ADVERTISEMENT

ധാക്ക∙ പാക്കിസ്ഥാനും ബംഗ്ലദേശും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ, പാക്കിസ്ഥാൻ പേസ് ബോളർ ഷഹീൻ ഷാ അഫ്രീദിയെ പരസ്യമായി പരിഹസിച്ച് ബംഗ്ലദേശ് ആരാധകർ. മത്സരത്തിനിടെ ഷഹീൻ അഫ്രീദി ബൗണ്ടറിക്കരികെ ഫീൽഡ് ചെയ്യുമ്പോഴാണ് താരത്തെ പരിഹസിച്ച് ബംഗ്ലദേശ് ആരാധകർ രംഗത്തെത്തിയത്. ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ അഫ്രീദിക്കെതിരെ തകർത്തടിച്ച് ഓസ്ട്രേലിയയ്ക്ക് വിജയവും ഫൈനൽ ബർത്തും സമ്മാനിച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്യു വെയ്ഡിന്റെ പേരു പറഞ്ഞായിരുന്നു അഫ്രീദിക്കെതിരായ പരിഹാസം.

ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിൽ തകർപ്പൻ ബോളിങ് പ്രകടനവുമായി കരുത്തുകാട്ടിയ അഫ്രീദി, പാക്കിസ്ഥാന്റെ സെമി പ്രവേശനത്തിൽ നിർണായക സംഭാവനകളാണ് നൽകിയത്. ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ ആദ്യ ലോകകപ്പ് വിജയം കുറിച്ചതിലുൾപ്പെടെ അഫ്രീദിയുടെ സംഭാവനകൾ നിർണായകമായിരുന്നു.

ഇതിനു പിന്നാലെയാണ് ഓസ്ട്രേലിയയ്‌ക്കെതിരായ സെമി പോരാട്ടത്തിൽ ഷഹീൻ അഫ്രീദി ദുരന്ത നായകനായി മാറിയത്. ആവേശകരമായ അന്ത്യത്തിലേക്കു നീങ്ങിയ മത്സരത്തിൽ, ഷഹീൻ അഫ്രീദിയുടെ 19–ാം ഓവറാണ് നിർണായകമായത്. ഈ ഓവറിലെ അവസാന മൂന്നു പന്തിൽ സിക്സർ കണ്ടെത്തി ഓസീസ് താരം മാത്യു വെയ്ഡ് ഓസീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

ഷഹീൻ അഫ്രീദിക്കെതിരായ മാത്യു വെയ്ഡിന്റെ ഈ കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ബംഗ്ലദേശ് കാണികൾ ഓസീസ് താരത്തിന്റെ പേരു വിളിച്ചുപറഞ്ഞ് അഫ്രീദിയെ പരിഹസിച്ചത്. ബൗണ്ടറിക്കരികെ ഫീൽഡ് ചെയ്യുന്ന താരത്തെ ഉന്നമിട്ട് ‘ഷഹീൻ അഫ്രീദി... മാത്യു വെയ്ഡ്’ എന്ന് ബംഗ്ലദേശ് കാണികൾ ഉച്ചത്തിൽ വിളിച്ചു പറയുന്നതിന്റെ വിഡിയോ പുറത്തുവന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

English Summary: Fans Distract Shaheen Afridi With 'Matthew Wade' Chants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com