ADVERTISEMENT

ജയ്പുർ∙ ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ഒന്നാം ട്വന്റി20 മത്സരത്തിനിടെ ആരാധകരുടെ ആവേശമേറ്റി മാർട്ടിൻ ഗപ്ടിൽ – ദീപക് ചാഹർ നേർക്കുനേർ പോരാട്ടം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ന്യൂസീലൻഡ് ബാറ്റു ചെയ്യുമ്പോഴാണ് ഇരുവരും കളത്തിൽ നേർക്കുനേരെത്തിയത്. ചാഹറിനെതിരെ സിക്സറടിച്ചശേഷം താരത്തെ തുറിച്ചുനോക്കി ഗപ്ടിലാണ് പോരാട്ടത്തിന് തുടക്കമിട്ടത്. തൊട്ടടുത്ത പന്തിൽ ഗപ്ടിലിന്റെ വിക്കറ്റെടുത്ത് തിരികെ തുറിച്ചുനോക്കിയായിരുന്നു ചാഹറിന്റെ ഗംഭീര മറുപടി.

മത്സരത്തിലെ ഏറ്റവും മികച്ച നിമിഷമായി തിരഞ്ഞെടുക്കപ്പെട്ടത് ഈ നോട്ടം തന്നെ. ഒറ്റ നോട്ടം കൊണ്ട് ചാഹറിന്റെ പോക്കറ്റിലായത് ഒരു ലക്ഷം രൂപ!

മത്സരത്തിൽ ആദ്യ മൂന്ന് ഓവറിൽ കനത്ത പ്രഹരമേറ്റു വാങ്ങിയ ദീപക് ചാഹർ വഴങ്ങിയത് 34 റൺസായിരുന്നു. ഇതിനു പിന്നാലെയാണ് 18–ാം ഓവർ ബോൾ െചയ്യാനായി രോഹിത് ശർമ ചാഹറിനെ തിരിച്ചുവിളിച്ചത്.

ഓപ്പണറായി ഇറങ്ങിയ മാർട്ടിൻ ഗപ്ടിലായിരുന്നു അപ്പോഴും കളത്തിൽ. തകർത്തടിച്ച് അർധസെഞ്ചുറി പിന്നിട്ട ഗപ്ടിലാണ് ചാഹറിന്റെ അവസാന ഓവറിലെ ആദ്യ പന്ത് നേരിട്ടതും. ഈ പന്ത് തകർപ്പനൊരു ഷോട്ടിലൂടെ ഗാലറിയിലെത്തിച്ചാണ് ഗപ്ടിൽ ചാഹറിനെ അവസാന സ്പെല്ലിനായി സ്വാഗതം ചെയ്തത്. ആ പടുകൂറ്റൻ സിക്സർ പതിച്ചതാകട്ടെ, 98 മീറ്റർ അകലെയും!

പന്തിനെ അസ്ത്രം പോലെ അതിർത്തി കടത്തിയ ഗപ്ടിൽ, തൊട്ടുപിന്നാലെയാണ് ദീപക് ചാഹറിനെ തുറിച്ചുനോക്കിയത്. പന്ത് പോയ വഴിയിലേക്കു പോലും നോട്ടമയയ്ക്കാതെ പന്തെറിഞ്ഞ ചാഹറിനെ തുറിച്ചുനോക്കുകയായിരുന്നു ഗപ്ടിൽ. തിരികെ നോക്കാതെ ചാഹർ അടുത്ത പന്ത് എറിയാനായി മടങ്ങുകയും ചെയ്തു.

എന്നാൽ, അടുത്ത പന്തിൽ ചിത്രം മാറി. ആദ്യ പന്തിൽ ‘തല്ലുകൊണ്ട’ ദീപക് ചാഹർ ഇരട്ടികരുത്തോടെ തിരിച്ചടിച്ചു. തുടർച്ചയായ രണ്ടാം സിക്സിനുള്ള ശ്രമത്തിൽ മാർട്ടിൻ ഗപ്ടിൽ പുറത്ത്. ഗപ്ടിൽ ഉയർത്തിയടിച്ച പന്ത് ശ്രേയസ് അയ്യർ കയ്യിലൊതുക്കി. 42  പന്തിൽ 70 റൺസെടുത്താണ് ഗപ്ടിൽ മടങ്ങിയത്. ഗപ്ടിലിന്റെ വിക്കറ്റ് വീണതിനു പിന്നാലെ പ്രതികാരമെന്നോണം ചാഹർ തിരികെ തുറിച്ചുനോക്കുന്നത് കാണാമായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മത്സരത്തിലെ ഏറ്റവും മികച്ച നിമിഷമായി തിരഞ്ഞെടുത്തതും ആ നോട്ടം തന്നെ.

English Summary: Deepak Chahar gives perfect response to Martin Guptill after getting hit for six

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com