ADVERTISEMENT

ഇന്ത്യ–ന്യൂസീലൻഡ് സൂപ്പർ 12 റൗണ്ട് മത്സരത്തിൽ എല്ലാവരും ഓർമിക്കുന്നതു കിവീസിന്റെ വലംകൈ സ്പിന്നർ ഇഷ് സോധിയുടെ പ്രകടനമാകും. വിരാട് കോലിയുടെയും രോഹിത് ശർമയുടെയും വിക്കറ്റെടുത്തു കളിയിലെ താരമായതു സോധിയാണെങ്കിലും ആ വിക്കറ്റ് നേട്ടങ്ങളിൽ സോധിക്കു ‘വലംകൈ’യായി നിന്നത് ഇടംകൈ സ്പിന്നർ മിച്ചൽ സാന്റ്നറാണ്. 4 ഓവറിൽ വെറും 15 റൺസ് മാത്രം വഴങ്ങിയ സാന്റ്നർ ഇന്ത്യൻ ബാറ്റർമാരെ ശരിക്കും വെള്ളംകുടിപ്പിച്ചു. ഈ സമ്മർദം മറികടക്കാൻ സോധിക്കെതിരെ ആക്രമണത്തിനു മുതിർന്ന കോലിയും രോഹിത്തും ഫീൽഡിൽ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

ട്വന്റി20 ക്രിക്കറ്റിൽ അധികം ആഘോഷിക്കപ്പെടാത്ത ഇടംകൈ സ്പിന്നർമാരുടെ പ്രാധാന്യം ടീമുകൾ തിരിച്ചറിഞ്ഞത് ഈ ലോകകപ്പിലാണ്. ലോകകപ്പിലെ വിക്കറ്റു നേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിൽ ഒരു ഇടംകൈ സ്പിന്നറുമില്ല. പക്ഷേ, പവർപ്ലേയിലും മധ്യ ഓവറുകളിലുമൊക്കെയായി റണ്ണൊഴുക്കിനു ചിറകെട്ടിയത് ഇവരുടെ കണിശതയുള്ള ബോളിങ്ങാണ്. ഈ ലോകകപ്പിൽ ഇതുവരെ മികച്ച ഇക്കോണമിയിൽ പന്തെറിഞ്ഞത് ഇടംകൈ സ്പിന്നർമാരാണ്. സൂപ്പർ 12 റൗണ്ടിൽ ഇംഗ്ലണ്ട്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നിവരൊഴികെ മറ്റ് 9 ടീമുകളിലും ഇടംകൈ സ്പിന്നർമാരുടെ സാന്നിധ്യമുണ്ടായിരുന്നു

∙ ഇടംകൈ ബോളിങ് തന്ത്രങ്ങൾ

ഓഫ് സ്പിന്നർമാരെയും കൈക്കുഴ സ്പിന്നർമാരെയും അപേക്ഷിച്ച് ഇടംകൈ സ്പിന്നർമാരുടെ പന്തിനു ടേണും ഫ്ലൈറ്റും കുറവാണ്. എങ്കിലും വലംകൈ ബാറ്റർമാർക്കെതിരെ ഇവർക്കു മികച്ച റെക്കോർഡാണ്. പിച്ചിൽ നിന്നു ഓഫ് സ്റ്റംപിനു പുറത്തേക്കു നീങ്ങുന്ന പന്തുകളാണു വലംകൈ ബാറ്റർമാർക്കെതിരെ പ്രയോഗിക്കുന്നത്. ഓഫ്‌സൈഡിലേക്കു ടേൺ ചെയ്യുന്ന ഈ പന്തുകളിൽ മികച്ച ഷോട്ടുകൾ കളിക്കാനാകില്ലെന്നതാണു വലംകൈ ബാറ്റർമാർക്കുള്ള വെല്ലുവിളി. ന്യൂസീലൻഡിനെതിരായ മത്സരത്തിൽ സാന്റ്നറുടെ ഇത്തരം 10 പന്തുകൾ നേരിട്ട കോലിക്കു നേടാനായത് 5 റൺസ് മാത്രമാണ്.

∙ ബോളർമാരുടെ പ്രകടനം

∙ ഇടംകൈ സ്പിന്നർ

ഓവർ‌: 193.4

വിക്കറ്റ്: 55

ഇക്കോണമി: 6.5

∙ ലെഗ് സ്പിന്നർ

ഓവർ‌: 192.5

വിക്കറ്റ്: 67

ഇക്കോണമി: 6.6


∙ ഓഫ് സ്പിന്നർ

ഓവർ‌: 176.5

വിക്കറ്റ്: 50

ഇക്കോണമി: 6.7

∙ ഇടംകൈ പേസർ

ഓവർ‌: 238

വിക്കറ്റ്: 83

ഇക്കോണമി: 7.2

∙ വലംകൈ പേസർ

ഓവർ‌: 689

വിക്കറ്റ്: 202

ഇക്കോണമി: 7.6

∙ ഇടംകൈ സ്പിന്നർമാരുടെ ഇക്കോണമി *

ഇമാദ് വസീം (പാക്കിസ്ഥാൻ): 5.23

ഷാക്കിബുൽ ഹസൻ (ബംഗ്ലദേശ്): 5.59

രവീന്ദ്ര ജഡേജ (ഇന്ത്യ): 5.94

മാർക് വാട്ട് (സ്കോട്‍ലൻഡ്): 6.13

മിച്ചൽ സാന്റ്നർ (ന്യൂസീലൻഡ്): 6.63

കേശവ് മഹാരാജ് (ദക്ഷിണാഫ്രിക്ക): 6.70

∙ ഒരേയൊരു ഷംസി

കൈക്കുഴകൊണ്ടു പന്തെറിയുന്ന ഒരേയൊരു ഇടംകൈ സ്പിന്നർ മാത്രമാണ് ഈ ലോകകപ്പിൽ കളിച്ചത്. ദക്ഷിണാഫ്രിക്കയുടെ തബരെസ് ഷംസി. 5 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റു നേടിയ ഷംസി റൺസ് വഴങ്ങിയത് 6.36 ഇക്കോണമിയിലാണ്.

English Summary: Left hand spinners having big impact in T20 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com