ADVERTISEMENT

ദുബായ്∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ടെസ്റ്റ് റാങ്കിങ്ങിലും നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിനും മയാങ്ക് അഗർവാളും. കിവീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഉജ്വല ബോളിങ് പ്രകടനത്തിലൂടെ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ട അശ്വിൻ, റാങ്കിങ്ങിലും വൻ കുതിപ്പു നടത്തി ബോളർമാരുടെയും ഓൾറൗണ്ടർമാരുടെയും പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യ ജയിച്ച മുംബൈ ക്രിക്കറ്റ് ടെസ്റ്റിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ ഓപ്പണർ മയാങ്ക് അഗർവാൾ ബാറ്റർമാരുടെ റാങ്കിങ്ങിൽ 11–ാം സ്ഥാനത്തേക്കും കുതിച്ചുകയറി.

ബോളർമാരുടെ റാങ്കിങ്ങിൽ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനു മാത്രം പിന്നിലാണ് അശ്വിൻ. മാത്രമല്ല, പരമ്പരയിലെ ഉജ്വല പ്രകടനത്തോടെ കമ്മിൻസുമായുള്ള പോയിന്റ് വ്യത്യാസം ഗണ്യമായി കുറയുകയും ചെയ്തു. മുംബൈ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും അശ്വിൻ നാലു വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. 43 റേറ്റിങ് പോയിന്റുകൾ സ്വന്തമാക്കിയ അശ്വിൻ, ആകെ 883 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ജോഷ് ഹെയ്സൽവുഡിനേക്കാൾ 67 പോയിന്റ് മുന്നിലാണ്. ഓള്‍റൗണ്ടർമാരുടെ പട്ടികയിലും ഒരു സ്ഥാനം മുന്നോട്ടുകയറിയ അശ്വിൻ വെസ്റ്റിൻഡീസിന്റെ ജെയ്സൻ ഹോൾഡറിനു പിന്നിൽ രണ്ടാമതെത്തി.

മുംബൈ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 150 റൺസും രണ്ടാം ഇന്നിങ്സിൽ 62 റൺസുമെടുത്ത പ്രകടനം അഗർവാളിന് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിക്കൊടുത്തിരുന്നു. ഇതിനു പിന്നാലെയാണ് താരം ബാറ്റർമാരുടെ റാങ്കിങ്ങിൽ വൻ കുതിച്ചുകയറ്റം നടത്തിയത്. 30 സ്ഥാനങ്ങൾ ഒറ്റയയടിക്കു മുന്നേറിയാണ് അഗർവാൾ 11–ാം സ്ഥാനത്തെത്തിയത്. 2019 നവംബറിൽ 10–ാം റാങ്കിലെത്തിയതാണ് അഗർവാളിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

ജിം ലേക്കർ, അനിൽ കുംബ്ലെ എന്നിവർക്കുശേഷം രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേടി ‘പെർഫെക്ട് ടെൻ’ സ്വന്തമാക്കിയ ഇന്ത്യൻ വംശജനായ ന്യൂസീലൻഡ് സ്പിന്നർ അജാസ് പട്ടേലാണ് റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. മുംബൈ ടെസ്റ്റിലാകെ 14 വിക്കറ്റുകൾ വീഴ്ത്തിയ പട്ടേൽ, 23 സ്ഥാനങ്ങൾ മുന്നേറി ബോളർമാരുടെ റാങ്കിങ്ങിൽ 38–ാം സ്ഥാനത്തെത്തി. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുമ്പോൾ 62–ാം സ്ഥാനത്തായിരുന്ന പട്ടേൽ, മുംബൈ ടെസ്റ്റിനു മുൻപേ 53–ാം സ്ഥാനത്തേക്കു മുന്നേറിയിരുന്നു.

ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ (21 സ്ഥാനങ്ങൾ കയറി 45–ാം റാങ്കിൽ), മുഹമ്മദ് സിറാജ് (നാലു സ്ഥാനങ്ങൾ കയറി 41–ാം റാങ്കിൽ), ന്യൂസീലൻഡ് താരം ഡാരിൽ മിച്ചൽ (26 സ്ഥാനം കയറി 78–ാം റാങ്കിൽ) എന്നിവരാണ് നേട്ടമുണ്ടാക്കിയ മറ്റു താരങ്ങൾ.

English Summary: ICC Test rankings: Ravichandran Ashwin rises to No. 2, Mayank Agarwal jumps 30 places to 11th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com