ADVERTISEMENT

ചെന്നൈ∙ പ്രതിഫലത്തിന്റെ കാര്യത്തിൽ പിടിവാശികളൊന്നും കൂടാതെ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ചെന്നൈ സൂപ്പർ കിങ്സിൽ തുടരാനുള്ള സന്നദ്ധത അറിയിച്ച മോയിൻ അലിയെ പുകഴ്ത്തി ടീമിന്റെ സിഇഒ കാശി വിശ്വനാഥൻ. ഐപിഎലിൽ മറ്റേതെങ്കിലും ടീമിനായി കളിക്കുന്ന കാര്യം ചിന്തകളിൽ പോലുമില്ലെന്ന് അദ്ദേഹം ആദ്യം തന്നെ അറിയിച്ചിരുന്നതായി കാശി വിശ്വനാഥൻ വെളിപ്പെടുത്തി. ഐപിഎൽ 15–ാം സീസണിന്റെ മെഗാ താരലേലത്തിനു മുന്നോടിയായി നിലനിർത്തുന്ന താരങ്ങളുടെ പട്ടിക എല്ലാ ടീമുകളും പുറത്തുവിട്ടിരുന്നു. ഇതുപ്രകാരം ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയ നാലു താരങ്ങളിൽ ഒരാളാണ് ഇംഗ്ലിഷ് ഓൾറൗണ്ടർ മോയിൻ അലി.

രവീന്ദ്ര ജഡേജ, മഹേന്ദ്രസിങ് ധോണി എന്നിവർക്കു പിന്നിൽ മൂന്നാമനായാണ് ചെന്നൈ മോയിൻ അലിയെ ടീമിൽ നിലനിർത്തിയത്. ഋതുരാജ് ഗെയ്ക്‌വാദാണ് നിലനിർത്തിയ താരങ്ങളിൽ നാലാമൻ. ജഡേജയെ 16 കോടി, ധോണിയെ 12 കോടി, മോയിൻ അലിയെ 8 കോടി, ഗെയ്ക്‌വാദിനെ 6 കോടി എന്നിങ്ങനെ വില നൽകിയാണ് ചെന്നൈ നിലനിർത്തിയത്.

കഴിഞ്ഞ സീസണിൽ ഏഴു കോടി രൂപയ്ക്കാണ് മോയിൻ അലിയെ ചെന്നൈ സ്വന്തമാക്കിയത്. ആ സീസണിൽ മികച്ച ഫോമിലായിരുന്ന മോയിൻ അലി, ചെന്നൈയുടെ കിരീടവിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. 15 മത്സരങ്ങളിൽനിന്ന് 357 റൺസും ആറു വിക്കറ്റകളുമാണ് മോയിൻ അലി നേടിയത്.

‘ടീമിൽ നിലനിർത്തുന്നതിനെക്കുറിച്ച് ആദ്യമായി മോയിൻ അലിയോട് സംസാരിക്കുമ്പോൾ, അദ്ദേഹം വളരെ ആവേശത്തിലായിരുന്നു. മറ്റേതെങ്കിലും ടീമിനായി കളിക്കുന്ന കാര്യം ആലോചിച്ചിട്ടു പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലനിർത്തുന്ന താരങ്ങളുടെ പട്ടികയിൽ ഒന്നാമനോ രണ്ടാനോ മൂന്നാമനോ നാലാമനോ ആയാലും പ്രശ്നമില്ല, ടീമിൽ ഞാനുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഋതുരാജ് ഗെയ്ക്‌വാദിന്റെ കാര്യവും അങ്ങനെ തന്നെ’ – കാശി വിശ്വനാഥൻ വെളിപ്പെടുത്തി.

‘അടുത്ത സീസൺ ഇന്ത്യയിൽ നടക്കുന്നതിനാൽ അദ്ദേഹം ടീമിന് മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ ഞങ്ങൾക്കാർക്കും സംശയമുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം മാത്രമാണ് അദ്ദേഹത്തെ ഞങ്ങൾക്കു ലഭിച്ചത്. വൈകിയാണെങ്കിലും ടീമിൽ വന്ന് ധോണിയുടെ കീഴിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിച്ചതിൽ വളരെ സന്തോഷം’ – കാശി പറഞ്ഞു.
English Summary: When Moeen Ali agreed to CSK retention for IPL 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com