ADVERTISEMENT

മുംബൈ∙ രാഹുൽ ദ്രാവിഡിനു മുൻപേ ഇന്ത്യൻ പരിശീലകനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പരിഗണിച്ചത് ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെ? ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനായ പോണ്ടിങ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ ടീമിന്റെ പരിശീലക ജോലി ഏറ്റെടുക്കാൻ ചിലർ  സമീപിച്ചിരുന്നതായാണ് പോണ്ടിങ്ങിന്റെ വെളിപ്പെടുത്തൽ. എന്നാൽ, ജോലിഭാരവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ആ ജോലി വേണ്ടെന്നു വച്ചതാണെന്നും പോണ്ടിങ് വെളിപ്പെടുത്തി.

ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പോടെ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്ന രവി ശാസ്ത്രിയുടെ കാലാവധി പൂർത്തിയായിരുന്നു. തുടർന്ന് ഇന്ത്യ എ ടീമിന്റെയും ജൂനിയർ ടീമുകളുടെയും പരിശീലകനായിരുന്ന ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) തലവൻ രാഹുൽ ദ്രാവിഡിനെ ചുമതലയേൽപ്പിച്ചു. 

ഇന്ത്യൻ ടീമിന്റെ ചുമതല ഏറ്റെടുത്തിരുന്നെങ്കിൽ വർഷത്തിൽ ഏറിയ പങ്കും ഇന്ത്യയിലും വിദേശത്തുമായി ചെലവഴിക്കേണ്ടി വരുമായിരുന്നുവെന്ന് പോണ്ടിങ് ചൂണ്ടിക്കാട്ടി. അതേസമയം, ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലക ചുമതല ഒഴിയാൻ പദ്ധതിയില്ലെന്നും നാൽപ്പത്താറുകാരനായ പോണ്ടിങ് വ്യക്തമാക്കി.

‌‘ഇന്ത്യൻ പരിശീലക ജോലി ഏറ്റെടുത്തിരുന്നെങ്കിൽ വർഷം 300 ദിവസമെങ്കിലും ഞാൻ ഇന്ത്യയിൽ ജീവിക്കേണ്ടിവരുമായിരുന്നു. ഈ ജോലി ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് ഐപിഎലിനിെട ചിലർ എന്നെ സമീപിച്ചിരുന്നു. എന്നാൽ അതിലുള്ള ബുദ്ധിമുട്ടുകൾ അപ്പോൾത്തന്നെ ഞാൻ അവരെ അറിയിച്ചു. ഐപിഎലിലും ചാനൽ സെവനിലും എനിക്കു തുടരാനാകാത്തതിനാൽ ഇന്ത്യൻ ടീമിന്റെ പരിശീലക ജോലി ഏറ്റെടുക്കാനാകില്ലെന്ന് അവരെ അറിയിച്ചു’ – പോണ്ടിങ് വെളിപ്പെടുത്തി.

അതേസമയം, ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചതിലുള്ള സന്തോഷം പോണ്ടിങ് പങ്കുവച്ചു. ‘ഈ ജോലിക്ക് (ഇന്ത്യൻ ടീമിന്റെ പരിശീലകൻ) ഞാൻ പ്രാപ്തനാണെന്ന് അവർ ചിന്തിച്ചതിൽ സന്തോഷം. പക്ഷേ, ആ ജോലി സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനു മുൻപ് അതുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ടായിരുന്നു’ – പോണ്ടിങ് പറഞ്ഞു.

ഡൽഹി ക്യാപിറ്റൽസിന്റെ ചുമതല ഏറ്റെടുക്കും മുൻപ് ഐപിഎലിൽത്തന്നെ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനായിരുന്നു പോണ്ടിങ്. ഇവയ്ക്കു പുറമേ ഓസ്ട്രേലിയയിലെ ചില ടീമുകളേയും താരം പരിശീലിപ്പിച്ചിട്ടുണ്ട്. 2018ൽ ഡൽഹി ക്യാപിറ്റൽസിലെത്തിയ പോണ്ടിങ്, ടീമിന്റെ പ്രകടനത്തിൽ സമഗ്രമായ മാറ്റങ്ങൾക്ക് കാരണക്കാരനായി കയ്യടിയും നേടി.

English Summary: Ricky Ponting reveals he was approached for Team India's head coach job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com