ADVERTISEMENT

ഓസ്ട്രേലിയയുടെ കിരീടധാരണത്തോടെ ക്രിക്കറ്റിന്റെ ദുബായ്പ്പൂരത്തിനു പര്യവസാനം. ട്വന്റി20 ക്രിക്കറ്റിൽ കിരീടനേട്ടമില്ലാത്ത രണ്ടു ടീമുകൾ ഏറ്റുമുട്ടിയ ഫൈനലിൽ കിരീടം കംഗാരുക്കൾ സഞ്ചിയിലാക്കി. ന്യൂസീലൻഡിനെതിരെ എട്ടു വിക്കറ്റിന്റെ ആധികാരിക ജയത്തോടെയായിരുന്നു ആരോൺ ഫിഞ്ചിന്റേയും കൂട്ടരുടേയും നേട്ടം. പറഞ്ഞതുപോലെ തന്നെ ടോസിന്റെ കൂടി വിജയമാണ് ഈ കിരീടമെന്നു പറയാം. ദൂബായ് സ്റ്റേഡിയത്തിൽ ടോസ് കിട്ടി എതിരാളികളെ ബാറ്റിങ്ങിനു വിട്ട ടീമുകളെല്ലാം ഇക്കുറി ജയിച്ചുകയറുകയായിരുന്നു. രാത്രി മത്സരത്തിൽ ചേസിങ് താരതമ്യേന എളുപ്പമാണെന്നതാണ് ഇവിടെ ടോസിന് അമിതപ്രാധാന്യം കിട്ടാൻ കാരണം.

ഓസീസിന്റെ കാര്യം തന്നെ നോക്കൂ. ഇക്കുറി ലോകകപ്പിലെ ഓസീസിന്റെ 7 കളികളിൽ ആറിലും ടോസ് കിട്ടിയത് ഫിഞ്ചിന്; ഫൈനലിലേതടക്കം. ആ 6 കളികളിലും വിജയം ഓസ്ട്രേലിയയ്ക്കൊപ്പമായിരുന്നു. ടോസ് നഷ്ടപ്പെട്ട ഏക കളിയിലോ മുട്ടൻ തോൽവിയും. സൂപ്പർ 12 ഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ മാത്രമാണ് ഓസ്ട്രേലിയ തോറ്റത്. അതാകട്ടെ മഞ്ഞപ്പട ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത വിധത്തിലുള്ള തോൽവിയുമായി. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ പതിവുപോലെ ഓസീസിനെ ബാറ്റിങ്ങിനയച്ചു. 20 ഓവറിൽ അവർ 125ൽ ഒതുങ്ങി. ഇംഗ്ലണ്ടാകട്ടെ വെറും 11.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 126 റൺസടിച്ച് അനായാസ വിജയം നേടി. 32 പന്തിൽ 71 റൺസോടെ ജോസ് ബട്‌ലർ പുറത്താകാതെ നിന്നു. 4 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ക്രിസ് ജോർദാനായിരുന്നു മാൻ ഓഫ് ദ് മാച്ച്. 

ആ ഒരൊറ്റ കളിയിലൊഴികെ ഓസ്ട്രേലിയ ടോസ് നേടുകയും വിജയത്തിലെത്തുകയും ചെയ്തു. ടോസിലാണു കാര്യമെന്ന് ദുബായ് സ്റ്റേഡിയത്തിൽ നടന്ന കളികളെല്ലാം തെളിയിച്ചു. ആദ്യം ബാറ്റ് ചെയ്യുമ്പോൾ ബോളിങ്ങിനും രണ്ടാം പകുതിയിൽ ബാറ്റിങ്ങിനും അനുകൂലമാകുക എന്ന പതിവ് ഫൈനലിലും തെറ്റിക്കാതിരുന്നതോടെ ഓസ്ട്രേലിയയ്ക്കു മനോഹരവിജയം, കിരീടനേട്ടം. 

ട്വന്റി20യിലെ തോൽവി പരമ്പരകൾക്കൊടുവിൽ ലോകകപ്പിനെത്തിയ ഓസീസ് എല്ലാ വിമർശനങ്ങളെയും മറികടന്നാണ് കിരീടത്തിലെത്തിയത്. 

വിജയങ്ങൾക്കു കാർമികനായതോ ഇന്ത്യൻ പ്രിമിയർ ലീഗിൽ മോശം ഫോമിന്റെ പേരിൽ തഴയപ്പെട്ട ഡേവിഡ് വാർണറും. 289 റൺസെടുത്ത വാർണറാണല്ലോ ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 

സാഹചര്യത്തിനൊത്ത് ഉയരുന്ന താരനിരയായിരുന്നു ഓസീസിന്റെ കരുത്ത്. ഓസീസ് ജയിച്ച ആറു കളികളിലായി 5 പേരാണ് മാൻ ഓഫ് ദ് മാച്ച് പട്ടം നേടിയത്. ആദം സാംപ മാത്രമാണ് രണ്ടുവട്ടം മാൻ ഓഫ് ദ് മാച്ചായത്. ശ്രീലങ്കയ്ക്കെതിരെയും ബംഗ്ലദേശിനെതിരെയും. ലങ്കയ്ക്കെതിരെ 12 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് പിഴുത ഈ സ്പിന്നർ ബംഗ്ലദേശിനെതിരെ 19 റൺസിന് 4 വിക്കറ്റുകൾ കൊയ്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജോഷ് ഹെയ്സൽവു‍ഡ് (19 റൺസിന് 2 വിക്കറ്റ്), വെസ്റ്റ് ഇൻഡീസിനെതിരെ വാർണർ (56 പന്തിൽ പുറത്താകാതെ 89), പാക്കിസ്ഥാനെതിരായ സെമിയിൽ മാത്യു വെയ്ഡ് (17 പന്തിൽ പുറത്താകാതെ 41), ന്യൂസീലൻഡിനെതിരായ ഫൈനലിൽ മിച്ചൽ മാർഷ് (50 പന്തിൽ പുറത്താകാതെ 77) എന്നിവരായിരുന്നു മാൻ ഓഫ് ദ് മാച്ചായ താരങ്ങൾ.

 മികവിന്റെ ഈ വൈവിധ്യം തന്നെയാണ് അവരെ കിരീടജേതാക്കളുമാക്കിയത്. വാർണർ കഴിഞ്ഞാൽ മിച്ചൽ മാർഷാണ് (185) റൺ കരുത്തിൽ രണ്ടാമത്. ബോളിങ്ങിലാകട്ടെ 13 വിക്കറ്റുമായി സാംപ തന്നെ. 11 വിക്കറ്റുമായി ഹെയ്സൽവുഡും മികവു കാട്ടി. 

എന്തായാലും ഓസ്ട്രേലിയയുടെ ക്രിക്കറ്റ് കിരീടശേഖരത്തിൽ ട്വന്റി20യിലെ ഈ കന്നിക്കിരീടം കൂടി തിളങ്ങുന്നു. ഫിഞ്ചിനും കൂട്ടർക്കും അഭിമാനിക്കാം, ഈ വിസ്മയ വിജയത്തിൽ. (ഇവിടെന്തിനാ വെറുതെ കളിച്ചു സമയം കളയുന്നത്; ടോസ് കിട്ടുന്നവരെ വിജയികളായി പ്രഖ്യാപിച്ചാൽ പോരേ എന്നു വിമർശിച്ച ക്രിക്കറ്റ് ആരാധകനെ തൽക്കാലം മറന്നുകളയാം.) 

 

English Summary: Ausis captain Aaron Finch wins world cup, at last

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com