ADVERTISEMENT

ന്യൂഡൽഹി∙ സഞ്ജു സാംസണെ ആദ്യ താരമായി രാജസ്ഥാൻ റോയൽസ് നിലനിർത്തിയതോടെ വരും സീസണിലും ടീമിനെ സഞ്ജു തന്നെ നയിക്കുമെന്നുറപ്പായി. 14 കോടി രൂപയാണ് സഞ്ജുവിനെ നിലനിർത്തുന്നതിനു രാജസ്ഥാൻ ചെലവാക്കിയത്. ഇംഗ്ലിഷ് ബാറ്റ്സ്മാൻ ജോസ് ബട്‍ലർ, യുവ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‍സ്വാൾ എന്നിവരെയും രാജസ്ഥാൻ ടീമിൽ നിലനിർത്തി. ഐപിഎൽ കിരീടം ലക്ഷ്യമിട്ട് പരിചയ സമ്പത്തുള്ള താരങ്ങളും പുതുമുഖങ്ങളും ഉൾപ്പെട്ട കരുത്തരായ ടീമിനെ ഉണ്ടാക്കിയെടുക്കുകയാണു ലക്ഷ്യമെന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ പ്രതികരിച്ചു. ടീ‌ം നിലനിർത്തുന്ന താരങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടതിനു പിന്നാലെയാണു സഞ്ജുവിന്റെ പ്രതികരണം.

 

രാജസ്ഥാൻ റോയൽസിനൊപ്പം കളിച്ചു തുടങ്ങിയ ഞാൻ ഇപ്പോൾ രാജസ്ഥാൻ ടീമിനെ നയിക്കുന്നു. അതു വലിയൊരു ആദരവാണെന്നും സഞ്ജു പ്രതികരിച്ചു. ഐപിഎല്ലിൽ 121 മത്സരങ്ങളില്‍നിന്ന് 3,068 റൺസ് സഞ്ജു നേടിയിട്ടുണ്ട്. 2013ൽ രാജസ്ഥാൻ റോയൽസിനു വേണ്ടി അരങ്ങേറിയ സഞ്ജു ഏഴു സീസണുകളായി ടീമിനൊപ്പമുണ്ട്. നാലു താരങ്ങളെയാണു ടീം നിലനിർത്താൻ ഉദ്ദേശിച്ചിരുന്നതെന്ന് രാജസ്ഥാൻ റോയൽസ് ഡ‍യറക്ടർ ഓഫ് ക്രിക്കറ്റ് കുമാർ സംഗക്കാര പ്രതികരിച്ചു. പേസ് ബോളർ ജോഫ്ര ആര്‍ച്ചറിനെയും ടീമിൽ നിർത്താൻ ഉദ്ദേശിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പരുക്കിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണു നിലനിർത്തുന്ന താരങ്ങളുടെ എണ്ണം മൂന്നായതെന്ന് സംഗക്കാര പ്രതികരിച്ചു.

 

മികച്ച നേതൃത്വത്തെ നിലനിർത്തിയ ശേഷം ലേലത്തിൽ കരുത്തു തെളിയിക്കാനാണ് രാജസ്ഥാൻ ഉദ്ദേശിക്കുന്നത്. രാജസ്ഥാൻ നിലനിർത്തിയ മൂന്നു താരങ്ങളും ടീമിന്റെ നട്ടെല്ലായി മാറേണ്ടവരാണ്. ഇവരുടെ മികച്ച പ്രകടനമാണു ടീമിനെ മുന്നോട്ടു നയിക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. 10 കോടി രൂപയ്ക്കാണ് ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലൊരാളായ ജോസ് ബ‍ട്‍ലറെ രാജസ്ഥാൻ നിലനിർത്തിയത്. 65 ഐപിഎൽ മത്സരങ്ങളിൽനിന്ന് 1,968 റൺസാണ് ആകെ നേടിയിട്ടുള്ളത്. 31 വയസ്സുകാരനായ ബട്‌ലർ കഴിഞ്ഞ സീസണുകളിൽ രാജസ്ഥാൻ റോയൽസിലെ നിർണായക സാന്നിധ്യമായിരുന്നു.

 

19 വയസ്സുകാരനായ യശസ്വി ജയ്‍‍സ്വാൾ മെഗാ ലേലത്തിന് മുൻപ് തന്നെ ഒരു ടീം നിലനിർത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ്. നിലവിലെ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണാണ് ഇക്കാര്യത്തിൽ യശസ്വിക്കു മുന്‍പിലുള്ളത്. 2014ൽ സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തുമ്പോൾ 19 വയസ്സും രണ്ട് മാസവുമായിരുന്നു താരത്തിന്റെ പ്രായം. 2020 ലേലത്തിൽ 2.4 കോടിക്കാണ് യശസ്വിയെ രാജസ്ഥാൻ ടീമിലെത്തിച്ചത്. 2021 ഐപിഎല്ലിൽ 10 മത്സരങ്ങളിൽനിന്ന് 249 റൺസെടുത്തു. നാല് കോടി രൂപയ്ക്കാണ് യശസ്വിയെ ടീം നിലനിർത്തിയത്.

 

English Summary: IPL 2022: Sanju Samson reveals Rajasthan Royals wanted to ‘strengthen roots’ after retention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com