ADVERTISEMENT

റാഞ്ചി∙ ഒരിക്കൽക്കൂടി പകരക്കാരനായി വന്ന് പകരം വയ്ക്കാനില്ലാത്ത പ്രകടനത്തിലൂടെ ഒരു താരം കൂടി രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ചിക്കുന്നു. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായിരുന്ന ഹർഷൽ പട്ടേലാണ് റാഞ്ചി ട്വന്റി20യിലെ ഉജ്വല ബോളിങ് പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഹൃദയവും ‘റാഞ്ചിയത്’. ഒന്നാം ട്വന്റി20ക്കിടെ പരുക്കേറ്റ മുഹമ്മദ് സിറാജിന്റെ പകരക്കാരനായാണ് ഹർഷൽ പട്ടേൽ ഈ മത്സരത്തിൽ കളിച്ചത്. ആദ്യ മത്സരത്തിൽ കളിച്ച ടീമിൽ ഇന്ത്യ വരുത്തിയ ഒരേയൊരു മാറ്റവും അതായിരുന്നു.

ഭുവനേശ്വർ കുമാറും ദീപക് ചാഹറും സാമാന്യം ഭേദപ്പെട്ട രീതിയിൽ ‘തല്ലുകൊണ്ട’ മത്സരത്തിൽ, മൂന്നാം പേസ് ബോളറായിരുന്ന ഈ അരങ്ങേറ്റക്കാരൻ നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് പിഴുത പ്രകടനത്തോടെ അരങ്ങ് കൊഴുപ്പിച്ചു; അരങ്ങേറ്റവും. ഇന്ത്യയ്ക്ക് മിന്നും വിജയം സമ്മാനിച്ച പ്രകടനത്തിലൂടെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും ‘റാഞ്ചിയാണ്’ ഈ മുപ്പതുകാരൻ റാഞ്ചി സ്റ്റേഡിയം വിട്ടത്!

ചെന്നൈ സൂപ്പർ കിങ്സിനായി ഐപിഎലിൽ വെസ്റ്റിൻഡീസ് താരം ഡ്വെയിൻ ബ്രാവോ തന്റെ പ്രതാപകാലത്ത് പുറത്തെടുത്തിരുന്ന ബോളിങ് പ്രകടനത്തോടെയാണ് ആരാധകരിൽ ചിലർ ഹർഷൽ പട്ടേലിന്റെ പ്രകടനത്തെ താരതമ്യം ചെയ്തത്. ജസ്പ്രീത് ബുമ്രയ്ക്കൊപ്പം ഡെത്ത് ഓവറുകളിൽ പന്തെറിയാൻ ഇന്ത്യയ്ക്ക് മികച്ചൊരു താരത്തെ ലഭിച്ചിരിക്കുന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് മുൻ താരങ്ങളും ആരാധകരും ഒരേ സ്വരത്തിൽ പറയുന്നു.

ന്യൂസീലൻഡിനെതിരായ ഹർഷൽ പട്ടേലിന്റെ ബോളിങ് പ്രകടനം കണ്ട് അദ്ദേഹത്തിന്റെ ഡെത്ത് ഓവർ ബോളിങ് വൈഭവത്തെ പ്രശംസിച്ചത് മുൻ ന്യൂസീലൻഡ് ക്യാപ്റ്റൻ കൂടിയായ ഡാനിയർ വെട്ടോറിയാണ്. അവസാന ഘട്ടത്തിൽ രണ്ട് ഓവർ ബോൾ ചെയ്ത ഹർഷൽ പട്ടേൽ വഴങ്ങിയത് 16 റൺസ് മാത്രമാണ്. ഒരു വിക്കറ്റും വീഴ്ത്തി.

‘ട്വന്റി20 ക്രിക്കറ്റിൽ അവസാന ഓവറുകൾ ബോൾ ചെയ്യാനുള്ള മികവ് പ്രധാനപ്പെട്ടതാണ്. ജസ്പ്രീത് ബുമ്രയ്ക്കുള്ള ഈ കഴിവ് ഹർഷൽ പട്ടേലിനും അവകാശപ്പെടാമെങ്കിൽ, ഇന്ത്യൻ ട്വന്റി20 ടീമിന്റെ നിലവാരം തന്നെ മാറും’ – വെട്ടോറി പറഞ്ഞു.

അരങ്ങേറ്റ മത്സരത്തിൽ ഹർഷൽ പട്ടേൽ പുറത്തെടുത്ത പ്രകടനത്തെ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറും അഭിനന്ദിച്ചു.

‘ഹർഷൽ പട്ടേലിന്റെ പ്രകടനം അവിശ്വസനീയമായിരുന്നു. അദ്ദേഹം ആദ്യ രാജ്യാന്തര മത്സരമാണ് കളിക്കുന്നതെന്ന് തോന്നിയതേയില്ല. പട്ടേലിന്റെ പ്രകടനം ശരിക്കും ഹൃദയം കവർന്നു. 8–10 വർഷത്തെ ഫസ്റ്റ് ക്ലാസ് കരിയറും ഐപിഎലിലെ ഒരു തകർപ്പൻ സീസണും അദ്ദേഹത്തിനു സമ്മാനിച്ച അവസരമാണ് ഇത്’ – ഗംഭീർ ചൂണ്ടിക്കാട്ടി.

ഐപിഎലിന്റെ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന താരമെന്ന റെക്കോർഡുമായാണ് ഹർഷൽ പട്ടേൽ ഇത്തവണ 15 മത്സരങ്ങളിൽനിന്ന് 32 വിക്കറ്റെടുത്തത്. ഇക്കാര്യത്തിൽ വിൻഡീസ് താരം ഡ്വെയിൻ ബ്രാവോയുടെ റെക്കോർഡിന് ഒപ്പമാണ് പട്ടേൽ. ഐപിഎലിലെ ഈ മിന്നുന്ന പ്രകടനമാണ് പട്ടേലിന് ഇന്ത്യൻ ടീമിൽ സ്ഥാനം നേടിക്കൊടുത്തത്.

∙ രാജ്യാന്തര ട്വന്റി20യിലെ അരങ്ങേറ്റത്തിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ഇന്ത്യൻ താരങ്ങൾ

ദിനേഷ് കാർത്തിക്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (2006)
പ്രഗ്യാൻ ഓജ, ബംഗ്ലദേശിനെതിരെ (2009)
എസ്. ബദരീനാഥ്, വെസ്റ്റിൻഡീസിനെതിരെ (2011)
അക്ഷർ പട്ടേൽ, സിംബാബ്‌വെയ്‌ക്കെതിരെ (2015)
ബരീന്ദർ സ്രാൻ, സിംബാബ്‍വെയ്ക്കെതിരെ (2016)
നവ്ദീപ് സെയ്നി, വെസ്റ്റിൻഡീസിനെതിരെ (2019)
ഇഷാൻ കിഷൻ, ഇംഗ്ലണ്ടിനെതിരെ (2021)
ഹർഷൽ പട്ടേൽ, ന്യൂസീലൻഡിനെതിരെ (2021)*

∙ രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറിയ പ്രായം കൂടിയ ഇന്ത്യൻ താരങ്ങൾ

38y 232d രാഹുൽ ദ്രാവിഡ്
33y 221d സച്ചിൻ തെൻഡുൽക്കർ
31y 177d ശ്രീനാഥ് അരവിന്ദ്
31y 44d സ്റ്റുവാർട്ട് ബിന്നി
31y 39d മുരളി കാർത്തിക്
30y 361d ഹർഷൽ പട്ടേൽ

English Summary: Harshal Patel relishes Player of Match award on T20I debut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com