ADVERTISEMENT

കാൻപുർ∙ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറിയുമായി മിന്നിയെങ്കിലും, 75 റൺസുമായി പുറത്താകാതെ നിന്ന ടെസ്റ്റിന്റെ ആദ്യ ദിനം രാത്രി ഉത്കണ്ഠ കാരണം ഉറങ്ങാനായില്ലെന്ന് ശ്രേയസ് അയ്യർ. രണ്ടാം ദിനം 75 റൺസുമായി ബാറ്റിങ് പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത, ഉറക്കം നഷ്ടമാക്കിയെന്നാണ് അയ്യരുടെ വെളിപ്പെടുത്തൽ. ഉത്കണ്ഠ മൂലം ടെസ്റ്റിന്റെ രണ്ടാം ദിനം രാവിലെ പതിവിലും നേരത്തെ ഉണർന്നതായും അയ്യർ വെളിപ്പെടുത്തി. രണ്ടാം ദിനത്തിലെ കളി അവസാനിപ്പിച്ചശേഷം സംസാരിക്കുമ്പോഴാണ് അയ്യർ ഉറക്കം നഷ്ടമായതിനെക്കുറിച്ച് തുറന്നുപറഞ്ഞത്.

കാൻപുരിൽ നടക്കുന്ന ഒന്നാം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യർ, 105 റൺസെടുത്ത് ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. മത്സരത്തിലാകെ 171 പന്തുകൾ നേരിട്ട അയ്യർ 13 ഫോറും രണ്ടു സിക്സും സഹിതമാണ് 105 റൺസെടുത്തത്. അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് അയ്യർ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

‘ആദ്യ ദിനം മുതൽ എല്ലാം നല്ല രീതിയിൽ നടന്നതിൽ അതിയായ സന്തോഷം. കഴിഞ്ഞ രാത്രി ശരിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല. പിറ്റേ ദിവസവും ബാറ്റു ചെയ്യേണ്ടി വരുമ്പോൾ അത് സംഭവിക്കും. ഇന്നലെ ഞാൻ മികച്ച രീതിയിൽത്തന്നെ ബാറ്റു ചെയ്തു. ഇന്നും അതേ ശ്രദ്ധയോടെ കളിക്കേണ്ടിവന്നു’ – അയ്യർ പറഞ്ഞു.

‘കഴിഞ്ഞ രാത്രി എനിക്ക് ശരിക്കും ഉറക്കം നഷ്ടപ്പെട്ടു. ഇന്നു പുലർച്ചെ അഞ്ച് മണിക്കുതന്നെ എഴുന്നേൽക്കുകയും ചെയ്തു. പക്ഷേ, സെഞ്ചുറി നേടാനായതോടെ സന്തോഷമായി’ – അയ്യർ പറഞ്ഞു.

കഴിഞ്ഞ ദിവസം ടെസ്റ്റ് ക്യാപ്പ് സമ്മാനിക്കുമ്പോൾ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ പറഞ്ഞതെന്താണെന്നും അയ്യർ വെളിപ്പെടുത്തി.

‘അന്ന് ക്യാപ്പ് കൈമാറുമ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ശരിക്കും പ്രചോദിപ്പിച്ചു. ‘ഭാവിയേക്കുറിച്ച് അധികം ആലോചിക്കാതിരിക്കുക. ആസ്വദിച്ച് കളിക്കുക’ എന്നാണ് അദ്ദേഹം പറഞ്ഞത്’ – അയ്യർ വിശദീകരിച്ചു.

English Summary: Shreyas Iyer reveals he 'couldn't get any sleep' the night before debut Test hundred

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com