ADVERTISEMENT

ലാഹോർ∙ ഇന്ത്യൻ ഏകദിന ടീമിലെ ക്യാപ്റ്റൻസി മാറ്റത്തെച്ചൊല്ലി വിരാട് കോലിയും ബിസിസിഐയും തമ്മിലുള്ള അഭിപ്രായ ഭിന്നത വെളിവായതിനു പിന്നാലെ, വിഷയത്തിൽ പുതിയ അഭിപ്രായ പ്രകടനവുമായി മുൻ പാക്കിസ്ഥാൻ ലെഗ് സ്പിന്നർ ഡാനിഷ് കനേരിയ. ഇന്ത്യയെ നയിക്കാൻ രോഹിത് ശർമയാണ് എന്തുകൊണ്ടും യോഗ്യൻ എന്ന് അഭിപ്രായപ്പെട്ട കനേരിയ, രാഹുൽ ദ്രാവിഡിന്റെ കടന്നുവരവ് ഇന്ത്യൻ ക്രിക്കറ്റിന് ഏറെ ഗുണം ചെയ്യും എന്നും അഭിപ്രായപ്പെട്ടു.

‘രോഹിത് ശർമയുടെ കാര്യം എടുത്തു നോക്കിയാൽ, ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച അംബാസഡർമാരിൽ ഒരാളാണ് അദ്ദേഹം. അഞ്ച് ഐപിഎൽ കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. ക്യാപ്റ്റൻസിയിൽ പകരം വയ്ക്കാനില്ലാത്ത മികവിന് ഉടമയാണ് അദ്ദേഹം’– രാജ്യാന്തര മാധ്യമത്തോടു കനേരിയ പറഞ്ഞു.

‘രാഹുൽ ദ്രാവിഡുമായുള്ള വിരാട് കോലിയുടെ ബന്ധത്തിൽ അധികം വൈകാതെ വിള്ളൽ വീഴാൻ സാധ്യതയുണ്ട്. അനിൽ കുംബ്ലെയുമായും കോലിക്കു പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുംബ്ലെയും ദ്രാവിഡും ദക്ഷിണേന്ത്യയിൽനിന്ന് ഉള്ളവരാണ്. രണ്ടു പേർക്കും രാജ്യാന്തര ക്രിക്കറ്റിൽ തങ്ങളുടേതായ സ്ഥാനമുണ്ട്. ഇരുവർക്കും എതിരെ കളിച്ചിട്ടുള്ള ആളാണു ഞാൻ. അതുകൊണ്ട് അവരുടെ മികവ് എനിക്കു നന്നായിത്തന്നെ അറിയാം.

കഴിഞ്ഞ 2 വർഷങ്ങൾക്കിടെ വിരാട് കോലി ഒരു സെഞ്ചുറി പോലും നേടിയിട്ടില്ല. അതുകൊണ്ട് കളിയിൽ ശ്രദ്ധിക്കുക എന്നതാണു കോലി ചെയ്യേണ്ടത്. ഗാംഗുലിയെപ്പോലുള്ള ഇതിഹാസങ്ങൾക്കെതിരെ വാചാലനാകുന്നതു കോലിക്കു യാതൊരു ഗുണവും ചെയ്യില്ല. 

മുൻപു കുംബ്ലെയുമായാണു കോലിക്കു പ്രശ്നങ്ങൾ ഉണ്ടായിരുന്നത്. ഇപ്പോൾ ഗാംഗുലിയുമായും. ഇന്ത്യൻ ക്രിക്കറ്റിൽ നിർണായക മാറ്റങ്ങൾക്കു തുടക്കമിട്ട ആളാണു ഗാംഗുലി. കോലിയുടെ കലഹത്തിന് ഇവിടെ പ്രസക്തിയില്ല. 

ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും റൺസ് നേടാൻ വിഷമിക്കുകയാണു കോലി. ഒരു ഐസിസി ട്രോഫി പോലും നേടാൻ കോലിക്കു കഴിഞ്ഞിട്ടുമില്ല. നിലവിൽ കാര്യങ്ങൾ കോലിക്ക് എതിരാണ്. ഇന്ത്യൻ ക്രിക്കറ്റിനും കോലിക്കും ഇത് ഒട്ടും ഗുണകരമാകില്ല’– കനേരിയയുടെ വാക്കുകൾ. 

 

English Summary: Don’t Think Virat Kohli’s Relation With Dravid Will Be Good In The Long Run- Danish Kaneria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com