച്ചുവന്നാണ് കെയ്ൻ വില്യംസണും സംഘവും ഇക്കുറി മധുരപ്രതികാരം വീട്ടിയത്. 

രണ്ട് ലോക ജേതാക്കൾ തമ്മിലുള്ള പോരാട്ടമായിരുന്നു ദുബായ്പ്പൂരത്തിലെ ആദ്യ സെമിഫൈനൽ. ഇംഗ്ലണ്ട് നിലവിലുള്ള ഏകദിന ജേതാക്കൾ. ന്യൂസീലൻഡാകട്ടെ കന്നി ടെസ്റ്റ് ചാംപ്യൻഷിപ്പിലെ വിജയികൾ; മാത്രമല്ല ഏകദിനത്തിലെ റണ്ണേഴ്സ് അപ്പും. ടോസ് നേടിയ ന്യൂസീലൻഡ് ഇംഗ്ലണ്ടിനെ  ബാറ്റിങ്ങിനയച്ചത് മുന്നനുഭവം വച്ച് ചേസിങ്ങാണ് ഭേദമെന്ന ഉറപ്പുള്ളതുകൊണ്ടു തന്നെയാണ്. നല്ല ഫോമിലായിരുന്ന ഓപ്പണർ ജേസൺ റോയ് പരുക്കേറ്റു പുറത്തായതോടെ ഇംഗ്ലണ്ട് ആശങ്കയിലുമായിരുന്നു. ജോസ് ബട്‌ലർക്കൊപ്പം ഓപ്പണറായെത്തിയത് ജോണി ബെയർസ്റ്റോ. മൊയീൻ അലിയുടേയും (51 നോട്ടൗട്ട്) ഡേവിഡ് മലാന്റെയും (42) മികവിൽ ഇംഗ്ലണ്ട് കുറിച്ചത് 20 ഓവറിൽ നാലിന് 166.

തകർച്ചയോടെ തുടങ്ങിയ കിവികൾ അവസാന ഓവറുകളിലെ അവിശ്വസനീയമായ കടന്നാക്രമണത്തിലൂടെയാണ് വിജയം പിടിച്ചെടുത്തത്. ഒരുവേള വിജയ പ്രതീക്ഷയിലായിരുന്നു ഇംഗ്ലണ്ട്. ആദ്യ ഓവറിൽ മാർട്ടിൻ ഗപ്‌ടിലിനെയും മൂന്നാം ഓവറിൽ നായകൻ കെയ്ൻ വില്യംസണെയും നഷ്ടപ്പെട്ട ശേഷം അസാമാന്യ തിരിച്ചുവരവാണ് അവർ നടത്തിയതെന്നു പറയാതെ വയ്യ. ഡാരിൽ മിച്ചലും (പുറത്താകാതെ 72) ഡെവൺ കോൺവേയും (46) ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ 82 റൺസിലൂന്നി കളി പിടിച്ചെടുക്കാൻ ജിമ്മി നീഷവുമുണ്ടായിരുന്നു. നീഷമിന്റെ കറതീർന്ന പ്രഹരം ഇംഗ്ലിഷ് ബോളർമാരെ നിലംപരിശാക്കിക്കളഞ്ഞു. 11 പന്തിൽ 27 റൺസെടുത്ത നീഷമാണ് ഇംഗ്ലണ്ടിന്റെ കയ്യിലായിരുന്ന കളി റാഞ്ചിയതെന്നു പറയാം. 

29 പന്തുകളിൽ 60 റൺസെന്ന വലിയ ലക്ഷ്യത്തിലേക്ക് മിച്ചലിനു കൂട്ടായി നീഷം എത്തിയതോടെ കളിമാറി. ക്രിസ് ജോർദാന്റെ 17–ാം ഓവറിൽ രണ്ടു സിക്സ് അടക്കം 23 റൺസ്! നീഷമിന് ഭാഗ്യവും കൂട്ടുണ്ടായിരുന്നു. നാലാം പന്ത് നീഷം ഉയർത്തിയടിച്ചത് ബൗണ്ടറി ലൈനിൽ ബെയർസ്റ്റോ പിടിച്ചതാണ്. ലാൻഡിങ്ങിനിടെ പന്തെറിയും മുൻപ് കാൽ ബൗണ്ടറി ലൈനിൽ തട്ടിയതോടെ സിക്സായി. അതു പിടിയിലായിരുന്നെങ്കിൽ കിവികൾ ചിലപ്പോൾ വിഷമിച്ചേനെ. ഒടുവിൽ വിജയലക്ഷ്യം നേടുമ്പോൾ കൃത്യം ഒരോവർ ബാക്കിയുണ്ടായിരുന്നു. നേരത്തേ 2 ഓവർ ബോൾ ചെയ്ത നീഷം ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. മലാൻ നൽകിയ ക്യാച്ച് വിക്കറ്റ് കീപ്പർ കോൺവേ വിട്ടുകളഞ്ഞില്ലായിരുന്നെങ്കിൽ നീഷമിന്റെ വിക്കറ്റ് നേട്ടം രണ്ടായേനെ. 

ഏകദിന ഫൈനലിൽ ഇംഗ്ലണ്ടിനുവേണ്ടി ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ചെയ്തതാണ് ഇക്കുറി ന്യൂസീലൻഡിനായി നീഷം ചെയ്തത്. അതിനു സാക്ഷിയാകാൻ സ്റ്റോക്സാകട്ടെ കളത്തിലുണ്ടായിരുന്നില്ലതാനും. പരുക്കുമൂലം ചികിത്സയിലുള്ള താരം ട്വന്റി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് നിരയിൽ ഇടംപിടിച്ചില്ല. സ്റ്റോക്സ് കൂടിയുണ്ടായിരുന്നെങ്കിൽ ന്യൂസീലൻഡിന്റെ പ്രതികാരത്തിന് ഇരട്ടിമധുരമായേനെ.

English Summary: England Vs New Zealand T20 World Cup Semi Final, Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com