ADVERTISEMENT

സെഞ്ചൂറിയൻ∙ ഓപ്പണർമാരുടെ കരുത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ ശക്തമായ നിലയിൽ. ആദ്യദിനം കളിനിർ‌ത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 272 റൺസെന്ന നിലയിലാണ് സന്ദർശകർ. ഓപ്പണർമാരായ കെ.എൽ.രാഹുലിന്റെ സെഞ്ചുറിയും (248 പന്തിൽ പുറത്താകാതെ 122), മയാങ്ക് അഗർവാളിന്റെ അർധസെഞ്ചുറിയുമാണ് ഇന്ത്യൻ ഇന്നിങ്സിനു കരുത്തായത്. മയാങ്ക് 123 പന്തിൽ 9 ഫോർ അടക്കം 60 റൺസെടുത്താണു പുറത്തായത്. ആദ്യ വിക്കറ്റിൽ 117 റൺസ് ചേർത്തിനു ശേഷമാണു സഖ്യം വേർപിരിഞ്ഞത്.

16 ഫോറുകളും ഒരു സിക്സറും സഹിതമായിരുന്നു രാഹുലിന്റെ മനോഹര ഇന്നിങ്സ്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ഓപ്പണറാണ് കെ.എൽ.രാഹുൽ. ഇതിനു മുൻപ് 2006/07ൽ വസീം ജാഫറാണ് ഈ നേട്ടം കൈവരിച്ചത്. ഏഷ്യക്കു പുറത്തു ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ഇന്ത്യൻ ഓപ്പണർമാരുടെ പട്ടികയിൽ രാഹുൽ രണ്ടാം സ്ഥാനത്തുമായി. നാല് സെഞ്ചുറി നേടിയ വീരേന്ദ്ര സേവാഗിനെയാണ് രാഹുൽ മറികടന്നത്. 15 സെഞ്ചുറികളുമായി സുനിൽ ഗവാസ്കറാണ് ഒന്നാമത്. രാഹുലിന് 5 സെഞ്ചുറിയായി.

ചേതേശ്വർ പൂജാര (പൂജ്യം), ക്യാപ്റ്റൻ വിരാട് കോലി (94 പന്തിൽ 35) എന്നിവരുടേതാണ് ഇന്ത്യയ്ക്ക് ആദ്യദിനം നഷ്ടമായ‌ മറ്റു വിക്കറ്റുകൾ. 81 പന്തിൽ 40 റൺസുമായി അജിൻക്യ രഹാനെയാണ് രാഹുലിനൊപ്പം ക്രീസിൽ. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റുപോകാതെ 83 എന്ന സ്കോറിലാണ് ഇന്ത്യ ഉച്ചഭക്ഷണത്തിനു പിരിഞ്ഞത്. ആദ്യ സെഷനിൽ മികച്ച ഫോമിൽ ബാറ്റു ചെയ്ത മയാങ്ക്– രാഹുൽ സഖ്യം ദക്ഷിണാഫ്രിക്കൻ ബോളർമാർക്ക് കാര്യമായ പഴുതുകളൊന്നും നൽകിയില്ല.

mayank50
അർധ സെഞ്ചുറി തികച്ച മയാങ്ക് കാണികളെ അഭിവാദ്യം ചെയ്യുന്നു (ചിത്രം: ബിസിസിഐ, ട്വിറ്റർ).

41–ാം ഓവറിൽ മയാങ്കിനെ ലുങ്കി എൻഗിഡി വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. പിന്നീടു നേരിട്ട ആദ്യ പന്തിൽത്തന്നെ പുജാര (0) പുറത്തായി. എൻഗിഡിക്കു തന്നെയായിരുന്നു വിക്കറ്റ്. സ്കോർബോർഡിൽ 82 റൺസുകൂടി ചേർത്തശേഷം ക്യാപ്റ്റൻ വിരാട് കോലിയെയും ഇന്ത്യയ്ക്കു നഷ്ടമായി. മൂന്നാം വിക്കറ്റും എൻഗിഡിക്കു തന്നെ സ്വന്തം.

∙ രഹാനെ ടീമിൽ

മോശം ഫോമിന്റെ പേരിൽ ഏറെ പഴി കേട്ടിരുന്ന മുൻ വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ അപ്രതീക്ഷിതമായി പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചതോടെ കിവീസ് പരമ്പരയിൽ തിളങ്ങിയ ശ്രേയസ് അയ്യരും, ഹനുമ വിഹാരിയും അന്തിമ 11 ൽ ഇടം പിടിച്ചില്ല.

ഓപ്പണർമാർക്കു പുറമേ ക്യാപ്റ്റൻ വിരാട് കോലി, ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, രഹാനെ എന്നിവരാണു ടീമിലെ ബാറ്റർമാർ. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം ഷാർദൂൽ ഠാക്കൂർ കൂടി അണിനിരക്കുന്നതാണ് ഇന്ത്യൻ പേസ് നിര. രവിചന്ദ്രൻ അശ്വിനാണു ടീമിലെ സ്പിന്നർ.

ദക്ഷിണാഫ്രിക്കൻ പ്ലേയിങ് 11: ഡീൽ എൽഗാൻ (ക്യാപ്റ്റൻ), ഏയ്ഡൻ മാർക്രം, കീഗൻ പീറ്റേഴ്സൻ, റസ്സി വാൻഡർ ദസ്സൻ, തെംബ ബവൂമ, ക്വിന്റൻ ഡി കോക്ക്, വിയാൻ മൾഡർ, മാർക്കോ യാൻസെൻ, കേശവ് മഹാരാജ്, കഗീറോ റബാദ, ലുങ്കി എൻഗിഡി.

English Summary: Ind vs SA, First test, day-1 live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com