ADVERTISEMENT

കാൺപുർ∙ ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച കാൺപുരിൽ ആരംഭിക്കാനിരിക്കെ, ഓപ്പണർ കെ.എൽ. രാഹുൽ പരുക്കേറ്റ് ടീമിന് പുറത്ത്. വാർത്താ ഏ‍ജൻസിയായ പിടിഐയാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് ബിസിസിഐ ഇത് സ്ഥിരീകരിച്ചു. വിശ്രമം അനുവദിച്ചതിനെ തുടർന്ന് മുതിർന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശർമ എന്നിവർ ഈ മത്സരത്തിൽ കളിക്കാത്തതിനാൽ, രാഹുലിന്റെ പരുക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്.

രണ്ടു ടെസ്റ്റുകളിലും രാഹുലിനു കളിക്കാനാകില്ലെന്ന് ബിസിസിഐ അറിയിച്ചു. ഇടതു കാൽത്തുടയിലെ മസിലിനേറ്റ പരുക്കാണ് രാഹുലിന് വിനയായത്. അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനു മുന്നോടിയായി കായികക്ഷമത വീണ്ടെടുക്കുന്നതിന് രാഹുൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ചികിത്സ തേടും.

രാഹുലിന്റെ പകരക്കാരനായി ഇന്ത്യൻ ട്വന്റി20 ടീമിൽ അംഗമായിരുന്ന സൂര്യകുമാർ‍ യാദവിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റിൽ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത താരമാണ് സൂര്യകുമാർ.

ട്വന്റി20 പരമ്പരയിൽ മികച്ച ഫോമിലായിരുന്ന രാഹുൽ, ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര ഉറപ്പാക്കിയതിനെ തുടർന്ന് കൊൽക്കത്തയിൽ നടന്ന മൂന്നാം ട്വന്റി20യിൽ കളിച്ചിരുന്നില്ല. പകരം ഇഷാൻ കിഷനാണ് രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പണറായി എത്തിയത്. ഇതിനു പിന്നാലെയാണ് താരം പരുക്കേറ്റ് ടെസ്റ്റ് പരമ്പരയിൽനിന്ന് പുറത്തായത്.

ഇന്ത്യൻ ടെസ്റ്റ് ടീം: അജിൻക്യ രഹാനെ (ക്യാപ്റ്റൻ), മയാങ്ക് അഗർവാൾ, ചേതേശ്വർ പൂജാര (വൈസ് ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ശ്രീകർ ഭരത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, അക്ഷർ പട്ടേൽ, ജയന്ത് യാദവ്, ഇഷാന്ത ്ശർമ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

English Summary: KL Rahul Ruled Out of Kanpur Test Due to Injury - Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com