ADVERTISEMENT

മുംബൈ∙ സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ 14–ാം ടെസ്റ്റ് പരമ്പര ജയം നേടിയതിന്റെ ത്രില്ലിലാണ് ടീം ഇന്ത്യ. പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ കിരീടം ചൂടിയ ന്യൂസീലൻഡിനെ തോൽപ്പിക്കാനായത് അത്ര നിസാര കാര്യവുമല്ല. വിജയത്തിനിടയിലും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് മുന്നിലുളളത് വലിയ തലവേദനയാണ്. ഈ മാസം തന്നെ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ആരെയൊക്കെ ഉൾപ്പെടുത്തുമെന്നതാണ് പ്രധാന തലവേദന.

രോഹിത് ശര്‍മ, ഋഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങി സീനിയര്‍ താരങ്ങളില്ലാതെയാണ് ഇന്ത്യ സ്വന്തം മണ്ണില്‍ വമ്പന്‍ ജയം നേടിയത്. ഇവർക്കെല്ലാം കൂട്ടത്തോടെ വിശ്രമം അനുവദിച്ച സാഹചര്യത്തിൽ ലഭിച്ച അവസരം മയാങ്ക് അഗര്‍വാളും ശ്രേയസ് അയ്യരും അക്ഷർ പട്ടേലും ജയന്ത് യാദവും നന്നായി മുതലാക്കി. കിവീസിനെതിരെ പുറത്തെടുത്ത പ്രകടനത്തിന് ജൂനിയര്‍ താരങ്ങള്‍ ക്യാപ്റ്റന്റെ പ്രശംസയും ഏറ്റുവാങ്ങി.

ഇതോടെ വെട്ടിലായത് സിലക്ടര്‍മാരും കോച്ചുമാണ്. എല്ലാവരും ഫോമിലേക്കുയര്‍ന്നതോടെ ആരെ തള്ളണം, ആരെ കൊള്ളണം എന്ന് അറിയാത്ത അവസ്ഥ. ടീം സിലക്ഷന്റെ കാര്യത്തിൽ ഒട്ടേറെ താരങ്ങൾ മുന്നിലുള്ളതിനാൽ ഇതൊരു നല്ല തലവേദനയാണെന്നാണ് കോലിയും കോച്ച് രാഹുൽ ദ്രാവിഡും പറഞ്ഞത്. ടീം സിലക്ഷനിൽ സിലക്ടർമാർക്ക് മികച്ച ഉത്തരം നല്‍കാനാകുമെന്നും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് ഏതൊക്കെ മേഖലകളിലാണ് മാറ്റം വേണ്ടതെന്ന് തിരിച്ചറിയാന്‍ കൂടിയുള്ള അവസരമായിരുന്നു ഈ പരമ്പരയെന്നും കോലി തുറന്നുപറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റ് മികവ് പുലര്‍ത്തണമെങ്കില്‍ അതിനോട് തീവ്രമായ താല്‍പര്യമുണ്ടാകണം. ടീമിലെ യുവതാരങ്ങള്‍ക്ക് അതുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് സുരക്ഷിതമായ കരങ്ങളിലാണെന്ന് കോലി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്‍പ് ടീം ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം വൈസ് ക്യാപ്റ്റൻ അജിന്‍ക്യ രഹാനെയുടെ മോശം ഫോമാണ്. കഴിഞ്ഞ ആറ് ടെസ്റ്റ് ഇന്നിങ്സുകളിലായി രഹാനെ ഒരു അര്‍ധസെഞ്ചുറി പോലും നേടിയിട്ടില്ല. കളത്തിനു പുറത്ത് നടക്കുന്ന വിമര്‍ശനങ്ങളുടെ പേരില്‍ ആരേയും തള്ളിപ്പറയില്ലെന്ന് വിരാട് കോലി പറഞ്ഞുകഴിഞ്ഞു.

ആരുടേയും ഫോമിനെക്കുറിച്ച് നമുക്ക് വിധി പറയാനാകില്ല. അവര്‍ ഏത് അവസ്ഥയിലൂടെയാണ്  കടന്നുപോകുന്നതെന്നും നമുക്കറിയില്ല. അവരെ പിന്തുണയ്ക്കുകയാണ് വേണ്ടത്, അതിമനോഹരമായ ഇന്നിങ്സുകള്‍ നമുക്ക് സമ്മാനിച്ച അവര്‍ പിന്തുണ അര്‍ഹിക്കുന്നുണ്ടെന്നും കോലി ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

English Summary: Selection headaches for Team India ahead of South Africa tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com