സഞ്ജു ‘റോയൽ’ തന്നെ; രാജസ്ഥാൻ നിലനിർത്തിയെന്ന് റിപ്പോർട്ട്, പ്രതിഫലം 14 കോടി!

sanju-samson-david-miller
സഞ്ജു സാംസണും ഡേവിഡ് മില്ലറും (ട്വിറ്റർ ചിത്രം)
SHARE

ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിനു മുന്നോടിയായി ടീം വിടുമെന്നും ഇല്ലെന്നുമുള്ള അഭ്യൂഹങ്ങൾക്കും പ്രചാരണങ്ങൾക്കും ഒടുവിൽ മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച സഞ്ജുവിനെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയതായി വിവിധ ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഐപിഎൽ 2022 സീസണിന്റെ മെഗാ താരലേലത്തിനു മുന്നോടിയായി രാജസ്ഥാൻ നിലനിർത്തുന്ന ആദ്യ താരമാണ് സഞ്ജു. ഓരോ സീസണിലും 14 കോടി രൂപ പ്രതിഫലം നൽകിയാണ് രാജസ്ഥാൻ ഇരുപത്തേഴുകാരനായ സഞ്ജുവിനെ നിലനിർത്തിയത്. സഞ്ജു തന്നെയാകും വരും സീസണിലും ടീമിന്റെ നായകൻ.

ഐപിഎൽ 2022 സീസണിന്റെ താരലേലത്തിനു മുന്നോടിയായി ഓരോ ടീമും നിലനിർത്താൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ പട്ടിക ഐപിഎൽ അധികൃതർക്കു കൈമാറേണ്ട അവസാന തീയതി നവംബർ 30 ആണ്. ഇതിനു മുന്നോടിയായി രാജസ്ഥാൻ നിലനിർത്തുന്ന ആദ്യ താരമാണ് സഞ്ജു. ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങളിലേക്ക് രാജസ്ഥാൻ നിലനിർത്താൻ ഉദ്ദേശിക്കുന്നത് ഇംഗ്ലിഷ് താരങ്ങളായ ജോസ് ബട്‍ലർ, ജോഫ്ര ആർച്ചർ, ലിയാം ലിവിങ്സ്റ്റൺ എന്നിവരിൽനിന്ന് രണ്ടു പേരെയും യുവതാരം യശസ്വി ജയ്സ്വാളിനെയുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2018ലെ ഐപിഎൽ സീസണിനു മുന്നോടിയായിട്ടാണ് സഞ്ജു ആദ്യമായി രാജസ്ഥാൻ റോയൽസിലെത്തുന്നത്. അന്ന് എട്ടു കോടി രൂപയ്ക്കാണ് രാജസ്ഥാൻ താരലേലത്തിലൂടെ സഞ്ജുവിനെ ടീമിലെത്തിച്ചത്. തുടർന്ന് കഴിഞ്ഞ സീസണിൽ സ്റ്റീവ് സ്മിത്തിനെ തഴഞ്ഞ് സഞ്ജുവിനെ നായകനാക്കി ഉയർത്തി. ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ് തുടങ്ങിയ താരങ്ങളുടെ അഭാവത്തിൽ രാജസ്ഥാനെ പ്ലേ ഓഫിലെത്തിക്കാനായില്ലെങ്കിലും ബാറ്റിങ്ങിൽ രാജസ്ഥാന്‍ നിരയിൽ ഏറ്റവും തിളങ്ങിയത് സഞ്ജു തന്നെ. 137ൽ അധികം സ്ട്രൈക്ക് റേറ്റിൽ 484 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്.

സഞ്ജുവിനു പുറമേ ബെൻ സ്റ്റോക്സ് (12.5 കോടി), ജോഫ്ര ആർച്ചർ (7.2), ജോസ് ബട്‌ലർ (4.4 കോടി) എന്നിവരാണ് രാജസ്ഥാൻ നിരയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിയിരുന്ന മറ്റു താരങ്ങൾ. 2020ൽ ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ആർച്ചറായിരുന്നെങ്കിലും ഇക്കഴിഞ്ഞ സീസണിൽ താരത്തിന് പരുക്കുമൂലം കളിക്കാനായിരുന്നില്ല. താരത്തിന്റെ കായികക്ഷമത വില്ലനായില്ലെങ്കിൽ ഇത്തവണയും സൂപ്പർ ഫാസ്റ്റ് ബോളറെ നിലനിർത്താനാണ് രാജസ്ഥാന് താൽപര്യം.

ജോസ് ബട്‍ലറിനെയും രാജസ്ഥാൻ നിലനിർത്തുമെന്നാണ് വിവരം. അതേസമയം, സൂപ്പർ ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്റെ കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ വർഷം ക്രിക്കറ്റിൽനിന്ന് വിട്ടുനിന്ന സ്റ്റോക്സ് കളത്തിലേക്ക് തിരിച്ചെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തെക്കൂടി നിലനിർത്താനുള്ള പണം റോയൽസിന്റെ കൈവശമുണ്ടാകുമോ എന്നാണ് സംശയം.

ഐപിഎൽ ചട്ടപ്രകാരം ഓരോ ടീമിനും നാലു താരങ്ങളെയാണ് പരമാവധി നിലനിർത്താനാകുക. അതിൽത്തന്നെ പരമാവധി രണ്ടു വിദേശ താരങ്ങളെയാകാം. ഈ നാലു താരങ്ങൾക്കായി ആകെ അനുവദിച്ചിരിക്കുന്നത് 42 കോടി രൂപയാണ്. ഈ 42 കോടി രൂപ ചെലവഴിക്കുന്ന ടീമിന് പിന്നീട് താരലേലത്തിൽ പരമാവധി 48 കോടി രൂപയേ മുടക്കാനാകൂ എന്ന പ്രതിസന്ധിയുമുണ്ട്.

English Summary: Rajasthan Royals retain Sanju Samson; Jos Buttler, Jofra Archer in contention for remaining spots: Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA