മായില്ല, ഓർമകൾ: മുംബൈ ഇന്ത്യൻസിനോട് യാത്ര പറഞ്ഞ് പാണ്ഡ്യയുടെ കുറിപ്പ്

hardik-pandya
ഹാർദിക് പാണ്ഡ്യ (ട്വിറ്റർ ചിത്രം)
SHARE

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിനു മുന്നോടിയായി മുംബൈ ഇന്ത്യൻസ് ടീമിനോടു യാത്ര പറഞ്ഞ് ഹാർദിക് പാണ്ഡ്യയുടെ വികാരനിർഭരമായ കുറിപ്പ്. ടീം നിലനിർത്തിയ താരങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് വ്യക്തമായതിനു പിന്നാലെയാണ് ടീമിനോട് യാത്ര പറഞ്ഞ് പാണ്ഡ്യ സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചത്. മുംബൈ ഇന്ത്യൻസിന് ഒപ്പമുള്ള ഓർമകൾ എക്കാലവും തന്റെ ഹൃദയത്തിലുണ്ടാകുമെന്ന് ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ പാണ്ഡ്യ കുറിച്ചു.

ഇത്തവണ ഐപിഎൽ മെഗാലേലത്തിനു മുന്നോടിയായി ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, കയ്റൻ പൊള്ളാർഡ് എന്നിവരെ നിലനിർത്താനാണ് മുംബൈ ഇന്ത്യൻസ് തീരുമാനിച്ചത്. ഇതോടെ, ഹാർദിക് പാണ്ഡ്യ, സഹോദരൻ ക്രുണാൽ പാണ്ഡ്യ, ഇഷാൻ കിഷൻ തുടങ്ങി വർഷങ്ങളായി മുംബൈയ്ക്കു കളിക്കുന്ന താരങ്ങൾക്ക് ടീമിൽ ഇടം നഷ്ടമായിരുന്നു.

ഇവരെ താരലേലത്തിലൂടെ തിരികെ ടീമിൽ എത്തിക്കാൻ അവസരമുണ്ടെങ്കിലും, ഇനി മുംബൈയ്ക്കൊപ്പമുണ്ടാകില്ലെന്ന് സൂചന നൽകുന്നതാണ് പാണ്ഡ്യയുടെ കുറിപ്പ്.

‘ മുംബൈ ഇന്ത്യൻസിന് ഒപ്പമുള്ള എന്റെ യാത്ര...’

‘ഈ ഓർമകൾ എക്കാലവും എന്നോടൊപ്പമുണ്ടാകും, ഈ ഓർമകൾ എന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കും. ഇവിടെ ഞാനുണ്ടാക്കിയ സൗഹൃദങ്ങൾ, രൂപപ്പെടുത്തിയ ബന്ധങ്ങൾ, മുംബൈ ഇന്ത്യൻസിലെ ആളുകൾ, ആരാധകർ... എല്ലാവരോടും ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു. ഈ ടീമിനൊപ്പം ഒരു കളിക്കാരനെന്ന നിലയിൽ മാത്രമല്ല, വ്യക്തിയെന്ന നിലയിലും എനിക്ക് ഒരുപാട് വളരാൻ സാധിച്ചു. വലിയ സ്വപ്നങ്ങളുമായാണ് വർഷങ്ങൾക്കു മുൻപ് ഞാൻ ഇവിടെയെത്തിയത്. നമ്മൾ ഒരുമിച്ചു കളിച്ചു, ഒരുമിച്ചു ജയിച്ചു, ഒരുമിച്ചു തോറ്റു, ഒരുമിച്ചു പൊരുതി. ഈ ടീമിനൊപ്പമുള്ള ഓരോ നിമിഷത്തിനും എന്റെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട്. എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടാകുമല്ലോ. മുംബൈ ഇന്ത്യൻസ് എക്കാലവും എന്റെ ഹൃദയത്തിലുണ്ടാകും’ – പാണ്ഡ്യ കുറിച്ചു.

2015ലെ ഐപിഎൽ താരലേലത്തിലാണ് ഹാർദിക് പാണ്ഡ്യ ആദ്യമായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാകുന്നത്. അന്ന് 10 ലക്ഷം രൂപയ്ക്കാണ് മുംബൈ പാണ്ഡ്യയെ ടീമിലെത്തിച്ചത്. ടീമിനൊപ്പമുണ്ടായിരുന്ന ഏഴു സീസണുകളിൽ, നാലു തവണ കിരീടം ചൂടാൻ പാണ്ഡ്യയ്ക്കായി. ഇതിൽ 2019, 2020 വർഷങ്ങളിൽ തുടർച്ചയായി നേടിയ കിരീടങ്ങളും ഉൾപ്പെടുന്നു.

English Summary: Hardik Pandya Reacts To Being Released By Mumbai Indians

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS