ADVERTISEMENT

തിരുവനന്തപുരം∙ ഇന്ത്യ– ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരകൾ രാജ്യാന്തര ക്രിക്കറ്റിന് ഓർത്തിരിക്കാനുള്ള ഒട്ടേറെ മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട്. 96 പമ്പരയിലെ അലൻ ഡോണൾഡിന്റെ ‘വെള്ളിടി’ വേഗത്തിലുള്ള പന്തുകൾ, ദേശീയ ടീമിലേക്കുള്ള സൗരവ് ഗാംഗുലിയുടെ തിരിച്ചുവരവ്, സച്ചിൻ തെൻഡുൽക്കറുടെ 50–ാം ടെസ്റ്റ് സെഞ്ചുറി.. ഇങ്ങനെ നീളുന്നു ഇന്ത്യ– ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരകൾ ആരാധകർക്കു സമ്മാനിച്ച ഓർമകൾ.

എന്നാൽ, മലയാളി ക്രിക്കറ്റ് ആരാധകരുടെ മനസ്സിലേക്ക് ആദ്യമെത്തുക ഇവയൊന്നുമാകില്ല.

2006ലെ പമ്പരയിൽ ദക്ഷിണാഫ്രിക്കൻ പേസർ ആന്ദ്രേ നെല്ലിനെ സിക്സറിനു തൂക്കിയ ശേഷം നൃത്തച്ചുവടുകളോടെ ഷോട്ട് ആഘോഷിക്കുന്ന മലയാളി പേസർ എസ്. ശ്രീശാന്തിനെ എങ്ങനെ മറക്കാനാണ്!

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മറ്റൊരു ടെസ്റ്റ് പരമ്പര പടിവാതിൽക്കൽ എത്തിനിൽക്കെ, 2006ൽ ആന്ദ്രേ നെൽ തന്നോടു പറഞ്ഞ കുത്തുവാക്കുകളെക്കുറിച്ച് ശ്രീശാന്ത് ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി.   

‘അന്നു സംഭവിച്ചത് എന്താണെന്നു ഭൂരിഭാഗം ആളുകൾക്കും അറിയില്ല. നെൽ എന്നോടു കുറേ കാര്യങ്ങൾ പറഞ്ഞു. ആദ്യ ഇന്നിങ്സിൽ എനിക്ക് 5 വിക്കറ്റ് ലഭിച്ചിരുന്നു. ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ നെൽ എനിക്കെതിരെ ഒരു സിക്സടിച്ചു. നെൽ എന്നെ ലക്ഷ്യമിടുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ബാറ്റുചെയ്യാനെത്തിയപ്പോൾ നീ എനിക്കു പോന്നവനല്ല എന്നു പറഞ്ഞു നെൽ എന്നെ മാനസികമായി തളർത്താൻ ശ്രമിച്ചു. 

നിനക്ക് ഒരു ചുണയുമില്ല, മനസ്സാന്നിധ്യവുമില്ല, എനിക്കു പോന്നവനല്ല എന്നു പറഞ്ഞ നെൽ എന്നെ ചീത്തയും വിളിച്ചു. 

പിന്നീടു ഞാൻ നെല്ലിനെ സിക്സടിച്ചപ്പോൾ എല്ലാവരും അതിനെ നൃത്തമെന്നു വിളിച്ചു. എന്നാൽ അതിൽ ചെറിയ വ്യക്തത വരുത്താൻ ‍ഞാൻ ആഗ്രഹിക്കുന്നു. അത് ഡാൻഡായിരുന്നില്ല, മറിച്ച് കുതിരയോട്ടമായിരുന്നു. 

എനിക്കു ശരിയെന്നു തോന്നിയതാണു ഞാൻ ചെയ്തത്. 2002ൽ ഇംഗ്ലണ്ടിനെതിരായ നാറ്റ്‌വെസ്റ്റ് പരമ്പര ജയിച്ചതിനു ശേഷം സൗരവ് ഗാംഗുലി ഷർട്ട് വലിച്ചൂരി ചുഴറ്റി ആഘോഷിച്ചതു പോലെ’– ശ്രീശാന്തിന്റെ വാക്കുകൾ.

2006ലെ ഇന്ത്യ– ദക്ഷിണാഫ്രിക്ക ടെസ്റ്റിന്റെ 3–ാം ദിവസമായിരുന്നു നാടകീയ സംഭവങ്ങൾ. തുടർച്ചയായ ബൗൺസറുകൾ എറിഞ്ഞ നെൽ ചൊടിപ്പിച്ചതിനു പിന്നാലെയായിരുന്നു ശ്രീശാന്തിന്റെ സിക്സറും ആഘോഷവും.  

ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത്, 2–ാം ഇന്നിങ്സിൽ 3 വിക്കറ്റ് കൂടി നേടി ഇന്ത്യൻ ജയത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ്് ജയവവും ഇതായിരുന്നു. 

 

English Summary: IND vs SA: 'You have no heart. You're not good enough' - The Andre Nel sledge that triggered wild Sreesanth celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com