ADVERTISEMENT

കൊൽക്കത്ത∙ ആദ്യം സീനിയർ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡിനെ എത്തിച്ചു. പിന്നാലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) തലപ്പത്ത് ദ്രാവിഡിന്റെ പിൻഗാമിയായി വി.വി.എസ്. ലക്ഷ്മണിനെ കൊണ്ടുവന്നു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അടുത്ത ലക്ഷ്യം സാക്ഷാൽ സച്ചിൻ തെൻഡുൽക്കറാണോ? സൂചനകൾ വിശ്വസിക്കാമെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ സുപ്രധാനമായ സ്ഥാനത്ത് അധികം വൈകാതെ സച്ചിൻ തെൻഡുൽക്കറിനെയും പ്രതീക്ഷിക്കാം!

ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് തനിക്കൊപ്പമുണ്ടായിരുന്ന അതികായരെ ക്രിക്കറ്റ് ഭരണത്തിന്റെ തലപ്പത്തും ഒപ്പം നിർത്താനുള്ള പരിപാടിയിലാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സച്ചിനെക്കൂടി ഇന്ത്യൻ ക്രിക്കറ്റിൽ സജീവമാക്കാുള്ള പദ്ധതിയേക്കുറിച്ച് സൂചിപ്പിച്ചതും ഗാംഗുലി തന്നെ. മാധ്യമപ്രവർത്തകൻ ബോറിയ മജുംദാറുമായി സംസാരിക്കുമ്പോഴാണ് സച്ചിനെക്കൂടി ഇന്ത്യൻ ക്രിക്കറ്റിൽ സജീവമായി സഹകരിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് ഗാംഗുലി മനസ്സു തുറന്നത്.

എന്താണ് സച്ചിന്റെ റോളെന്നോ, സച്ചിൻ അതിനു വഴങ്ങുമോ എന്നതൊന്നും വ്യക്തമല്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട‌് പ്രവർത്തിക്കാൻ സച്ചിൻ സമ്മതം മൂളുന്നതിലും വലിയ വാർത്തയുണ്ടോ എന്നാണ് ഗാംഗുലിയുടെ ചോദ്യം. പക്ഷേ, സച്ചിനെ കൊണ്ടുവരുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും ഗാംഗുലി പങ്കുവച്ചു.

‘‘തീർച്ചയായും അൽപം കൂടി വ്യത്യസ്തനാണ് സച്ചിൻ. ഇതിലൊന്നും ഇടപെടാൻ സച്ചിന് വലിയ താൽപര്യമില്ല. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റിൽ ഏതെങ്കിലും വിധത്തിൽ സച്ചിന്റെ ‌സഹകരണം ഉറപ്പിക്കാൻ സാധിച്ചാൽ, അതിലും വലുതായി ഒന്നുമില്ലെന്ന് എനിക്കറിയാം. പക്ഷേ, ഏതു രീതിയിലാണ് സച്ചിനെ സഹകരിപ്പിക്കാൻ സാധിക്കുക എന്നത് ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്’ – ഗാംഗുലി പറഞ്ഞു.

‘ഒന്നാമത്തെ കാര്യം ആരെ പുതിയതായി ഒരു സ്ഥാനത്തു നിയമിച്ചാലും അപ്പോൾത്തന്നെ ഇരട്ടപ്പദവി വിവാദം ഉയരും. ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് എന്തു ചെയ്താലും ഇരട്ടപ്പദവി എന്ന പ്രശ്നം ഉയരും. ചിലത് നമുക്ക് മനസ്സിലാക്കാൻ പോലും സാധിക്കില്ല. അതുകൊണ്ട് ഏറ്റവും മികച്ചവരെ ഏറ്റവും നല്ല സ്ഥാനങ്ങളിൽ കൊണ്ടുവന്ന് അവരുടെ സേവനം ഉപയോഗിക്കാൻ സാധിക്കണം. അതുകൊണ്ട് ഒരു ഘട്ടത്തിൽ സച്ചിനും ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്ന് ഉറപ്പ്’ – ഗാംഗുലി പറഞ്ഞു.

English Summary: Sourav Ganguly addresses potential arrival of Sachin Tendulkar in Indian cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com