ADVERTISEMENT

മുംബൈ∙ മുംബൈയിൽ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ – ന്യൂസീലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുശേഷം, ഇരു ടീമുകളിലെയും താരങ്ങളിൽ ചിലർ ചേർന്ന് ‘പിൻതിരിഞ്ഞ്’ നിന്നെടുത്ത ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇന്ത്യൻ താരങ്ങളായ അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ, ന്യൂസീലൻഡ് താരങ്ങളായ രചിൻ രവീന്ദ്ര, അജാസ് പട്ടേൽ എന്നിവർ ചേർന്നെടുത്ത ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനാണ് ചിത്രം പകർത്തിയിരിക്കുന്നത്. ഐസിസി ഉൾപ്പെടെ ഈ ചിത്രം ട്വീറ്റ് ചെയ്തു.

സാധാരണ ഗതിയിൽ മുന്നിൽനിന്നാണ് ചിത്രമെടുക്കുന്നതെങ്കിൽ ഇത്തവണ ഇവരുടെ പിന്നിൽനിന്നെടുത്ത ചിത്രമാണ് കൗതുകമുണർത്തിയത്. നാൽവർ സംഘം അവരുടെ പേരെഴുതിയ ജഴ്സിയണിഞ്ഞെടുത്ത ചിത്രമാണിത്. ജഴ്സിയണിഞ്ഞെടുത്ത ഈ ചിത്രത്തിന് എന്താണ് പ്രത്യേകതയെന്നല്ലേ? നാലു താരങ്ങളും സ്വന്തം പേരുവച്ച ജഴ്സിയിട്ടെടുത്ത ചിത്രമാണെങ്കിലും, അതിൽ രണ്ട് താരങ്ങളുടെ പേരു മാത്രമേയുള്ളൂ! ഇന്ത്യൻ താരങ്ങളായ അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരുടെ പേരുകൾ മാത്രം..

ചിത്രത്തിൽ ആദ്യം നിൽക്കുന്ന അക്ഷർ പട്ടേൽ, ‘അക്ഷർ’ എന്നെഴുതിയ ജഴ്സിയണിഞ്ഞാണ് ചിത്രത്തിന് പോസ് ചെയ്യുന്നത്. രണ്ടാമതു നിൽക്കുന്ന അജാസ് പട്ടേൽ, ‘പട്ടേൽ’ എന്ന പേരെഴുതിയ ‍ജഴ്സിയാണ് അണിഞ്ഞിരിക്കുന്നത്. മൂന്നാമത് നിൽക്കുന്ന രചിൻ രവീന്ദ്ര, ‘രവീന്ദ്ര’ എന്ന പേരും നാലാമൻ രവീന്ദ്ര ജഡേജ, ‘ജഡേജ’ എന്ന പേരുമാണ് ജഴ്സിയിൽ എഴുതിയിരിക്കുന്നത്. ഇതോടെ ക്രമത്തിൽ നോക്കുമ്പോൾ കാണുന്നത് ‘അക്ഷർ പട്ടേൽ’, ‘രവീന്ദ്ര ജഡേജ’ എന്നീ പേരുകൾ. അശ്വിൻ പകർത്തിയ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ന്യൂസീലൻഡിനായിട്ടാണ് കളിക്കുന്നതെങ്കിലും അജാസ് പട്ടേലും രചിൻ രവീന്ദ്രയും ഇന്ത്യൻ വംശജരാണ്. ഇതിൽ അജാസ് പട്ടേൽ, മുംബൈ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 10 വിക്കറ്റും സ്വന്തമാക്കി ചരിത്രമെഴുതിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ് എന്നിവരുടെ പേരുകൾ സമന്വയിപ്പിച്ചാണ് രചിൻ രവീന്ദ്രയുടെ പേരിന്റെ പിറവി. 

English Summary: Axar Patel, Ajaz Patel, Rachin Ravindra, Ravindra Jadeja Viral Photo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com