ദുബായ്∙ ട്വന്റി20 ലോകകപ്പിലെ രണ്ടാം സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരെ കളത്തിലിറങ്ങി തിളങ്ങിയ പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ മത്സരത്തിനു തൊട്ടുമുൻപുള്ള രണ്ടു ദിവസവും കടുത്ത പനിയെ തുടർന്ന് ഐസിയുവിലായിരുന്നുവെന്ന് വെളിപ്പെടുത്തൽ. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായ മുൻ ഓസീസ് താരം മാത്യു ഹെയ്ഡനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മത്സരത്തിലാകെ 52 പന്തുകളിൽനിന്ന് മൂന്നു ഫോറും നാലു സിക്സും സഹിതം 67 റൺസെടുത്ത റിസ്‌വാനായിരുന്നു പാക്കിസ്ഥാന്റെ ടോപ് സ്കോറർ. ഈ ഇന്നിങ്സിനു പിന്നാലെയാണ് താരം ഐസിയുവിൽനിന്നെത്തിയാണ് ഓസീസ് ബോളർമാരെ നേരിട്ടതെന്ന വെളിപ്പെടുത്തൽ.
ചൊവ്വാഴ്ചയാണ് മുഹമ്മദ് റിസ്‌വാൻ കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. പാക്കിസ്ഥാൻ ടീമിൽ സഹതാരവും ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയുടെ ഭർത്താവുമായ ശുഐബ് മാലിക്കും പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നെഞ്ചിൽ അണുബാധ ഉണ്ടായതോടെയാണ് റിസ്‌വാനെ ദുബായിലെ ആശുപത്രിയിൽ ഐസിയുവിലേക്കു മാറ്റിയത്.
ഇതോടെ, ഓസ്ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ റിസ്‌വാനു കളിക്കാനാകുമോ എന്ന് സംശയമുയർന്നു. പിന്നീട് ഐസിയുവിൽനിന്ന് വന്നാണ് റിസ്‌വാൻ തകർപ്പൻ അർധസെഞ്ചുറിയുമായി പാക്കിസ്ഥാൻ ഇന്നിങ്സിന്റെ നട്ടെല്ലായത്.
മത്സരം നടന്ന വ്യാഴാഴ്ച രാവിലെ മാത്രമാണ് അദ്ദേഹത്തെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. ‘നവംബർ ഒൻപതിന് നെഞ്ചിലെ അണുബാധയെ തുടർന്ന് മുഹമ്മദ് റിസ്‌വാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടു ദിവസം അദ്ദേഹം ഐസിയുവിലായിരുന്നു. അതിനുശേഷമാണ് അദ്ദേഹം കളത്തിൽ തിരിച്ചെത്തിയത്’ – പാക്കിസ്ഥാൻ ടീം ഡോക്ടർ നജീബുള്ള സൂമ്രോ വ്യക്തമാക്കി.
‘റിസ്‌വാൻ ശരിക്കുമൊരു പോരാളിയാണ്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ആ ധൈര്യവും എടുത്തുപറയണം’ – പാക്കിസ്ഥാന്റെ ബാറ്റിങ് പരിശീലകനായ ഓസ്ട്രേലിയക്കാരൻ മാത്യു ഹെയ്ഡന്റെ വാക്കുകൾ.
English Summary: 'Warrior' Rizwan hailed after intensive care stay revealed